ക്രിസ്തുമസ് പുല്‍ക്കൂടും മരവും ദൈവം പകരുന്ന പ്രത്യാശയുടെയും പ്രകാശത്തിന്റെയും അടയാളങ്ങള്‍: സി. പെത്രീനി
വത്തിക്കാന്‍സിറ്റി: ദൈവം മാനവരാശിയിലേക്ക് ചൊരിഞ്ഞുകൊണ്ടിരിക്കുന്ന പ്രത്യാശയുടെയും പ്രകാശത്തിന്റെയും അടയാളങ്ങളാണ് ക്രിസ്തുമസ് പുല്‍ക്കൂടും മരവുമെന്ന് വത്തിക്കാന്‍ ഗവര്‍ണറേറ്റ് പ്രസിഡന്റ് സി. റഫായേല പെത്രീനി.
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ പതിവുപോലെ തയ്യാറാക്കപ്പെട്ട ക്രിസ്തുമസ് പുല്‍ക്കൂടും മരവും ഉദ്ഘാടനം ചെയ്ത അവസരത്തിലാണ് സി. പെത്രീനി ക്രൈസ്തവവിശ്വാസവുമായി ബന്ധപ്പെട്ട് ക്രിസ്തുമസ് അലങ്കാരങ്ങളുടെ കൂടി ഭാഗമായ പുല്‍ക്കൂടിനും മരത്തിനുമുള്ള പ്രാധാന്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചത്.
2000-ലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബെത്‌ലെഹെമില്‍ സംഭവിച്ച തിരുപ്പിറവിയുടെ സംഭവത്തിലേക്കാണ് പുല്‍ക്കൂട് നമ്മുടെ ചിന്തകളെ നയിക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ച ഗവര്‍ണറേറ്റ് പ്രസിഡന്റ് നിരായുധീകരിക്കുന്ന സ്‌നേഹത്തിന്റെ ശക്തി മാനവികതയ്ക്ക് കാണിച്ചു തന്നുകൊണ്ടാണ് ദൈവം മനുഷ്യനായി ചരിത്രത്തില്‍ അവതരിക്കുന്നതെന്ന് പ്രസ്താവിച്ചു.
2025-ലെ 'പ്രത്യാശയുടെ ജൂബിലി വര്‍ഷം ഏതാണ്ട് മൂന്ന് ആഴ്ചകളോടെ അവസാനിക്കുമെന്നും, എന്നാല്‍ അതോടെ, വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ മരണത്തിന്റെ എണ്ണൂറാം വര്‍ഷത്തിലേക്കാണ് നാം പ്രവേശിക്കുന്നതെന്നും സി. പെത്രീനി ഓര്‍മ്മിപ്പിച്ചു.
ഇറ്റലിയിലെ ഗ്രെച്ചോയില്‍ വിശുദ്ധ ഫ്രാന്‍സിസാണ് 1223-ല്‍ ആദ്യമായി ക്രിസ്തു പിറന്ന പുല്‍ക്കൂടിന്റെ ആവിഷ്‌കാരം അവതരിപ്പിച്ചത്.
പുല്‍ക്കൂട്ടിലെ ദിവ്യശിശുവിന്റെ മുന്നില്‍ വിശ്വാസത്തില്‍ ആഴപ്പെടുകയും ദൈവത്തോടുള്ള തന്റെ സ്‌നേഹം നവീകരിക്കുകയും ചെയ്ത വിശുദ്ധ അല്‍ഫോന്‍സ് മരിയ ലിഗോരിയും, വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയും, യഥാര്‍ത്ഥ സമാധാനമെന്നത്, മനുഷ്യരുടെ അധ്വാനത്തിന്റെ മാത്രം ഫലമല്ലെന്നും, അത് ദൈവത്തിന്റെ ദാനമാണെന്നുമാണ് ഓര്‍മ്മിപ്പിക്കുന്നതെന്ന് വത്തിക്കാന്‍ ഗവര്‍ണറേറ്റിന്റെ പ്രഥമ വനിതാ പ്രസിഡന്റ് പ്രസ്താവിച്ചു.
ഇത്തവണത്തെ ക്രിസ്തുമസ് പുല്‍ക്കൂടും മരവും സംഭാവന ചെയ്തവര്‍ക്ക് നന്ദി പറഞ്ഞ സി. പെത്രീനി അടുത്ത വര്‍ഷത്തെ മരം ഇറ്റലിയിലെ പൊള്ളീനോയിലെ തേറനോവ നഗരമായിരിക്കും സംഭാവന ചെയ്യുകയെന്നും, ക്രിസ്തുമസ് പുല്‍ക്കൂട് കിയെത്തി പ്രവിശ്യയിലുള്ള അത്തേസയില്‍നിന്നായിരിക്കുമെന്നും അറിയിച്ചു.
അതേസമയം വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയിലേക്കുള്ള ക്രിസ്തുമസ് അലങ്കാരങ്ങള്‍, ലൂക്ക പ്രവിശ്യയിലെ വിയറേജ്യോ കാര്‍ണിവല്‍ ഫൗണ്ടേഷനായിരിക്കും സംഭാവന ചെയ്യുക.
2025-ലെ ക്രിസ്തുമസ് മരം എത്തിച്ച ബൊള്‍ത്സാനൊ, പുല്‍ക്കൂട് എത്തിച്ച സലേര്‍ണൊ പ്രവിശ്യ, നൊചേറ ഇന്‍ഫെരിയോറെ സാര്‍ണൊ രൂപത എന്നിവിടങ്ങളില്‍നിന്നുള്ള പ്രതിനിധികളും ചടങ്ങുകളില്‍ സംബന്ധിച്ചു.
ഇതേദിവസം രാവിലെ പോള്‍ ആറാമന്‍ ശാലയില്‍ ഈ പ്രതിനിധികള്‍ക്ക് കൂടിക്കാഴ്ച അനുവദിച്ചിരുന്നു.