സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്! സര്‍ക്കാരിന്റെ നിലപാട് സുപ്രീം കോടതി വിധിയിലൂടെ തെളിഞ്ഞു; രമേശ് ചെന്നിത്തല

 
chennithala



തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പും സര്‍ക്കാരും സ്വീകരിച്ച നിലപാടുകള്‍ ശരിയാണെന്ന് സുപ്രീം കോടതി വിധിയിലൂടെ തെളിഞ്ഞിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്ത് ലഭിച്ച ഘട്ടത്തില്‍ തന്നെ തിടുക്കം കൂട്ടാതെ കൃത്യമായ നിയമനടപടികള്‍ സ്വീകരിക്കുകയെന്ന സമീപനമാണ് അന്ന് സ്വീകരിച്ചത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത് ഇതിന്റെ ഭാഗമായിരുന്നു. എന്നാല്‍ പ്രാഥമിക അന്വേഷണം ഒഴിവാക്കി ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം നടപ്പിലാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിലെ വിജിലന്‍സ് എഫ്‌ഐആര്‍ സുപ്രീം കോടതി റദ്ദാക്കിയിട്ടില്ലെന്നതാണ് ഇന്നത്തെ വിധിയുടെ പ്രധാന വശമെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. എഫ്‌ഐആര്‍ നിലനില്‍ക്കുകയാണെന്നും അന്വേഷണം ഒരാഴ്ചത്തേക്ക് തടഞ്ഞത് പരാതിക്കാര്‍ക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ തങ്ങളുടെ വാദങ്ങള്‍ വ്യക്തമായി നിരത്താനാണെന്നും അദ്ദേഹം പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നതാണ് ഈ വിഷയത്തില്‍ തുടര്‍ന്നും നിലനില്‍ക്കുന്ന നിലപാട്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകള്‍ വീണയ്ക്കും മുന്‍ മന്ത്രി മുഹമ്മദ് റിയാസിനും സുപ്രീം കോടതിയില്‍ നിന്നും സുപ്രധാനമായ ആശ്വാസ ഉത്തരവാണ് ഉണ്ടായിരിക്കുന്നത്. ഇവര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണം സുപ്രീം കോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്തണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് കൃത്യമായി പരിഗണിക്കേണ്ടതായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. വിജിലന്‍സിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ കോടതി, പ്രതികളുടെ ഭാഗം കേള്‍ക്കാനും നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇടപെടാന്‍ വിസമ്മതിച്ച സുപ്രീം കോടതി, ഇത്രയും വേഗത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിക്കുകയും ചെയ്തു. ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് പ്രത്യേക സിറ്റിംഗ് നടത്തി ഹര്‍ജികള്‍ പരിഗണിച്ചത്.

Tags

Share this story

From Around the Web