സമാധാനപരമായി ക്രിസ്തുമസ് ആഘോഷിക്കാന്‍ അവസരമൊരുക്കണം; പ്രധാനമന്ത്രിക്ക് കത്തുമായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം
ന്യൂഡല്‍ഹി: രാജ്യത്തെ ക്രൈസ്തവര്‍ക്ക് ഭയരഹിതമായും സമാധാനപരമായും ക്രിസ്തുമസ് ആഘോഷിക്കാന്‍ സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഇതിനായി സംസ്ഥാന മുഖ്യമന്ത്രിമാരോട് ആഹ്വാനം ചെയ്യുന്ന പൊതുപ്രസ്താവന പ്രധാനമന്ത്രി പുറപ്പെടുവിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീഷണിപ്പെടുത്തലുകള്‍, പ്രാര്‍ത്ഥനാ യോഗങ്ങള്‍ തടസ്സപ്പെടുത്തല്‍, ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ക്രിസ്മസ് കാലത്തിന് മുന്നോടിയായി ക്രൈസ്തവ സമൂഹത്തിനിടയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്ന് സംഘടന വെളിപ്പെടുത്തി.
ക്രമസമാധാന പാലന ഏജന്‍സികള്‍ ജാഗ്രത പാലിക്കുന്നുണ്ടെന്നും, വര്‍ഗീയ സംഘര്‍ഷങ്ങള്‍ തടയുന്നുണ്ടെന്നും, സ്വന്തം വിശ്വാസം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള പൗരന്മാരുടെ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കാന്‍ എല്ലാ മുഖ്യമന്ത്രിമാരോടും ആവശ്യപ്പെടണമെന്ന് പ്രധാനമന്ത്രി മോദിയോട് ഫോറം അഭ്യര്‍ത്ഥിച്ചു.
പ്രധാനമന്ത്രിയില്‍ നിന്നുള്ള വ്യക്തമായ സന്ദേശം ക്രൈസ്തവര്‍ക്കും സമാധാനകാംക്ഷികളായ മറ്റ് പൗരന്മാര്ക്കും ആത്മവിശ്വാസം നല്‍കുമെന്നും, ഒപ്പം മതസ്വാതന്ത്ര്യ നിലപാടിനോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയെ അത് ഉറപ്പിച്ചു പറയുമെന്നും യു.സി.എഫ് വ്യക്തമാക്കി.
ക്രൈസ്തവ സമൂഹത്തെ ബാധിക്കുന്ന സംഭവവികാസങ്ങളില്‍ കേരള മുഖ്യമന്ത്രി വി. ഡി. സതീശന് അടുത്തിടെ പ്രകടിപ്പിച്ച ആശങ്കയെയും സംഘടന സ്വാഗതം ചെയ്തു. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഭീഷണിയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നേരിട്ട് ബന്ധപ്പെടുമെന്ന് സതീശന് അറിയിച്ചിരുന്നു.