സിജെപി നേതാവിനെ വീട്ടുതടങ്കലിലാക്കിയെന്ന് ആരോപണം; 'വീടിനുചുറ്റും സിവില്‍ വേഷത്തില്‍ നാല്‍പ്പതിലേറെ പോലീസുകാര്‍'
ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നാഷണല്‍ ഓര്‍ഗസനൈഷന്‍ കോ ഇന്‍ ചാര്‍ജ് ദീപക് ബലിയാനെ രാജസ്ഥാന്‍ പോലീസ് വീട്ടുതടങ്കലിലാക്കിയെന്ന ആരോപണവുമായി സിജെപി.
സിവിലിയന്‍ വസ്ത്രത്തില്‍ നാല്‍പ്പതിലധികം പോലീസുകാര്‍ അദ്ദേഹത്തിന്റെ വസതിക്ക് ചുറ്റുമുണ്ടെന്നും സാമൂഹികമാധ്യമമായ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ സിജെപി പറയുന്നു. രാജസഥാനിലെ ആല്‍വാറിലാണ് ദീപക്കിന്റെ വീട്.
തന്റെ കുടുംബം പേടിച്ചിരിക്കുകയാണെന്നും അവരുടെ സുരക്ഷയെ ചൊല്ലി ആശങ്കയുണ്ടെന്നും ദീപക് പറയുന്ന വീഡിയോയും കുറിപ്പിനൊപ്പമുണ്ട്. എന്റെ കുടുംബത്തിലെ ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ ആല്‍വാര്‍ പോലീസ് മാത്രമായിരിക്കും ഉത്തരവാദികള്‍ എന്നും ദീപക് കൂട്ടിച്ചേര്‍ക്കുന്നു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ (ഒക്ടോബര്‍ പത്താം തീയതി) ഡല്‍ഹി ജന്തര്‍ മന്ദറില്‍ സിജെപി പ്രക്ഷോഭം നടത്താനിരിക്കുകയാണ്. അതിനിടെയാണ് നേതാവിനെ പോലീസ് വീട്ടുതടങ്കിലിലാക്കിയെന്ന ആരോപണവുമായി സിജെപി എത്തിയിരിക്കുന്നത്.