ക്രൈസ്തവർ സമാധാനത്തിന്റെ അംബാസഡർമാരാകണം: ഉഗാണ്ടയിലെ ബിഷപ്പ്

 
Uganada

യഥാർഥ സമാധാനം കൈവരിക്കുന്നതിനായി ആധുനിക കാലത്തെ വിഗ്രഹങ്ങളെ വെടിഞ്ഞ് ദൈവത്തെ ജീവിതത്തിന്റെ അടിസ്ഥാനമായി സ്വീകരിക്കാൻ ഉഗാണ്ടയിലെ അരുവ രൂപത ബിഷപ്പ് സബിനോ ഒച്ചാൻ ഒഡോക്കി വിശ്വാസികളോട് ആഹ്വാനം ചെയ്തു. ലിറ രൂപതയിലെ ലാംഗോ കോളേജിൽ നടന്ന ഗുലു എക്ലീസിയാസ്റ്റിക്കൽ പ്രൊവിൻസിന്റെ “പ്രാർഥനയും സമാധാനവും” (Prayer and Peace Week) വാരത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാന മധ്യേയാണ് അദ്ദേഹം ഈ സന്ദേശം നൽകിയത്.

സമ്പത്ത്, അധികാരം, സോഷ്യൽ മീഡിയ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മദ്യപാനം, ശാരീരിക സൗന്ദര്യത്തോടുള്ള അമിത ഭ്രമം എന്നിവയെ ബിഷപ്പ് ആധുനിക കാലത്തെ വിഗ്രഹങ്ങളായി വിശേഷിപ്പിച്ചു. ഇത്തരം ഭൗതിക താൽപ്പര്യങ്ങൾ ദൈവത്തെ നമ്മുടെ ജീവിതത്തിൽ രണ്ടാമതാക്കി മാറ്റുകയും സമൂഹത്തിൽ നിന്ന് യഥാർഥ സമാധാനം ഇല്ലാതാക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ദൈവത്തെ ഒന്നാമതായി കാണുകയും പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുമ്പോൾ മാത്രമേ സമാധാനം പുലരുകയുള്ളൂവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.


സമാധാന വാരത്തിന്റെ സമാപനത്തിൽ പങ്കെടുത്ത തീർഥാടകരെ സമാധാനത്തിന്റെ ദൂതന്മാരായി ബിഷപ്പ് നിയോഗിച്ചു. തങ്ങളുടെ രൂപതകളിലേക്ക് മടങ്ങുന്ന ഇവർ സമാധാനത്തിന്റെ മിഷനറിമാരായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യം ഉയർത്തിപ്പിടിക്കാനും മനുഷ്യാവകാശങ്ങളെ ബഹുമാനിക്കാനും അക്രമങ്ങൾ വെടിയാനും ഉഗാണ്ടൻ ജനതയോട് അദ്ദേഹം ആഹ്വാനം ചെയ്തു.

സമൂഹത്തിലെ വികസനത്തെയും ഐക്യത്തെയും തകർക്കുന്ന അഴിമതി, ഗോത്രീയത, പക്ഷപാതം, ദാരിദ്ര്യം എന്നിവയ്‌ക്കെതിരെ പോരാടാൻ ബിഷപ്പ് വിശ്വാസികളെ പ്രേരിപ്പിച്ചു. ക്രിസ്തു പഠിപ്പിച്ച പരസ്പര സ്നേഹമാണ് സമാധാനത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുലു, ലിറ, നെബ്ബി, അരുവ, കൊട്ടിഡോ എന്നീ രൂപതകളിൽ നിന്നുള്ള നിരവധി വിശ്വാസികളും സർക്കാർ പ്രതിനിധികളും ഈ ആത്മീയ സംഗമത്തിൽ പങ്കെടുത്തു.

Tags

Share this story

From Around the Web