ഏഴാം ക്ലാസുകാര്‍ക്ക് കൂട്ടാനും കുറയ്ക്കാനും അറിയില്ല; 180 അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
ചിക്ബല്ലാപൂര്‍: ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കണക്കിലെ അടിസ്ഥാന വിവരങ്ങളും കന്നഡ അക്ഷരങ്ങളും അറിയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ 180 സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കര്‍ണാടകയിലെ ചിക്ബല്ലാപൂര്‍ ജില്ലയിലാണ് സംഭവം.
ചിക്ബല്ലാപൂര്‍ എംഎല്‍എ പ്രദീപ് ഈശ്വര്‍ മണ്ഡലത്തിലെ വിവിധ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഏഴാം ക്ലാസിലെ ചില വിദ്യാര്‍ഥികള്‍ക്ക് ലളിതമായ കൂട്ടലും കുറയ്ക്കലും ചെയ്യാന്‍ കഴിയുന്നില്ലെന്നും അടിസ്ഥാന കന്നഡ അക്ഷരങ്ങള്‍ പോലും എഴുതാന്‍ സാധിക്കുന്നില്ലെന്നും പരിശോധനയില്‍ വ്യക്തമായി.
തുടര്‍ന്ന് വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബര്‍ നാലിന് എംഎല്‍എ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്ക് കത്തയക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 15-ന് ചിക്ബല്ലാപൂര്‍ ബ്ലോക്ക് എജ്യുക്കേഷന്‍ ഓഫീസറുടെ കാര്യാലയം അധ്യാപകര്‍ക്ക് നോട്ടീസ് അയച്ചു.
എംഎല്‍എയുടെ നിര്‍ദേശപ്രകാരം ചിക്ബല്ലാപൂര്‍ താലൂക്കിലെ സര്‍ക്കാര്‍, എയ്ഡഡ് പ്രൈമറി സ്‌കൂളുകളില്‍ എജ്യുക്കേഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍മാര്‍, ക്ലസ്റ്റര്‍ റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവര്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക വിലയിരുത്തല്‍ പരീക്ഷകള്‍ നടത്തി. പഠനത്തില്‍ അതീവ പിന്നാക്കാവസ്ഥയിലുള്ള വിദ്യാര്‍ഥികളെ തിരിച്ചറിയുകയും, ഇവരെയും ഇവര്‍ പഠിച്ച ക്ലാസുകളിലെ അധ്യാപകരെയും ഉള്‍പ്പെടുത്തിയുള്ള പട്ടിക വിദ്യാഭ്യാസ വകുപ്പിന് കൈമാറുകയും ചെയ്തു.
വിദ്യാര്‍ഥികള്‍ക്ക് പ്രതീക്ഷിച്ച അടിസ്ഥാന പഠന നിലവാരം ഉറപ്പാക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാനാണ് അധ്യാപകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. അധ്യാപകരുടെ വിശദീകരണം പരിശോധിച്ച ശേഷം ചട്ടങ്ങള്‍ക്കനുസൃതമായി അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.
വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെന്നും നിശ്ചിത സമയപരിധിക്കുള്ളില്‍ കുട്ടികള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നത് സര്‍ക്കാര്‍ പദ്ധതികളുടെ ലക്ഷ്യത്തെത്തന്നെ ബാധിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.