2025ലെ കാലാവസ്ഥാദുരന്തങ്ങള്‍ കുട്ടികളുടെ ജീവിതം താറുമാറാക്കി: സേവ് ദി ചില്‍ഡ്രന്‍ സംഘടന
വത്തിക്കാന്‍: കടന്നുപോകുന്ന 2025-ല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കാലാവസ്ഥാദുരന്തങ്ങള്‍ കുട്ടികളുടെ ജീവിതത്തെ രൂക്ഷമായി ബാധിച്ചുവെന്ന് സേവ് ദി ചില്‍ഡ്രന്‍ അന്താരാഷ്ട്രസംഘടന.
ഉഷ്ണതരംഗങ്ങളും, കൊടുങ്കാറ്റുകളും, കനത്ത മഴയും വെള്ളപ്പൊക്കവും തുടങ്ങി നിരവധി പ്രതിസന്ധികളാണ് കുട്ടികള്‍ നേരിട്ടതെന്നും, അവ അവരുടെ ജീവിതത്തെ താറുമാറാക്കിയെന്നും സംഘടന അഭിപ്രായപ്പെട്ടു.
കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളില്‍ ദിനം പ്രതി ഒന്നേകാല്‍ ലക്ഷത്തിലധികം (1.36.000) കുട്ടികളാണ് കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രതിസന്ധികളും ദുരന്തങ്ങളും മൂലം വലഞ്ഞതെന്ന് സേവ് ദി ചില്‍ഡ്രന്‍ പ്രസ്താവിച്ചു.
അതുകൊണ്ടുതന്നെ, കാലാവസ്ഥാദുരിതങ്ങളുടെ ദുരന്തഫലങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ എടുക്കേണ്ടതുണ്ടെന്ന് സംഘടന ഓര്‍മ്മിപ്പിച്ചു.
ആഗോളതാപനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് വേണ്ടിയുള്ള പാരീസ് ഉടമ്പടി പ്രായോഗികതലത്തില്‍ കൊണ്ടുവരാന്‍ സാധിച്ചാല്‍ 2100-ല്‍ താപനിരക്കിലുള്ള വര്‍ദ്ധനവ് ഒന്നര ഡിഗ്രി സെല്‍ഷ്യസായി കുറയ്ക്കാനാകുമെന്ന് സംഘടന വ്യക്തമാക്കി.
ഇതുവഴി ഇരുപത് ലക്ഷത്തോളം കുട്ടികളെങ്കിലും വലിയ വരള്‍ച്ചകളില്‍നിന്ന് രക്ഷപെട്ടേക്കുമെന്ന് സംഘടന അഭിപ്രായപ്പെട്ടു.
2025-ലെ പ്രധാനപ്പെട്ട അഞ്ച് കാലാവസ്ഥാദുരന്തങ്ങള്‍ സേവ് ദി ചില്‍ഡ്രന്‍ തങ്ങളുടെ പത്രക്കുറിപ്പില്‍ രേഖപ്പെടുത്തി. 2025 അവസാനം ഏഷ്യയിലുണ്ടായ വെള്ളപ്പൊക്കങ്ങള്‍ നൂറുകണക്കിന് ആളുകള്‍കുടെ മരണത്തിന് കാരണമായെന്ന് ഓര്‍മ്മിപ്പിച്ച സംഘടന കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളില്‍ ഏറ്റവും ശക്തമായിരുന്ന വെള്ളപ്പൊക്കദുരന്തങ്ങളാണ് ഈ മേഖലകളിലുള്ളവര്‍ ഇത്തവണ നേരിട്ടതെന്ന് വ്യക്തമാക്കി.
തായ്ലന്‍ഡ്, ഇന്‍ഡോനേഷ്യ, ശ്രീലങ്ക, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളെയാണ് ഇത് കൂടുതലായി ബാധിച്ചത്.
ഹൈറ്റി, ഡൊമിനിക്കന്‍ റിപ്പബ്ലിക് തുടങ്ങിയവെ ഗുരുതരമായി ബാധിച്ച മെലീസ കൊടുങ്കാറ്റ്, 2025-ല്‍ രേഖപെടുത്തപ്പെട്ടവയില്‍ ഏറ്റവും ശക്തമായിരുന്നുവെന്ന് സേവ് ദി ചില്‍ഡ്രന്‍ ഓര്‍മ്മിപ്പിച്ചു. പ്രദേശത്ത് മഴയുടെ നിരക്ക് ഏതാണ്ട് 16 ശതമാനം വര്‍ദ്ധിക്കുന്നതിനും ഇത് കാരണമായി.
തെക്കന്‍ സുഡാനില്‍ അപകടകരമായി താപനില ഉയര്‍ന്നതിനെത്തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സ്‌കൂളുകള്‍ അടച്ചിടേണ്ടിവന്നുവെന്നും, വിദ്യാഭ്യാസസാധ്യതകള്‍ നിഷേധിക്കപ്പെട്ടതിന്റെ പാര്‍ശ്വഫലമായി പ്രായപൂര്‍ത്തിയെത്തുന്നതിന് മുന്‍പുള്ള വിവാഹം, ബാലവേല, കുട്ടികളെ സായുധസംഘങ്ങളില്‍ ചേര്‍ക്കുന്നത് തുടങ്ങി നിരവധി പ്രശ്നങ്ങളാണ് നേരിടേണ്ടിവന്നതെന്നും സംഘടന ഓര്‍മ്മിപ്പിച്ചു.
മഡഗാസ്‌കറില്‍ ഉണ്ടായ തുടര്‍ച്ചയായ വരള്‍ച്ചയും വെള്ളപ്പൊക്കത്തിന് കാരണമായ കൊടുങ്കാറ്റുകളും കൃഷിമേഖലയില്‍ കനത്ത നാശനഷ്ടങ്ങള്‍ക്ക് കാരണമായെന്ന് സേവ് ദി ചില്‍ഡ്രന്‍ എഴുതി.
ഫിലിപ്പീന്‍സില്‍ ഈ വര്‍ഷം 23 ഉഷ്ണമേഖലാ കൊടുങ്കാറ്റുകള്‍ ഉണ്ടായെന്നും, ഇതുമൂലം കടലിലുള്‍പ്പെടെ താപനിലവാര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും സംഘടന തങ്ങളുടെ പത്രക്കുറിപ്പിലൂടെ ഓര്‍മ്മിപ്പിച്ചു.
നവംബറില്‍ ഉണ്ടായ കല്‍മേഗി കൊടുങ്കാറ്റ് മൂലം 200 പേരോളം മരണമടഞ്ഞുവെന്നും സംഘടന ഓര്‍മ്മിപ്പിച്ചു.
രാജ്യത്തി മധ്യ-തെക്കന്‍ പ്രദേശത്ത് റിക്ടര്‍ സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തിയ ഭൂകമ്പവും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് സേവ് ദി ചില്‍ഡ്രന്‍ അറിയിച്ചു.