വിശുദ്ധ നാട്ടിലെ ക്രിസ്ത്യാനികള്‍ ആഴത്തിലുള്ള ഭയത്തിലും അനിശ്ചിതാവസ്ഥയിലുമാണ് കഴിയുന്നത്: ദയനീയാവസ്ഥ വിവരിച്ച് ക്രൈസ്തവ നേതാവ്

 
george acrushs


ജെറുസലേം: ഇസ്രായേല്‍, അമേരിക്ക, ഇറാന്‍ എന്നിവ ഉള്‍പ്പെടുന്ന പുതിയ യുദ്ധം വിശുദ്ധ നാടിന്റെ സാഹചര്യത്തെ അതീവ ദയനീയമാക്കിയെന്ന വെളിപ്പെടുത്തലുമായി ക്രൈസ്തവ നേതാവ്. ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റിന്റെ വികസന ഓഫീസിന്റെ ഡയറക്ടറും മുതിര്‍ന്ന സഭാ ഉദ്യോഗസ്ഥനുമായ ജോര്‍ജ്ജ് അക്രൂഷാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. വിശുദ്ധ നാട്ടിലെ ക്രിസ്ത്യാനികള്‍ ആഴത്തിലുള്ള ഭയത്തിലും അനിശ്ചിതാവസ്ഥയിലുമാണ് കഴിയുന്നതെന്നും നിലവിലെ സാഹചര്യം മുന്‍പ് അനുഭവിച്ചതില്‍ നിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

സുരക്ഷ, ഉപജീവനമാര്‍ഗങ്ങള്‍, സമൂഹങ്ങളുടെ ഭാവി എന്നീ നിരവധി കാര്യങ്ങളെ കുറിച്ച് തങ്ങള്‍ ആശങ്കാകുലരാണ്. മുന്‍കാലങ്ങളില്‍ നിരവധി സംഘര്‍ഷങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും തന്റെ ജീവിതത്തിലെ ഏറ്റവും മോശം അനുഭവമുണ്ടായ സാഹചര്യമാണിത്. ദൈനംദിന ജീവിതം, പ്രത്യേകിച്ച് ജെറുസലേമിലും പരിസര പ്രദേശങ്ങളിലും, സാരമായി തടസ്സപ്പെട്ടിരിക്കുന്നു. റോക്കറ്റ് ആക്രമണങ്ങളുടെയും മിസൈലുകളില്‍ നിന്നുള്ള അവശിഷ്ടങ്ങളുടെയും നിരന്തരമായ ഭീഷണി വിശുദ്ധ നാട്ടിലെ ജനം നേരിടുന്നു. പഴയ നഗരത്തില്‍, പ്രധാനപ്പെട്ട മതസ്ഥലങ്ങള്‍ക്ക് സമീപം അവശിഷ്ട്ടങ്ങള്‍ പതിച്ചിട്ടുണ്ട്.

അതേസമയം തെക്കന്‍ ഇസ്രായേലില്‍, ക്രിസ്ത്യന്‍ കുടുംബങ്ങളുടേതുള്‍പ്പെടെയുള്ള വീടുകള്‍ക്ക് ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതിര്‍ത്തി കടന്നുള്ള റോക്കറ്റ് ആക്രമണത്തിന്റെ ഭീഷണിയിലാണ് വടക്കന്‍ പ്രദേശങ്ങളും. സംഘര്‍ഷം ഗുരുതരമായ മാനുഷിക വെല്ലുവിളികള്‍ക്കും കാരണമായിട്ടുണ്ട്. ഇസ്രായേലിലെ ആയിരക്കണക്കിന് പലസ്തീന്‍ തൊഴിലാളികളുടെ ജോലി സഞ്ചാര നിയന്ത്രണങ്ങള്‍ മൂലം ഇല്ലാതായി. ഇത് ക്രിസ്ത്യന്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ ബാധിച്ചു. ഗാസയില്‍, സഹായ വിതരണങ്ങള്‍ നിര്‍ത്തിവച്ചത് ആശുപത്രികളെ അവശ്യ മരുന്നുകളും സാധനങ്ങളും ഇല്ലാതെ ബുദ്ധിമുട്ടിലാക്കിയെന്നും മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ സ്ഥിതി ദയനീയമാകുകയാണെന്നും അദ്ദേഹം പറയുന്നു.

Tags

Share this story

From Around the Web