ഭിന്നശേഷി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ആശ്വാസകരമായ ഉറപ്പ് ലഭിച്ചെന്ന് ക്ലീമിസ് ബാവ; മന്ത്രി വി ശിവന്‍കുട്ടി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം:എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വളരെ ആശ്വാസകരമായ ഉറപ്പ് ലഭിച്ചുവെന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ.
മന്ത്രി വി ശിവന്‍കുട്ടിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി പേര്‍ക്കുള്ള ജോലിയെ കുറിച്ച് വലിയ ഉറപ്പ് ലഭിച്ചുവെന്നും മന്ത്രി ശിവന്‍കുട്ടി പ്രത്യേക താത്പര്യത്തില്‍ യോഗം വിളിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയോടും വിദ്യാഭ്യാസ മന്ത്രിയോടും ഫോണില്‍ കണ്ടു സംസാരിച്ചിരുന്നു. അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ എടുത്തത്.
ഏറ്റവും ആശ്വാസകരമായ തീരുമാനത്തില്‍ കത്തോലിക സഭ നന്ദി അറിയിക്കുന്നു. അവസാനത്തെ സന്തോഷമാണ് ആശ്വാസം. അപ്പോള്‍ മുന്‍പുള്ള കാര്യങ്ങള്‍ ആലോചിക്കേണ്ടതില്ലല്ലോയെന്നും ക്ലീമിസ് ബാവ പറഞ്ഞു.
ക്ലീമിസ് ബാവയെ കാണാന്‍ ഇടയ്ക്കിടെ വരാറുണ്ടെന്നും ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട പ്രശ്നം അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.