തിരുപിറവിയുടെ ആഘോഷങ്ങള്‍ക്കായി ദേവാലയങ്ങള്‍ ഒരുങ്ങി

 
thirupiravi


കൊച്ചി: തിരുപിറവിയുടെ ആഘോഷങ്ങള്‍ക്കായി ദേവാലയങ്ങള്‍ ഒരുങ്ങി. ഇന്നു രാത്രി പാതിരാ കുര്‍ബാനയോടെയാണ് തിരുപ്പിറവിയുടെ ഓര്‍മ പുതുക്കുന്ന ആഘോഷങ്ങള്‍ക്കു തുടക്കമാകുക. ക്രിസ്തുമസ് ദിനമായ നാളെ പുലര്‍ച്ചെയും പള്ളികളില്‍ കുര്‍ബാന ഉണ്ടാകും. 


കര്‍ത്താവിന്റെ ജനന തിരുനാള്‍ ആഘോഷത്തോടനുബന്ധിച്ച് ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം ഇന്ന് രാത്രി നടക്കും. 

ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തിരുപിറവിയുടെ കര്‍മ്മങ്ങള്‍ നടക്കുക. പൂര്‍ണ്ണ ദണ്ഡവിമോചനമുള്ള മാര്‍പാപ്പയുടെ ഉര്‍ബി ഏത് ഓര്‍ബി ആശീര്‍വാദം നാളെ ക്രിസ്തുമസ് ദിനത്തില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 4.20നു നല്‍കപ്പെടും. യൂട്യൂബിലൂടെയും ടെലിവിഷനിലൂടെയും ഇത് തത്സമയം സംപ്രേക്ഷണം ചെയ്യും.

കേരളത്തിലെ പ്രധാന ദേവാലയങ്ങളിലെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കു സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ് തുടങ്ങിയവര്‍ കാര്‍മികരാകും.

പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ ഇന്നു രാത്രി ഏഴിന് ആരംഭിക്കുന്ന ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ക്ക് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികനായിക്കും. 

തീ ഉഴലിച്ച ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും കത്തീഡ്രല്‍ ഗായകസംഘം അവതരിപ്പിക്കുന്ന ക്രിസ്തുമസ് കരോളും ഉണ്ടാകും. 

കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ ഇന്ന് രാത്രി 11.30നു നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.

പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ ഇന്നു രാത്രി 11.30 ന് ആരംഭിക്കുന്ന ക്രിസ്തുമസ് തിരുക്കര്‍മങ്ങള്‍ക്കു തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യകാര്‍മികനായിരിക്കും. 

നാളെ രാവിലെ ഏഴിനും എട്ടിനും വിശുദ്ധ കുര്‍ബാന. വഴുതക്കാട് കാര്‍മല്‍ഹില്‍ ആശ്രമ ദേവാലയത്തില്‍ ഇന്നു രാത്രി 11ന് ആഘോഷമായ ക്രിസ്തുമസ് ദിവ്യബലി. നാളെ രാവിലെ 6.30നും 8.30നും 11നും (ഇംഗ്ലീഷ്) വൈകുന്നേരം നാലിനും 5.30നും ഏഴിനും ദിവ്യബലിയുണ്ടാകും. 

Tags

Share this story

From Around the Web