21ന് സിനിമാ പണിമുടക്ക്! തിയേറ്ററുകള്‍ അടച്ചിടും, ഷൂട്ടിംഗ് തടസ്സപ്പെടും; സര്‍ക്കാരിനെതിരെ സിനിമാ സംഘടനകള്‍
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന സര്‍ക്കാരിനെതിരേ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി മലയാള സിനിമാ സംഘടനകള്‍. ഇതിന്റെ ഭാഗമായി ഈ മാസം 21-ന് സൂചന സമരം നടത്താന്‍ ചലച്ചിത്ര സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു.
അന്നേ ദിവസം സിനിമകളുടെ ചിത്രീകരണം പൂര്‍ണ്ണമായും നിര്‍ത്തിവെക്കുന്നതിനോടൊപ്പം സംസ്ഥാനത്തെ തിയേറ്ററുകള്‍ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ചലച്ചിത്ര മേഖല അന്ന് പൂര്‍ണ്ണമായും സ്തംഭിക്കും.
ജിഎസ്ടി നിലവില്‍ വന്നിട്ടും സിനിമകള്‍ക്ക് മേല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചുമത്തുന്ന വിനോദ നികുതി ഒഴിവാക്കണമെന്നതാണ് സംഘടനകളുടെ പ്രധാന ആവശ്യം. ജിഎസ്ടിക്ക് പുറമെ ഈ നികുതി കൂടി നല്‍കേണ്ടി വരുന്നത് പ്രായോഗികമായി ഇരട്ട നികുതിയാണെന്നും ഇത് സിനിമാ മേഖലയ്ക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുവെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ പരാതികള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന വിമര്‍ശനവും സംഘടനകള്‍ ഉന്നയിക്കുന്നുണ്ട്.
സര്‍ക്കാര്‍ അടുത്തിടെ സംഘടിപ്പിച്ച സിനിമാ കോണ്‍ക്ലേവ് വെറും കണ്ണില്‍ പൊടിയിടല്‍ മാത്രമാണെന്നും സിനിമ നേരിടുന്ന യഥാര്‍ത്ഥ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ലെന്നും സംഘടനകള്‍ കുറ്റപ്പെടുത്തി.
21-ലെ സൂചന പണിമുടക്കിന് ശേഷവും തങ്ങളുടെ ആവശ്യങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും സിനിമാ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.