സംഘർഷത്താൽ വലയുന്ന ഒരു ലോകത്ത് ക്രൈസ്തവർ ഐക്യത്തിന് സാക്ഷ്യം വഹിക്കണം: തവാദ്രോസ് രണ്ടാമനോട് പാപ്പ
സംഘർഷത്താൽ വലയുന്ന ഒരു ലോകത്ത്, ക്രൈസ്തവർ ഐക്യത്തിന് സാക്ഷ്യം വഹിക്കണമെന്ന് കോപ്റ്റിക് ഓർത്തഡോക്സ് പോപ്പ് തവാദ്രോസ് രണ്ടാമനോട് ലെയോ പതിനാലാമൻ പാപ്പ പറഞ്ഞു. കോപ്റ്റിക്-കത്തോലിക്കാ സൗഹൃദ ദിനത്തോടനുബന്ധിച്ച്, അലക്സാണ്ട്രിയയിലെ കോപ്റ്റിക് ഓർത്തഡോക്സ് പോപ്പും സെന്റ് മാർക്ക് സിംഹാസനത്തിന്റെ പാത്രിയർക്കീസുമായ തവാദ്രോസ് രണ്ടാമന് അയച്ച കത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
“ലോകത്തെ ബാധിക്കുന്ന, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിനെ ശിഥിലമാക്കുന്ന സംഘർഷങ്ങളുടെ വെളിച്ചത്തിൽ, ക്രിസ്ത്യാനികളുടെ ‘പൂർണ്ണ ഐക്യം’ ഒരു വിദൂരലക്ഷ്യം മാത്രമല്ല, അടിയന്തര ആവശ്യമാണ്” – പാപ്പ പറഞ്ഞു. കോപ്റ്റുകളും കത്തോലിക്കരും തമ്മിലുള്ള സൗഹൃദ ദിനാഘോഷത്തിന് പുതിയ പ്രചോദനം നൽകാനുള്ള ആഗ്രഹത്തെക്കുറിച്ചും, വിശ്വാസത്തിലും ദാനധർമ്മത്തിലും അധിഷ്ഠിതമായ സംഭാഷണത്തിനുള്ള തടസ്സങ്ങളെ മറികടക്കുന്നതിനെക്കുറിച്ചും കത്തിലൂടെ പാപ്പ ആഹ്വാനം ചെയ്തു.