കാലാവസ്ഥാപ്രതിസന്ധി കൂടുതല്‍ സംഘര്‍ഷങ്ങളിലേക്ക് നയിച്ചേക്കാം: കത്തോലിക്കസംഘടനകള്‍

വത്തിക്കാന്‍:വളര്‍ന്നുവരുന്ന കാലാവസ്ഥാപ്രതിസന്ധിയുടെ മുന്നിലെ നിഷ്‌ക്രിയത്വം ആഗോളതലത്തില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും കാരണമായേക്കാമെന്ന് അന്താരാഷ്ട്ര പാക്‌സ് ക്രിസ്റ്റി, കാരിത്താസ് , സിഡ്സേ കത്തോലിക്കാസംഘടനാനേതൃത്വങ്ങള്‍ പുറത്തുവിട്ട ഒരു സംയുക്തപ്രസ്താവനയിലൂടെ മുന്നറിയിപ്പ് നല്‍കി.
ബ്രസീലില്‍, വരുന്ന നവംബര്‍ പത്ത് മുതല്‍ ഇരുപത്തിയൊന്ന് വരെ തീയതികളില്‍ കോപ്30 സമ്മേളനം നടക്കാനിരിക്കെ അതിന് മുന്‍പുതന്നെ കാലാവസ്ഥാപ്രതിസന്ധിക്ക് പരിഹാരം തേടിയുള്ള കൂടുതല്‍ ശക്തമായ നടപടികള്‍ക്കായി ശ്രമിക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.
കാലാവസ്ഥാവ്യതിയാനത്തിന് മുന്നില്‍ നിഷ്‌ക്രിയത്വം കാട്ടുന്നതും, മാറി നില്‍ക്കുന്നതും, ഈ പ്രതിസന്ധിയുയര്‍ത്തുന്ന ഭീഷണിയെ പല മടങ്ങ് ഭീകരമാക്കാനേ സഹായിക്കൂ എന്ന് സംഘടനകള്‍ പ്രസ്താവിച്ചു.
തങ്ങള്‍ക്ക് വേണ്ട പ്രകൃതിവിഭവങ്ങള്‍ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട് ആളുകള്‍ തമ്മില്‍ ഉണ്ടായേക്കാവുന്ന സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതിനുള്ള സാധ്യതയാണ് മുന്നില്‍ നില്‍ക്കുന്നതെന്ന് സംഘടനകള്‍ ഓര്‍മ്മപ്പിച്ചു.
കാലാവസ്ഥാനീതിയില്ലാതെ ശരിയായ സമാധാനമോ, സമാധാനമില്ലാതെ ശരിയായ കാലാവസ്ഥാനീതിയോ ഉണ്ടാകില്ലെന്നും സംഘടനകള്‍ എഴുതി.
കാലാവസ്ഥയുമായി ബന്ധപ്പെട്ട ഉത്തരവാദിത്വപരമായ പ്രവര്‍ത്തനങ്ങള്‍ പ്രകൃതിസംരക്ഷണത്തിന് മാത്രമല്ല, ഭാവി യുദ്ധങ്ങള്‍ ഒഴിവാക്കാനും, പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്ക് നീതി ഉറപ്പാക്കാനും വേണ്ട അടിസ്ഥാനപരമായ ആവശ്യമാണെന്ന് മൂന്ന് സംഘടനകളുടെയും ജനറല്‍ സെക്രെട്ടറിമാര്‍ പ്രസ്താവിച്ചു.
ജനതകള്‍ യുദ്ധങ്ങളിലേക്ക് നീങ്ങാതിരിക്കാനും, സമാധാനവും സുസ്ഥിരതയും ആഗോളനീതിയും ഉറപ്പാക്കാനും വേണ്ടിയുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകാനും ലിയോ പതിനാലാമന്‍ പാപ്പായ്ക്കൊപ്പം മൂന്ന് കത്തോലിക്കസംഘടനകളും ആവശ്യപ്പെട്ടു.
ഒരുമിച്ച് പ്രകൃതിസംരക്ഷണത്തിനായുള്ള ശ്രമങ്ങള്‍ നടത്തുന്നതുവഴി നേടിയെടുക്കാന്‍ സാധിക്കുന്ന നീതിപൂര്‍ണ്ണമായ സമാധാനത്തിനുവേണ്ടി ധൈര്യപൂര്‍വ്വം മുന്നോട്ട് പോകണമെന്നും, ലോകത്തിലെ സഹനങ്ങളുടെ മുന്നില്‍ നാം നിശ്ശബ്ദരായിരിക്കരുതെന്നും, സൃഷ്ടിയുടെ പരിപാലനവുമായി ബന്ധപ്പെട്ട നമ്മുടെ ഉത്തരവാദിത്വത്തെയാണ് കാലാവസ്ഥാപ്രതിസന്ധി നമ്മെ ഓര്‍മ്മിപ്പിക്കുന്നതെന്നും പോര്‍ത്തോ അലെഗ്രെയുടെ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ഹൈമേ സ്പെന്‍ഗ്ലര്‍ ഇതുമായി ബന്ധപ്പെട്ട് പറഞ്ഞിരുന്നു.