'സടകുടഞ്ഞ് സഭകൾ'. സർക്കാരിനെ വിശ്വാസമില്ലാതെ ക്രൈസ്തവ സഭകൾ

 
J b commission

തിരുവനന്തപുരം : ക്രൈസ്തവ ന്യൂനപക്ഷവുമായി ഇടത് സർക്കാരിനുള്ള അടഒപ്പം നഷ്ടപ്പെട്ടതിന് പുറമേ അവരുമായുള്ള അകലം വർധിക്കുന്നുവെന്ന് സൂചനകൾ.

സംസ്ഥാനത്തെ ക്രൈസ്തവരുടെ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കുന്ന തിനായി നിയമിച്ച ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടുന്നതിലടക്കം സർക്കാർ പുലർത്തുന്ന അലംഭാവമാണ് നിലവിൽ സഭകളെ ചൊടിപ്പിച്ചിട്ടുള്ളത്.

2021ലാണ് ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ ജസ്റ്റിസ് ജെ.ബി കോശി കമ്മീഷനെ ഒന്നാം പിണറായി സർക്കാർ ചുമതലപ്പെടുത്തിയത്.

2023 മെയ് 17ന്  കമ്മീഷൻ സർക്കാരിന് പഠന റിപ്പോർട്ട് സമർപ്പിച്ചെങ്കിലും നിർദ്ദേശങ്ങളൊന്നും സർക്കാർ ഇതുവരെ പുറത്തു വിട്ടിട്ടില്ല.

റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിടണമെന്ന് കാത്തലിക് ബിഷപ്‌സ് കൗൺസിൽ ഓഫ് ഇന്ത്യ (സി.ബി.സി.ഐ) നിരന്തരമായി ആവശ്യപ്പെട്ടെങ്കിലും സർക്കാർ മെല്ലെപ്പോക്കിലാണ്. 

വോട്ടുബാങ്ക് രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി ക്രൈസ്തവരെ പ്രീണിപ്പിക്കുക എന്നത് മാത്രമായിരുന്നു കമ്മീഷനെ നിയോഗിച്ചതിന് ഇപ്പോൾ ഏറെക്കുറെ  തെളിയിക്കപ്പെട്ടുവെന്നാണ് സഭകൾ ഉന്നയിക്കുന്ന പ്രധാന പരാതി.  

ക്രൈസ്തവരിലെ പിന്നാക്കക്കാർക്ക് കൂടുതൽ തൊഴിൽ സംവരണം നൽകണമെന്നതുൾപ്പടെ റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങൾ ഇപ്പോഴും ഫയലിലുറങ്ങുകയാണ്.

കഴിഞ്ഞ  ഒക്ടോബറിൽ നിർദേശങ്ങൾ നടപ്പാക്കാൻ ന്യൂനപക്ഷവകുപ്പ് ശ്രമം തുടങ്ങിയെങ്കിലും ഇതെങ്ങുമെത്തിയിട്ടില്ല. 33 സർക്കാർ വകുപ്പുകൾക്കാണ് റിപ്പോർട്ടിന്മേൽ അഭിപ്രായം അറിയിക്കാൻ കത്തുനല്കിയത്.

ഡിസംബറിൽ രണ്ട് തവണ ഓര്മ്മപ്പെടുത്തിയിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ന്യൂനപക്ഷ മന്ത്രി വി അബ്ദു റഹ്മാൻ വകുപ്പു സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടും കാര്യമായ പുരോഗതി ഒന്നുമുണ്ടായില്ല.

ഇക്കഴിഞ്ഞ അഞ്ച് വർഷവും റിപ്പോർട്ടിൻമേൽ അടയിരുന്ന സർക്കാരിന് ഇനി നിയമസഭാ കാലയളവ് തീരാൻ മാസങ്ങൾ ബാക്കി നിൽക്കേ എന്ത് പുരോഗതിയാണ് ഉണ്ടാക്കാനാവുകയെന്നതാണ് സഭാ നേതാക്കൾ ഉയർത്തുന്ന ചോദ്യം.

യാക്കോബായ- ഓർത്തഡോക്‌സ് സഭാതർക്കം പരിഹരിക്കുന്നതിൽ സർക്കാർ വേണ്ട താൽപര്യം കാണിക്കുന്നില്ലെന്നും യാക്കോബായ വിഭാഗത്തെ സർക്കാർ വല്ലാതെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നുമുള്ള നിലപാടിലാണ് ഓർത്തഡോക്‌സ് സഭയുള്ളത്.

ഇതിനും പുറമെ വിവിധ സഭകളുടെ ഒട്ടേറെ എയ്ഡഡ് സ്‌കൂൾ അധ്യാപകരുടെ നിയമനങ്ങൾ ക്രമവത്ക്കരിക്കുന്നതിലെ  കാലതാമസവും സഭാ - സർക്കാർ ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിട്ടുണ്ട്.

ജെ.ബികോശി കമ്മിഷന്റെ റിപ്പോർട്ടിലെ ശുപാർശകൾ പരിശോധിച്ച് അഭിപ്രായം സമർപ്പിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി മൂന്നംഗ സമിതി രൂപീകരിച്ചെങ്കിലും കാര്യമായ ഒരു മുന്നേറ്റവും ഉണ്ടായില്ല. 

മലയോര മേഖലയിലെ ന്യൂനപക്ഷ ജനവിഭാഗങ്ങളെ പ്രീണിപ്പിക്കാൻ രൂപം കൊടുത്ത വന്യജീവി നിർമ്മാജ്ജന ബില്ലിലും സഭകൾക്കും മറ്റ് വിഭാഗം ജനങ്ങൾക്കും വിശ്വാസമില്ല. കേന്ദ്ര വന്യജീവി നിയമത്തിന് എതിരായതിനാൽ തന്നെ ഗവർണറും രാഷ്ട്രപതിയും അംഗീകാരം നൽകാനിടയില്ലാത്ത നിയമ ഭേദഗതി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള രാഷ്ട്രീയ അടവുനയമായാണ് കരുതപ്പെടുന്നത്.

ജനവാസ മേഖലയിലിറങ്ങി മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊല്ലാൻ അധികാരം നൽകുന്ന വന്യജീവി സംരക്ഷണ ഭേദഗതി ബിൽ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കൊണ്ടുവന്നതാണെന്നാണ് സഭകളുടെ പൊതുവെയുള്ള വിലയിരുത്തൽ.

സർക്കാരുമായി സഭകൾക്ക് മുൻകാലത്തുണ്ടായിരുന്ന ഊഷ്മള ബന്ധത്തിൽ വീണിട്ടുള്ള വിള്ളൽ വലുതായിക്കൊണ്ടിരിക്കുകയാണ്.

Tags

Share this story

From Around the Web