പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ സുരക്ഷിതരല്ല: ആശങ്ക പ്രകടിപ്പിച്ച് മനുഷ്യാവകാശ സംഘടന
ഫൈസലാബാദ്: പാക്കിസ്ഥാനിലുടനീളം ക്രൈസ്തവര്‍ക്ക് നേരെ അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് രാജ്യത്തെ മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് ഫോക്കസ് പാക്കിസ്ഥാന്‍ (ഒഞഎജ).
ക്രൈസ്തവരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍, ഭീഷണികള്‍, ജോലിസ്ഥലത്തെ വിവേചനം എന്നിവയില്‍ സംഘടന കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
ഫൈസലാബാദ് ജില്ലയില്‍ നിന്ന് മാത്രം സമീപ ആഴ്ചകള്‍ക്കുള്ളില്‍ അഞ്ച് പുതിയ കേസുകള്‍ തങ്ങളുടെ സംഘടനയുടെ ഹെല്‍പ്പ് ലൈന്‍ സംവിധാനം വഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നു ഭാരവാഹികള്‍ വെളിപ്പെടുത്തി.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ക്രിസ്ത്യന്‍ സമൂഹങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥ, വിവേചനം, സംരക്ഷണമില്ലായ്മ എന്നിവയുടെ അസ്വസ്ഥതയുളവാക്കുന്ന മാതൃകയാണ് രാജ്യത്തെ സംഭവങ്ങള്‍ പ്രതിഫലിപ്പിക്കുന്നതെന്നു സംഘടന ചൂണ്ടിക്കാട്ടി.
ക്രിസ്ത്യാനികള്‍ക്കു നേരെ പ്രത്യേകിച്ച് ശുചീകരണ തൊഴിലാളികള്‍ക്കും മറ്റ് താഴ്ന്ന ജോലികള്‍ ചെയ്യുന്നവരും പീഡനവും കനത്ത വിവേചനവും നേരിടുന്നുണ്ടെന്നും സംഘടന വൃത്തങ്ങള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇക്കഴിഞ്ഞ മെയ് 31ന് ക്രൈസ്തവ വിശ്വാസിയായ ശുചീകരണ തൊഴിലാളി കൊല്ലപ്പെട്ട സംഭവം ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളുടെ ഒടുവിലത്തെ സംഭവമായാണ് സംഘടന വിലയിരുത്തുന്നത്. ക്രിസ്ത്യന്‍ സ്ത്രീയെ ഒരു അക്രമി പീഡിപ്പിച്ചതില്‍ നിന്നാണ് സംഭവത്തിന്റെ ആരംഭം.
ഇതിനെ ചോദ്യം ചെയ്ത ക്രിസ്ത്യന്‍ ശുചീകരണ തൊഴിലാളിയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതി മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരിന്നു.
അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ച രണ്ട് ബന്ധുക്കള്‍ക്കും ഗുരുതരമായി പരിക്കേറ്റു. പീഡനവും കൊലപാതകവും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ഉണ്ടായിരുന്നിട്ടും, പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് ഫോക്കസ് പാക്കിസ്ഥാന്‍ ചൂണ്ടിക്കാട്ടുന്നു.
ക്രൈസ്തവരായ സ്ത്രീകള്‍ക്കും അസംഘടിത തൊഴിലാളികള്‍ക്കും നേരെ ലൈംഗീക അതിക്രമം ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ തുടര്‍ച്ചയായി നേരിട്ടിട്ടും ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാനിലെ ഭരണകൂടം നിസംഗത പുലര്‍ത്തുകയാണ്. ഇതിനെതിരെ ആഗോള തലത്തില്‍ തന്നെ പ്രതിഷേധമുണ്ട്.