നാടകകൃത്ത്, സാഹിത്യകാരന്‍, സംഘാടകന്‍, നടന്‍ തുടങ്ങിയ നിലകളിലെല്ലാം ഏറെ ജനപ്രിയനായ സി.എല്‍ ജോസ് 95ന്റെ നിറവില്‍.

 
Kerala goverment

തൃശൂര്‍: നാടകകൃത്ത്, സാഹിത്യകാരന്‍, സംഘാടകന്‍, നടന്‍ തുടങ്ങിയ നിലകളിലെല്ലാം ഏറെ ജനപ്രിയനായ സി.എല്‍ ജോസ് 95ന്റെ നിറവില്‍.

സാംസ്‌കാരിക നായകന്മാര്‍ ഉള്‍പ്പെടെ ഒട്ടനവധി പേര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി ആശംസകള്‍ അറിയിച്ചു. 

സാംസ്‌കാരിക പ്രവര്‍ത്തനവും നാടകരചനയും വിവിധ ആനുകാലികങ്ങളില്‍ സാഹിത്യരചനകളുമൊക്കെയായി അദ്ദേഹം ഈ വാര്‍ധക്യത്തിലും മുന്നോട്ട് പോവുകയാണ്.  തൃശൂര്‍ പൗരാവലിയുടെ നേതൃത്വത്തില്‍ സാഹിത്യ അക്കാദമി ഹാളില്‍വെച്ച് നവതിയാഘോഷം വിപുലമായി നടത്തിയിരുന്നു.

1932 ഏപ്രില്‍ നാലിന് തൃശൂര്‍ ചക്കാലക്കല്‍ കുടുംബത്തില്‍ ജനിച്ച അദ്ദേഹം 1959 ല്‍ ലിസിയെ വിവാഹം കഴിച്ചു. തൃശൂര്‍ ക്ഷേമവിലാസം കുറികമ്പനിയില്‍നിന്നും അസി. മാനേജരായി വിരമിച്ചു. മക്കള്‍: ഷേളി, പരേതനായ തങ്കച്ചന്‍, ഡെയിസന്‍ എന്നിവരാണ്.

കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായി കേരള ഗവണ്‍മെന്റും അദ്ദേഹത്തിന്റെ സേവനത്തെ ആദരിച്ചിട്ടുണ്ട്.

75 വര്‍ഷമായി നാടകരംഗത്ത് പ്രവര്‍ത്തിക്കുന്ന സി.എല്‍ ജോസിന്റെ ആദ്യനാടകം 1956ല്‍ പ്രസിദ്ധീകരിച്ച മാനം തെളിഞ്ഞു’ ആണ്. 

ഇതുവരെ 36 സമ്പൂര്‍ണ്ണ നാടകങ്ങളും 15 സമാഹാരങ്ങളിലായി 75 ഏകാങ്കങ്ങളും കുട്ടികള്‍ക്കുള്ള ഒരു നാടകവും പ്രസിദ്ധീകരിച്ചു.

കൂടാതെ, നാടകത്തിന്റെ കാണാപ്പുറങ്ങള്‍, ഓര്‍മ്മകള്‍ക്ക് ഉറക്കമില്ല എന്നീ ജിവിത സ്മരണകളും, ചിരിയുടെ പൂരം എന്ന ഫലിത സമാഹാരവും നാടകരചന എന്ത്? എങ്ങനെ? (പഠനം), എന്റെ നാടകജീവിതം (നാടകാനുഭവങ്ങള്‍) എന്നിവ പ്രസിദ്ധപ്പെടുത്തി.

ഏതാനും ഏകാങ്കങ്ങള്‍ ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമിയും നാഷണല്‍ ബുക്ക് ട്രസ്റ്റുമാണ് അത് പ്രസിദ്ധീകരിച്ചത്.

ഇതിനെല്ലാം പുറമെ മേല്‍പറഞ്ഞ നാടകങ്ങള്‍ കേരളത്തില്‍ മാത്രമല്ല, മലയാളികള്‍ ഉള്ള രാജ്യങ്ങളിലെല്ലാം നൂറുകണക്കിന് സ്റ്റേജുകളില്‍ അവതരിപ്പിക്കപ്പെടുകയും പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്നത്  എടുത്തുപറയത്തക്കതാണ്.

1978ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കെസിബിസി സാഹിത്യ അവാര്‍ഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ് തുടങ്ങി ചെറുതും വലുതുമായ 50-ഓളം അംഗീകാരങ്ങള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്.

മണല്‍ക്കാട്, അറിയാത്ത വീഥികള്‍ എന്ന പേരിലും ശാപരശ്മി, അഗ്നിനക്ഷത്രമെന്ന പേരിലും ഭൂമിയിലെ മാലാഖ, അമ്മ എന്നപേരിലും ചലച്ചിത്രമായി.

മണല്‍ക്കാട്, ജ്വലനം, യുഗതൃഷ്ണ എന്നീ നാടകങ്ങള്‍ യഥാക്രമം കേരള, കാലിക്കറ്റ്, മഹാത്മഗാന്ധി യുണിവേഴ്സിറ്റികളില്‍ ബി.എ/ബിഎസ്‌സിക്ക് പാഠപുസ്തകമായിട്ടുണ്ട്. 

‘നാടകരചന എന്ത്? എങ്ങനെ?’ എന്ന പഠനഗ്രന്ഥം കേരള, കാലിക്കറ്റ് യൂണിവേഴ്സിറ്റികള്‍ എം.എയുടെ പാഠപുസ്തകമായി  തിരഞ്ഞെടുത്തിരുന്നു.

Tags

Share this story

From Around the Web