വെളിച്ചെണ്ണ വില ഉയരങ്ങളിലേക്ക്

കോട്ടയം: ഓണക്കാലത്ത് കുറഞ്ഞ വിലക്ക് വെളിച്ചെണ്ണ ലഭ്യത ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണു സംസ്ഥാന സര്‍ക്കാര്‍.
ഇതിനായി ഇതര സംസ്ഥാനങ്ങളില്‍ നിന്നു വെളിച്ചെണ്ണ എത്തിക്കാനുള്ള ക്വട്ടേഷന്‍ സപ്‌ളൈക്കോ നല്‍കിയിരുന്നു.
എന്നാല്‍, പൊതുവിപണിയില്‍ വെളിച്ചെണ്ണ വില കുറയുന്ന ലക്ഷണമില്ല.
വിലക്കയറ്റം കൃത്രിമമായി സൃഷ്ടിക്കുന്നതാണെന്നാണ് ഉയരുന്ന ആരോപണം.
തമിഴ്നാട്ടിലെ കാങ്കയമാണ് വെളിച്ചെണ്ണ വ്യവസായങ്ങൾ കൂടുതൽ ഉള്ളത്.
കാങ്കയത്ത് വെളിച്ചെണ്ണ വില ക്വിന്റലിന് 1375 രൂപ കുറഞ്ഞപ്പോൾ കൊച്ചിയില്‍ വില 200 രൂപ മാത്രമാണു കുറഞ്ഞത്.
വാരാന്ത്യം കൊച്ചിയില്‍ വെളിച്ചെണ്ണ ക്വിന്റലിന് 38,300 രൂപയും കാങ്കയത്ത് 36,650 രൂപയുമാണു വില.
മറ്റിടങ്ങളില്‍ വെളിച്ചെണ്ണ വില കുറയുന്നതിന് അനുസരിച്ചു കേരളത്തില്‍ വില കുറയുന്നില്ലെന്നുള്ളതാണു വസ്തുത.
ഇതോടെ വെളിച്ചെണ്ണയുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുമെന്നു സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും വില മുകളിലേക്കു ഉയരുകയാണ്.
520 രൂപവരെയാണു വിപണിയിലെ വില. ബ്രാന്‍ഡിന് അനുസരിച്ചു വിലയും വര്‍ധിക്കും.
ചിങ്ങത്തിന് മുന്നേ പരമാവധി കച്ചവടങ്ങളില്‍ ഏര്‍പ്പെടാനുള്ള ശ്രമത്തിലാണ് തമിഴ്നാട്ടിലെ കാങ്കയം ആസ്ഥാനമായുള്ള കൊപ്രയാട്ട് വ്യവസായികളുടെ നീക്കം.
ഓണത്തിന് നിരക്ക് ഉയരുമെന്ന കണക്കുകൂട്ടലിലാണ് വ്യവസായികള്‍ പുതിയ കച്ചവടങ്ങള്‍ക്ക് ചരടുവലി നടത്തുന്നത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പച്ചത്തേങ്ങ ക്ഷാമം തുടരുന്നതിനാല്‍ ഉത്സവ വേളയില്‍ ഡിമാന്‍ഡ് ഉയരുമെന്ന് ഉറപ്പാണ്.
ഇതോടെ ഓണത്തിന് വിലയില്‍ കാര്യമായി കുറവ് സംഭവിക്കില്ലെന്നാണ് ഒരു വിഭാഗം വ്യാപാരികള്‍ പറയുന്നത്.