പാക്കിസ്ഥാനില്‍ നഗര വികസനത്തിന്റെ പേരില്‍ ക്രൈസ്തവര്‍ക്ക് കുടിയിറക്ക ഭീഷണി; വ്യാപക പ്രതിഷേധം

 
PAKISTAN



ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഇസ്ലാമാബാദില്‍ താമസിക്കുന്ന ക്രൈസ്തവര്‍ നേരിടുന്ന കുടിയിറക്ക ഭീഷണിയില്‍ പ്രതിഷേധം ശക്തമാകുന്നു.

 കുടിയേറ്റ കേന്ദ്രങ്ങളിലെ വീടുകളില്‍ നിന്ന് നിര്‍ബന്ധിതമായി കുടിയിറക്കപ്പെടാനുള്ള ഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍ അടിയന്തര സര്‍ക്കാര്‍ ഇടപെടല്‍ തേടിക്കൊണ്ടാണ് റിംഷ കോളനിയിലെ ക്രൈസ്തവര്‍ സംഘടിച്ചിരിക്കുന്നത്.

 കുടിയിറക്ക ഭീഷണി നേരിടുന്നവരില്‍ ഭൂരിഭാഗം ക്രൈസ്തവരും ദിവസ വേതനക്കാരും ശുചീകരണ തൊഴിലാളികളുമാണ്. പതിറ്റാണ്ടുകളായി തങ്ങള്‍ ഈ ഭൂമിയില്‍ താമസിക്കുന്നുണ്ടെന്നും പോകാന്‍ മറ്റ് സ്ഥലമില്ലെന്നും അവര്‍ പറയുന്നു.

നഗര വികസനമെന്ന പേരിലാണ് ന്യൂനപക്ഷ സമൂഹത്തെ കുടിയിറക്കുവാന്‍ ശ്രമം നടന്നുക്കൊണ്ടിരിക്കുന്നത്. തങ്ങള്‍ക്ക് നീതിയും സംരക്ഷണവും വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ആയിരക്കണക്കിന് ക്രൈസ്തവര്‍ തലസ്ഥാനത്ത് സമാധാനപരമായ പ്രതിഷേധ ധര്‍ണ്ണ നടത്തി. 

അധികാരികള്‍ തങ്ങളുടെ അന്തസ്സിനെയും ജീവിക്കാനുള്ള അവകാശത്തെയും മാനിക്കണമെന്ന് ആവശ്യപ്പെട്ടായിരിന്നു ധര്‍ണ്ണ. നിയമനിര്‍മ്മാതാക്കളും സഭാനേതാക്കളും ക്രൈസ്തവ പ്രതിനിധികളും കുടിയൊഴിപ്പിക്കല്‍ നടപടികള്‍ ഉടന്‍ നിര്‍ത്തണമെന്ന് അധികാരികളോട് അഭ്യര്‍ത്ഥിച്ചു.


പാക്ക് സര്‍ക്കാര്‍ നടപടി സാമൂഹികമായും സാമ്പത്തികമായും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നതാണെന്ന് ക്രൈസ്തവ നേതൃത്വം വ്യക്തമാക്കി. 

കുടുംബങ്ങളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ അംഗീകരിക്കണമെന്നും ആരും വീടില്ലാത്തവരായി അവശേഷിക്കരുതെന്നും കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പരിപാടിയ്ക്കിടെ ക്രൈസ്തവ നേതൃത്വം ആവശ്യപ്പെട്ടു. 

ശരിയായ പുനരധിവാസ പദ്ധതികള്‍ വാഗ്ദാനം ചെയ്തുകൊണ്ട് അനുകമ്പയും ഉത്തരവാദിത്തവും കാണിക്കണമെന്നും ക്രൈസ്തവ നേതാക്കള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

Tags

Share this story

From Around the Web