സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട്: വീണ ടി.യെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി; പുതിയ സമൻസ് ഉടൻ
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ വീണ ടി.യെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഒരുങ്ങുന്നു. ഇതുസംബന്ധിച്ച പുതിയ സമൻസ് ഉടൻ നൽകുമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസം കൊച്ചിയിലെ ഇഡി ഓഫീസിൽ നടന്ന ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ, സിഎംആർഎല്ലിന് സേവനങ്ങൾ നൽകിയതായി തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ വീണയ്ക്ക് സാധിച്ചില്ലെന്ന് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നു. മാത്രമല്ല, മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന് ഇഡി തീരുമാനിച്ചത്.
ഐടി സേവനങ്ങൾ സംബന്ധിച്ച ചർച്ചകൾ സിഎംആർഎൽ പ്രതിനിധികളുമായി നേരിട്ടായിരുന്നുവെന്നും, അതിനാൽ രേഖകൾ സൂക്ഷിച്ചിട്ടില്ലെന്നുമാണ് വീണ മൊഴി നൽകിയത്. എക്സാലോജിക് നിലവിൽ പ്രവർത്തിക്കുന്നില്ലെന്നും, സ്ഥാപനത്തിൽ ഉപയോഗിച്ചിരുന്ന സിസ്റ്റത്തിലായിരുന്നു ചില വിശദാംശങ്ങളെന്നും ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിരുന്നു.
സിഎംആർഎല്ലിൽ നിന്ന് ലഭിച്ച 2.78 കോടി രൂപയുടെ വിനിയോഗം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ഇഡി ശ്രമിക്കുന്നത്. എസ്‌എഫ്‌ഐഒ (SFIO) കുറ്റപത്രത്തിനൊപ്പമുള്ള അനുബന്ധ രേഖകൾ ലഭിച്ച ശേഷം വീണ്ടും സമൻസ് അയക്കാനാണ് നീക്കം.
ഇഡി ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യൽ. കേസിൽ നേരത്തെ സിഎംആർഎൽ എംഡി ശശിധരൻ കർത്ത, ജയ എസ്. കർത്ത, ഷിബി എസ്. കർത്ത എന്നിവരെയും ഇഡി ചോദ്യം ചെയ്തിരുന്നു.
എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വീണയ്ക്ക് അനുവദിച്ച 50 ലക്ഷം രൂപയുടെ വായ്പയെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ആദ്യ തവണ തിരിച്ചടവ് മുടങ്ങിയിട്ടും വീണ്ടും വായ്പ അനുവദിച്ചത് സംബന്ധിച്ചും ഇഡി പരിശോധന നടത്തുന്നു.
കേസുമായി ബന്ധപ്പെട്ട് സിഎംആർഎൽ, നിപുണ ഇന്റർനാഷണൽ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. രേഖകളുടെ പരിശോധനയും തുടർ ചോദ്യം ചെയ്യലും വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കാനാണ് ഇഡിയുടെ തീരുമാനം.