വ്യാജ പശുക്കടത്ത് ആരോപണം ഉന്നയിച്ച് ഒഡീഷയില്‍ ക്രൈസ്തവര്‍ക്ക് നേരെ ക്രൂരമര്‍ദ്ദനം

 
odisha


സുന്ദര്‍ഗഡ്, ഒഡീഷ: ഒഡീഷയിലെ സുന്ദര്‍ഗഡ് ജില്ലയില്‍ സ്വന്തം കന്നുകാലികളെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ കന്നുകാലികളെ കടത്തിയെന്ന വ്യാജ ആരോപണം ഉന്നയിച്ച് രണ്ട് കത്തോലിക്ക വിശ്വാസികളെ ഗോരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. 
തെലനാദിഹി ഗ്രാമത്തില്‍ നിന്നുള്ള ജോഹാന്‍ സോറന്‍ (66), സഹോദരന്‍ ഫിലിപ്പ് സോറന്‍ (55) എന്നി സാധാരണക്കാരായ ക്രൈസ്തവരെയാണ് മാലിപാദ റോഡിന് സമീപം പതിനാറോളം പേര്‍ അടങ്ങുന്ന സംഘം ആക്രമിച്ചത്. 

ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഭാരത ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (ഇഇആക) കീഴിലുള്ള 'കാത്തലിക് കണക്റ്റ്' എന്ന മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജോഹാന്റെ ഭാര്യയുടെ ചികിത്സ ഉള്‍പ്പെടെയുള്ള അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് സഹോദരന്മാര്‍ തങ്ങളുടെ കാളകളെയും കന്നുകുട്ടികളെയും കൊഡോമല്‍ ഗ്രാമത്തിലെ ഒരു കന്നുകാലി വ്യാപാരിക്ക് നാല്‍പ്പതിനായിരം രൂപയ്ക്കു വിറ്റത്. 


ഓഗസ്റ്റ് 19ന്, വ്യാപാരിയുടെ അടുത്തേക്ക് കാല്‍നടയായി മൃഗങ്ങളെ കൊണ്ടുപോകുന്നതിനിടെ രണ്ട് പ്രാദേശിക യുവാക്കള്‍ അവരെ തെലെനാദിഹി ബരാഗച്ച് സ്‌ക്വയറിന് സമീപം തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയായിരിന്നു. വളര്‍ത്തു മൃഗങ്ങളെ വിറ്റതാണെന്ന് സഹോദരന്മാര്‍ വിശദീകരിച്ചതോടെ യുവാക്കള്‍ യാതൊരു പ്രശ്നവുമില്ലാതെ പോയി.


എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍, മാലിപാദ റോഡിന് സമീപം, ഇതേ യുവാക്കളും 16 പേരടങ്ങുന്ന ഒരു വലിയ സംഘവുമായി തിരിച്ചെത്തുകയായിരിന്നു. പശുക്കടത്ത് ആരോപിച്ച് സഹോദരന്മാര്‍ക്കെതിരെ ആള്‍ക്കൂട്ടം ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരിന്നു. 


ഭീഷണിയ്ക്കു പിന്നാലേ വടികൊണ്ട് ക്രൂരമായി അടിക്കുകയും രക്തം വാര്‍ന്ന് ബോധരഹിതരാകുന്നതുവരെ ചവിട്ടുകയും ചെയ്തതായി ഇരുവരും പറയുന്നു. സമീപകാലത്ത് ക്രൈസ്തവര്‍ക്ക് നേരെ വലിയ ആക്രമണങ്ങളാണ് ഒഡീഷയിലും മറ്റ് സംസ്ഥനങ്ങളിലും നടന്നുക്കൊണ്ടിരിക്കുന്നത്. 


നിലനില്‍പ്പിന് വേണ്ടി സ്വന്തം ജീവനോപാധികളെ വരെ ഉപയോഗിക്കാന്‍ കഴിയാത്ത വിധത്തില്‍ ക്രൈസ്തവര്‍ ഒറ്റപ്പെടുകയാണെന്നതിന്റെ പ്രകടമായ ഉദാഹരണമാണ് ഈ സംഭവം

Tags

Share this story

From Around the Web