ഉറങ്ങിക്കിടന്ന വിദ്യാര്‍ത്ഥികളുടെ കണ്ണില്‍ പശ ഒഴിച്ച് സഹപാഠികള്‍. അവശനിലയിലായ എട്ട് പേര്‍ ആശുപത്രിയില്‍

 
 school going students

ഭുവനേശ്വർ: ഭുവനേശ്വറില്‍ ഉറങ്ങിക്കിടന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സഹപാഠികളുടെ ക്രൂരത. ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന എട്ട് വിദ്യാര്‍ത്ഥികളുടെ കണ്ണിലാണ് സഹപാഠികള്‍ പശ ഒഴിച്ചത്. 

അവശനിലയിലായ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാന്ധമാല്‍ ജില്ലയിലെ സലാഗുദയിലുള്ള സേവാശ്രമം സ്‌കൂളിലാണ് സംഭവം.

മൂന്ന്, നാല്, അഞ്ച് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് ആശുപത്രിയിലായത്. വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതോടെയാണ് വിദ്യാര്‍ത്ഥികള്‍ ഉറക്കമുണര്‍ന്നത്. 

കണ്‍പോളങ്ങള്‍ ഒട്ടിപ്പിടിച്ചതോടെ വിദ്യാര്‍ത്ഥികള്‍ നിലവിളിച്ചു. ഇതോടെ ഹോസ്റ്റല്‍ വാര്‍ഡന്‍ എത്തുകയും വിദ്യാര്‍ത്ഥികളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. വിദഗ്ധ ചികിത്സക്കായി വിദ്യാര്‍ത്ഥികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

കുട്ടികള്‍ നിരീക്ഷണത്തിലാണെന്നു അധികൃതര്‍ അറിയിച്ചു. കണ്ണുകളില്‍ പശ ഒഴിക്കുന്നത് കാഴ്ച്ച ശക്തി വരെ നഷ്ടമാകുന്നതിനു കാരണമാകാമെന്നും കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കാന്‍ സാധിച്ചത് വലിയ അപകടം ഒഴിവാക്കാന്‍ സഹായിച്ചെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 

Tags

Share this story

From Around the Web