ഇറാനിലെ ക്രൈസ്തവര്‍ നേരിടുന്നത് കൊടിയ പീഡനം

 
 cross-2


ടെഹ്‌റാന്‍: പശ്ചിമേഷ്യ യുദ്ധക്കളമായതിനിടെ ഇറാനിലെ ക്രൈസ്തവര്‍ നേരിടുന്ന കൊടിയ പീഡനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത്. 


കഴിഞ്ഞ വര്‍ഷം മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇറാനില്‍ 254 ക്രിസ്ത്യാനികള്‍ അവരുടെ വിശ്വാസത്തിന്റെ പേരില്‍ അറസ്റ്റിലായതായി ആര്‍ട്ടിക്കിള്‍ 18, ഓപ്പണ്‍ ഡോര്‍സ്, സിഎസ്ഡബ്ല്യു, മിഡില്‍ ഈസ്റ്റ് കണ്‍സേണ്‍ എന്നീ സംഘടനകള്‍ സംയുക്തമായി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 


രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഭരണകൂടം ക്രൈസ്തവരെ ലക്ഷ്യം വയ്ക്കുകയും അവരെ ബലിയാടുകളാക്കി മാറ്റുകയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.


 'ബലിയാടുകള്‍: ഇറാനിലെ ക്രിസ്ത്യാനികള്‍ക്കെതിരായ അവകാശ ലംഘനങ്ങള്‍' എന്ന തലക്കെട്ടോടെയാണ് വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ ജൂണില്‍ ഇറാനും ഇസ്രായേലും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തെത്തുടര്‍ന്ന് അഞ്ച് ക്രിസ്ത്യാനികള്‍ക്കെതിരെ ചാരവൃത്തി കുറ്റം ചുമത്തി 40 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. 

രാജ്യത്തെ വിയോജിപ്പുള്ള ശബ്ദങ്ങളെയോ അഭിപ്രായങ്ങളെയോ വിശ്വാസങ്ങളെയോ ക്രൂരമായി ഇല്ലാതാക്കുന്ന സര്‍ക്കാരിന് കീഴിലാണ് രാജ്യത്തെ ന്യൂനപക്ഷ സമൂഹം കഴിയുന്നതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

 കഴിഞ്ഞ വര്‍ഷം ഇറാനില്‍ അറസ്റ്റിലായ മിക്ക ക്രിസ്ത്യാനികള്‍ക്കെതിരെയും 'ഇസ്ലാമിന്റെ വിശുദ്ധ മതത്തിന് വിരുദ്ധമായ പ്രചാരണം' എന്ന പേരിലാണ് കുറ്റം ചുമത്തിയിട്ടുള്ളത്. ഇവരില്‍ 43 പേര്‍ ഇപ്പോഴും ശിക്ഷ അനുഭവിക്കുന്നുണ്ടെന്നും, മറ്റ് 16 പേര്‍ വിചാരണയ്ക്ക് മുമ്പുള്ള തടങ്കലില്‍ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തടവ്, നാടുകടത്തല്‍ അല്ലെങ്കില്‍ നിര്‍ബന്ധിത ജോലിക്ക് ശിക്ഷിക്കപ്പെട്ട ക്രിസ്ത്യാനികളുടെ എണ്ണം 57 ആണെന്നും കണക്കുകള്‍ പറയുന്നു. 92 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ഇറാനില്‍, ഏകദേശം 800,000 ക്രിസ്ത്യാനികള്‍ മാത്രമാണുള്ളത്. 

രാജ്യത്തെ മനുഷ്യാവകാശത്തിന് വേണ്ടി സ്വരമുയര്‍ത്തുന്ന ക്രൈസ്തവ വിശ്വാസം പിന്തുടരുന്നവരെ കൃത്യമായി ലക്ഷ്യംവെച്ചാണ് ഭരണകൂട വേട്ടയാടല്‍ തുടരുന്നത്. 

അതേസമയം ക്രൈസ്തവരെ ലക്ഷ്യംവെച്ചുള്ള പീഡനം ശക്തമാകുമ്പോഴും രഹസ്യമായി അനേകം ഇസ്ലാം മതസ്ഥര്‍ ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതായുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിന്നു.

Tags

Share this story

From Around the Web