മിഡിൽ ഈസ്റ്റിലെ മരിയൻമാസ സമാപന ആഘോഷങ്ങൾ
യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും വാർത്തകൾക്കിടയിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നുള്ള മനോഹരമായ ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മറിയത്തോടുള്ള ആഴമായ സ്നേഹത്താൽ ഒരു സമൂഹം മുഴുവൻ ഒത്തുകൂടുന്നതിനേക്കാൾ മനോഹരമായി മറ്റൊന്നുമില്ലെന്ന് തെളിയിക്കുകയാണ് അവിടുത്തെ ക്രൈസ്തവ വിശ്വാസികൾ. പരിശുദ്ധ കന്യകാമറിയത്തിന് പ്രത്യേകമായി സമർപ്പിച്ചിരിക്കുന്ന മെയ് മാസ സമാപനത്തിൽ ദൈവമാതാവിനെ ആദരിക്കാൻ സിറിയ, ലെബനൻ, ജോർദാൻ, പലസ്തീൻ തുടങ്ങിയ രാജ്യങ്ങളിലെ തെരുവുകളിൽ പതിനായിരങ്ങളാണ് ഒത്തുകൂടിയത്.
ഘോഷയാത്രകൾ, ഭക്തിനിർഭരമായ പ്രാർഥനകൾ, വിശുദ്ധ കുർബാന എന്നിവയോടെയാണ് ഈ മരിയൻ മാസ സമാപനം നടത്തിയത്. ‘eastern christians’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവന്ന ദൃശ്യങ്ങളിൽ, ദൈവമാതാവിനോടുള്ള സ്നേഹവും ഭക്തിയും കൊണ്ട് അവിടുത്തെ വിശ്വാസികൾ തെരുവുകളെ സജീവമാക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ദൈവമാതാവിന്റെ ചിത്രങ്ങൾക്കൊപ്പം വലിയ ജപമാലകളും, കന്യകാമറിയത്തിന്റെ വേഷം ധരിച്ച പെൺകുട്ടികളും, സംഗീതവും പൂക്കളുമായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് ഘോഷയാത്രകൾ നടന്നത്.
തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഈ പാരമ്പര്യങ്ങൾക്ക് പൗരസ്ത്യ ക്രിസ്തീയ വിശ്വാസത്തിൽ ആഴത്തിലുള്ള വേരുകളാണുള്ളത്. പ്രതിസന്ധികൾ നിറഞ്ഞ സാഹചര്യങ്ങളിലും ഇവരുടെ ജീവിതത്തിന്റെ പ്രധാന ഭാഗമായി ഈ ആഘോഷങ്ങൾ തുടരുന്നു. കഠിനമായ വെല്ലുവിളികൾ നേരിടുന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ഈ വിശ്വാസികളുടെ സാക്ഷ്യം ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകളുടെ ഹൃദയത്തെയാണ് സ്പർശിച്ചത്.