ക്രൈസ്തവര്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന മതസമൂഹം : ഐക്യരാഷ്ട്രസഭയില്‍ വത്തിക്കാന്‍
ജനീവ: ലോകമെമ്പാടും ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന മതസമൂഹം ക്രൈസ്തവരാണെന്ന് വത്തിക്കാന്‍. ജനീവയില്‍ നടന്ന ഐക്യരാഷ്ട്രസഭ കോണ്‍ഫ്രന്‍സില്‍ വത്തിക്കാന്‍ സ്ഥിര നിരീക്ഷികനായ ആര്‍ച്ചുബിഷപ് എത്തോറെ ബാലെസ്‌ട്രെറോയാണ് കണക്കുകള്‍ ഉദ്ധരിച്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ക്രിസ്തുവില്‍ വിശ്വസിച്ചതിന്റെ പേരില്‍ മാത്രം 2025-ല്‍ ഏകദേശം 5,000 ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി ലോകവ്യാപാരസംഘടനയിലെയും കുടിയേറ്റത്തിനായുള്ള സംഘടനയിലെയും വത്തിക്കാന്റെ പ്രതിനിധി കൂടിയായ ആര്‍ച്ചുബിഷപ് പറഞ്ഞു ഓരോ ദിവസവും ശരാശരി 13 പേര്‍ വീതം.
ലോകമെമ്പാടുമുള്ള 40 കോടി ക്രൈസ്തവര്‍ (ഏഴില്‍ ഒരാള്‍ വീതം) അക്രമങ്ങള്‍ക്കോ വിവേചനങ്ങള്‍ക്കോ ഇരയാകുന്നുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ക്രൈസ്തവര്‍ക്കെതിരെ നടക്കുന്നത്. മതസ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് അതത് രാജ്യങ്ങളുടെ കടമയാണെന്ന് ആര്‍ച്ചുബിഷപ് ബാലെസ്‌ട്രെറോ പറഞ്ഞു.
പീഡനങ്ങള്‍ ഏഷ്യയിലും ആഫ്രിക്കയിലും മാത്രമല്ല, യൂറോപ്പിലും വര്‍ധിച്ചുവരികയാണ്. 2024-ല്‍ മാത്രം യൂറോപ്പില്‍ ക്രൈസ്തവര്‍ക്കെതിരെ 760-ലധികം വിദ്വേഷ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇതിനുദാഹരണമായി ആര്‍ച്ചുബിഷപ് ചൂണ്ടിക്കാണിച്ചു.
ശാരീരികമായ അക്രമങ്ങള്‍ക്ക് പുറമെ രാഷ്ട്രീയ, സാമൂഹിക, തൊഴില്‍ മേഖലകളില്‍ നിന്ന് ക്രൈസ്തവ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരെ ബോധപൂര്‍വ്വം ഒഴിവാക്കുന്ന പ്രവണതയും വര്‍ധിച്ചുവരുകയാണ്.
പരമ്പരാഗതമായി ഭൂരിപക്ഷമാളുകളും ക്രൈസ്തവ വിശ്വാസം പിന്തുടരുന്ന ഇടങ്ങളില്‍ പോലും ഭരണപരമായ നിയന്ത്രണങ്ങളിലൂടെ വിശ്വാസികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുകയാണെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു.