സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയെ വിടാതെ ഇ ഡി, വീണ്ടും സമന്‍സ് അയക്കും
 

 
veena

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം വേഗത്തിലാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടികൾ കടുപ്പിക്കുന്നു. എച്ച്ഡിഎഫ്‌സി ബാങ്കിലെ ലോക്കർ പരിശോധന പൂർത്തിയായതിന് പിന്നാലെ വീണ ടി.ക്ക് വീണ്ടും സമൻസ് അയക്കാനാണ് ഇ.ഡി തീരുമാനം. ലോക്കർ പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകളോ വസ്തുക്കളോ ലഭിച്ചിട്ടില്ലെന്നാണ് സൂചന.

ഈ കേസുമായി ബന്ധപ്പെട്ട് 242 ബാങ്ക് അക്കൗണ്ടുകളിലായി ഉണ്ടായിരുന്ന 18.36 കോടി രൂപ ഇ.ഡി നേരത്തെ മരവിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ, ഈ തുക കണ്ടുകെട്ടുന്നതിനുള്ള നടപടികളിലേക്ക് ഏജൻസി കടന്നിരിക്കുകയാണ്. ഇന്നലെ തിരുവനന്തപുരം എം.ജി റോഡിലെ എച്ച്ഡിഎഫ്‌സി ബാങ്കിൽ ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.

ഈ മാസം 17-ന് കൊച്ചിയിലെ ഇ.ഡി ഓഫീസിൽ വെച്ച് വീണയെ ഒമ്പത് മണിക്കൂറോളം ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു. സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയ പണത്തിന്റെ വിനിയോഗം, നൽകിയ സേവനങ്ങൾ തുടങ്ങിയ കാര്യങ്ങളിലായിരുന്നു പ്രധാന ചോദ്യം ചെയ്യൽ. സിഎംആർഎൽ എം.ഡി ശരൺ എസ്. കർത്ത, ജയ എസ്. കർത്ത, ഷിബി എസ്. കർത്ത എന്നിവരെയും ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. എംപവർ ഇന്ത്യ കാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറായ ജയ എസ്. കർത്ത വീണയ്ക്ക് രണ്ട് തവണയായി അനുവദിച്ച 50 ലക്ഷം രൂപയുടെ വായ്പയെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. 

വായ്പാ തിരിച്ചടവ് മുടങ്ങിയിട്ടും വീണ്ടും വായ്പ നൽകിയതിലെ അസ്വാഭാവികതയാണ് ഇ.ഡി പരിശോധിക്കുന്നത്. സിഎംആർഎല്ലുമായി ബന്ധമുള്ളതും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടതുമായ നിപുണ ഇന്റർനാഷണൽസിന്റെ ചുമതല വഹിക്കുന്ന ഷിബി എസ്. കർത്തയെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി വരും ദിവസങ്ങളിൽ കൂടുതൽ നടപടികളിലേക്ക് അന്വേഷണ സംഘം നീങ്ങുകയാണ്.

Tags

Share this story

From Around the Web