ജമ്മു കാശ്മീരിലെ മേഘവിസ്ഫോടനം. കിഷ്ത്വാറില്‍ മരണം 23 ആയി, പഹല്‍ഗാമിലും ദുരന്തം

കാശ്മീര്‍:ജമ്മു കാശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘ വിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണ സംഖ്യ ഉയരുന്നു. മരണം 23 ആയി. അതേസമയം കാശ്മീരില്‍ വീണ്ടും മേഘവിസ്ഫോടനമുണ്ടായി. പഹല്‍ഗാമിലാണ് ഒടുവില്‍ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവുമുണ്ടായത്.
ജമ്മു കാശ്മീരില്‍ തുടര്‍ച്ചയായി രണ്ടിടങ്ങളിലുണ്ടായ മേഘവിസ്ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും കനത്ത ആശങ്കയുയരുകയാണ്. കിഷ്ത്വാറിലെ ചോസിതിയെ മിന്നല്‍ പ്രളയത്തിന് തൊട്ടുപിന്നാലെയാണ് പഹല്‍ഗാമില്‍ മേഘവിസ്ഫോടനമുണ്ടായത്. നിരവധിപേരെ ഒഴുക്കില്‍പ്പെട്ട് കാണാതായതായാണ് വിവരം. ദേശീയ ദുരന്തനിവാരണ സേന,വ്യോമ കരസേനാ സംഘങ്ങളുടെ നേതൃത്വത്തില്‍ ഇവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണ്.
9500 അടി ഉയരത്തിലാണ് ചോസിതി ഗ്രാമം, മച്ചൈല്‍ മാതാ തീര്‍ഥാടനത്തിനായി എത്തിയവരാണ് കാണാതായവരില്‍ ഭൂരിഭാഗവും. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആഭ്യന്തരമന്ത്രി അമിത്ഷായുമായി സ്ഥിതിഗതികളെപ്പറ്റി ആശയവിനിമയം നടത്തി. രക്ഷാപ്രവര്‍ത്തനത്തിനായി എല്ലാ ക്രമീകരണങ്ങളും ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, ഹിമാചല്‍ പ്രദേശിലെ ഷിംല ലാഹോള്‍, കുളു, സ്പിതി എന്നിവിടങ്ങളില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കിന്നര്‍ ജില്ലയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കുളു ഉള്‍പ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ നദികളിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ആളുകള മാറ്റിപ്പാര്‍പ്പിച്ചു. മിയാര്‍ താഴ്വരയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
332 റോഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഗാന്‍വിയിലും സത്‌ലജിലും പാലങ്ങളും ഷിംലയില്‍ ബസ് സ്റ്റാന്‍ഡും തകര്‍ന്ന് വീണു. ഗാന്‍വി നദീ കരകവിഞ്ഞതിനെ തുടര്‍ന്ന് ബസും ആംബുലന്‍സും കുടുങ്ങി. മാണ്ഡിയില്‍ 130 ജലവിതരണ പദ്ധതികളും 79 ട്രാന്‍സ്ഫോര്‍മറുകളും തടസ്സപ്പെട്ടതായി വിവരമുണ്ട്.
ദില്ലിയില്‍ കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. താഴ്ന്ന പ്രദേശങ്ങളും അണ്ടര്‍ പാസുകളും വെള്ളത്തിനടിയിലായതോടെ ഗതാഗതക്കുറുക്ക് രൂക്ഷമാണ്. ചണ്ഡീഗഡ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും മഴ മുന്നറിയിപ്പ് തുടരുന്നുണ്ട്.