പത്താം ക്ലാസുകാരനെ ഭീഷണിപ്പെടുത്തി 24 പവന്‍ കവര്‍ന്നത് ആഡംബര ജീവിതത്തിന്: കാറും മൂന്ന് ആഡംബര ബൈക്കുകളും വാങ്ങിയെന്ന് പ്രതികളായ കൗമാരക്കാര്‍
കോട്ടയം: കോട്ടയത്ത് പത്താം ക്ലാസുകാരനെ ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്നത് ആഡംബര ജീവിതം നയിക്കാന്‍ വേണ്ടിയാണെന്ന് പ്രതികളായ കൗമാരക്കാരുടെ മൊഴി. ഒരു കാറും മൂന്ന് ബൈക്കുകളും പ്രതികള്‍ വാങ്ങിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 24 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പത്താം ക്ലാസ് വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി പ്രതികള്‍ കൈക്കലാക്കിയത്.
പത്താം ക്ലാസുകാരന്റെ സീനിയറായ മൂന്ന് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് 2026 മാര്‍ച്ച് മാസം മുതല്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടിയെയും മാതാപിതാക്കളെയും സഹോദരിയെയും കൊല്ലുമെന്നായിരുന്നു പ്രതികളുടെ ഭീഷണി. അങ്ങനെ പലപ്പോഴായി 24 പവന്‍ സ്വര്‍ണം പ്രതികള്‍ വാങ്ങിയെടുത്തെന്നാണ് പൊലീസ് പറയുന്നത്.
വീട്ടില്‍ നടന്ന ഒരു മരണവുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം കുടുംബം അറിയുന്നത്. തുടര്‍ന്ന് കുട്ടി കാര്യങ്ങള്‍ വെളിപ്പെടുത്തുകയും പാമ്പാടി പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
കേസില്‍ പാമ്പാടി സ്വദേശികളായ അന്‍സില്‍ മുഹമ്മദ് (18), നിതിന്‍ നിഷാദ് (18), ഷെബിന്‍ എബ്രഹാം (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ രണ്ടുപേര്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളും ഒരാള്‍ പ്രൈവറ്റ് കോളജില്‍ പഠിക്കുന്നയാളുമാണ്.
സ്വര്‍ണം എവിടെയൊക്കെ വിറ്റു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയാന്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വ്യക്തമാക്കി