ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനം; 500 ലധികം ആളുകള്‍ക്കായി തെരച്ചില്‍ തുടരുന്നു

ജമ്മു:ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. കാണാതായ 500 ലധികം ആളുകള്‍ക്കായി ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളുടെയും കരസേനയുടെയും നേതൃത്വത്തിലാണ് തെരച്ചില്‍. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള കിഷ്ത്വാറിലെത്തി.
ജമ്മു കാശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്‌ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 500 ല്‍ അധികം പേരെ കാണാതായിട്ടുണ്ട്.
സമുദ്രനിരപ്പില്‍ നിന്നും 9500 അടി ഉയരത്തിലുളള ചസോതി ഗ്രാമത്തിലൂടെ കടന്നു പോയ മച്ചൈല്‍ മാതാ തീര്‍ത്ഥാടനത്തിനായി എത്തിയവരാണ് കാണാതായവരില്‍ ഭൂരിഭാഗവും.
ഈ ഗ്രാമത്തില്‍ നിന്നാണ് ശ്രീകോവിലിലേക്കുള്ള അവസാന 8.5 കിലോമീറ്റര്‍ ട്രെക്കിംഗ് ആരംഭിക്കുന്നത്. ദുര്‍ഘടമായ ഭൂപ്രകൃതി നിറഞ്ഞ പ്രദേശത്ത് രക്ഷാദൗത്യം ശ്രമകരമാണ്.
ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനയുടെയും കരസേനയുടെയും നേതൃത്വത്തിലാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്. അതേസമയം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
ദുരന്തത്തില്‍ പരിക്കേറ്റവരുടെ കുടുംബാംഗങ്ങളെ നേരിട്ടുകണ്ട് സാഹചര്യങ്ങള്‍ വിലയിരുത്തുകയും ആവശ്യമായ സഹായവും വാഗ്ദാനം ചെയ്തു.
രക്ഷാദൗത്യ സംഘവുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. വെര്‍ച്ചല്‍ റിയാലിറ്റി സംവിധാനം ഉപയോഗിച്ച് ദുരന്തത്തിന്റെ വ്യാപ്തി പരിശോധിച്ചിട്ടുണ്ട്.