കോക്പിറ്റില്‍ രക്തം, അലര്‍ച്ചയും ബഹളവും, പരിഭ്രാന്തരായി യാത്രക്കാര്‍; സംഘര്‍ഷത്തിനിടെ തട്ടിക്കൊണ്ടുപോകല്‍ സന്ദേശം

 
copilot


ടെല്‍ അവീവ്: ദുബായില്‍നിന്ന് ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ സൗദി അറേബ്യയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്ത ഫ്‌ലൈ ദുബായ് വിമാനത്തില്‍ പൈലറ്റുമാര്‍ തമ്മില്‍ കോക്പിറ്റില്‍ തര്‍ക്കവും കൈയാങ്കളിയും നടന്നതായി റിപ്പോര്‍ട്ടുകള്‍. ഇതിനിടെ പൈലറ്റിന് കുത്തേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. കോക്പിറ്റില്‍നിന്ന് അലര്‍ച്ചയും ബഹളവും കേട്ടതായും അകത്ത് രക്തം കണ്ടതായും ഒരു യാത്രക്കാരി വെളിപ്പെടുത്തി.

യു.എ.ഇയിലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഇസ്രയേലിലെ ബെന്‍ ഗുറിയന്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ബോയിങ് 737 മാക്‌സ്-8 വിമാനത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. 

ഏകദേശം 180 ഇസ്രയേലി യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം സൗദി അറേബ്യയിലെ തബൂക്കിലുള്ള സിവിലിയന്‍-സൈനിക താവളത്തിലാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കോക്പിറ്റിനുള്ളില്‍വെച്ച് പൈലറ്റുമാര്‍ തമ്മില്‍ പെട്ടെന്ന് കടുത്ത തര്‍ക്കവും വഴക്കും ആരംഭിക്കുകയായിരുന്നു. ഇതിനിടെ പൈലറ്റുമാരില്‍ ഒരാള്‍ മടക്കുകത്തി ഉപയോഗിച്ച് സഹപൈലറ്റിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതായി 'ടൈംസ് ഓഫ് ഇസ്രായേല്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. 
യാത്രയ്ക്കിടെ കോക്പിറ്റില്‍നിന്ന് വലിയ അലര്‍ച്ചയും ബഹളവും കേട്ടിരുന്നതായി വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരി 'ചാനല്‍ 15'-നോട് വെളിപ്പെടുത്തി.

 കോക്പിറ്റിന്റെ വാതില്‍ തുറന്നപ്പോള്‍ അകത്ത് രക്തം കണ്ടതായും അവര്‍ പറഞ്ഞു. തങ്ങള്‍ ജീവനോടെ തിരിച്ചെത്തില്ലെന്നാണ് കരുതിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ബഹളംകേട്ട് ഉടന്‍തന്നെ യാത്രക്കാരും വിമാനത്തിലെ ജീവനക്കാരും വിഷയത്തില്‍ ഇടപെടുകയും ആക്രമണം നടത്തിയ ആളെ ബലമായി കീഴ്പ്പ്‌പെടുത്തി വഴക്ക് അവസാനിപ്പിക്കുകയുമായിരുന്നു. അക്രമിയെ തടയാന്‍ ചില ഇസ്രയേലി യാത്രക്കാരും ജീവനക്കാരെ സഹായിച്ചതായാണ് വിവരം.

കോക്പിറ്റില്‍ പൈലറ്റുമാര്‍ തമ്മില്‍ വഴക്കടിക്കുന്നതിനിടയിലാണ് വിമാനത്തില്‍നിന്ന് അപായ സൂചന നല്‍കുന്ന കോഡുകള്‍ പുറപ്പെടുവിച്ചത്. പ്രാദേശിക സമയം പുലര്‍ച്ചെ 1.20-ഓടെ വിമാനം 34,000 അടി ഉയരത്തില്‍നിന്ന് 16,600 അടിയോളം താഴേക്ക് കൂപ്പുകുത്തി. 

തുടര്‍ന്ന് പുലര്‍ച്ചെ 1.32-നാണ് വിമാനത്തില്‍നിന്ന് ആദ്യ അടിയന്തര സന്ദേശം എത്തിയത്. പൊതുവായ അടിയന്തര സാഹചര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന 'കോഡ് 7700' ആണ് ആദ്യം നല്‍കിയത്. വൈകാതെ വിമാനം ആരോ അനധികൃതമായി കൈയടക്കിയെന്നോ റാഞ്ചിയെന്നോ സൂചിപ്പിക്കുന്ന 'കോഡ് 7500' സന്ദേശം നല്‍കി.


പൈലറ്റുമാര്‍ തമ്മിലുള്ള കയ്യാങ്കളിക്കിടെയാണ് ഈ ഹൈജാക്ക് കോഡ് സജീവമായതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.പി. റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, പൈലറ്റുമാരില്‍ ഒരാള്‍ ആത്മഹത്യചെയ്യാനും വിമാനം ഇടിപ്പിച്ചു തകര്‍ക്കാനും ശ്രമിച്ചതാണെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍, പൈലറ്റുമാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകാനുള്ള യഥാര്‍ഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

Tags

Share this story

From Around the Web