ലോകത്തിൽ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്നത് ക്രൈസ്തവർ; ഐക്യരാഷ്ട്രസഭയിൽ ആശങ്കയറിയിച്ച് വത്തിക്കാൻ
ലോകത്തിൽ ഇന്നും ഏറ്റവുമധികം പീഡനങ്ങൾക്കും വിവേചനങ്ങൾക്കും ഇരയാകുന്നത് ക്രൈസ്തവസമൂഹമാണെന്ന് ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകൻ ആർച്ച്ബിഷപ്പ് എത്തോറെ ബാലെസ്ട്രെറോ. ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2025 ൽ മാത്രം ലോകമെമ്പാടുമായി ഏകദേശം 5,000 ക്രൈസ്തവർ തങ്ങളുടെ വിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെട്ടു. അതായത്, പ്രതിദിനം ശരാശരി 13 പേർ വീതം രക്തസാക്ഷിത്വം വരിക്കുന്നു. ലോകമെമ്പാടുമുള്ള 40 കോടിയോളം ക്രൈസ്തവർ നിലവിൽ പീഡനങ്ങളോ, അക്രമങ്ങളോ, വിവേചനങ്ങളോ നേരിടുന്നുണ്ട്. ഇത് ലോകത്തിലെ മറ്റേതൊരു മതവിഭാഗത്തേക്കാളും കൂടുതലാണെന്ന് ആർച്ച്ബിഷപ്പ് ചൂണ്ടിക്കാട്ടി.
“മതസ്വാതന്ത്ര്യം എന്നത് ഗവൺമെന്റുകൾ നൽകുന്ന ഒരു ഔദാര്യമല്ല, മറിച്ച് അത് ഓരോ മനുഷ്യന്റെയും മൗലികാവകാശമാണ്. പല രാജ്യങ്ങളിലും ഈ അവകാശം ഹനിക്കപ്പെടുന്നത് അത്യന്തം അപകടകരമാണ്. പാശ്ചാത്യരാജ്യങ്ങളിൽപ്പോലും ക്രൈസ്തവമൂല്യങ്ങൾ മുറുകെപ്പിടിക്കുന്നവർ വിവേചനം നേരിടുന്നുണ്ട്” – ആർച്ച്ബിഷപ്പ് എത്തോറെ പറഞ്ഞു. അതേസമയം, വിശ്വാസത്തിന്റെ പേരിൽ പൊതു ഇടങ്ങളിൽ നിന്ന് മാറ്റിനിർത്തപ്പെടുന്ന അവസ്ഥയെ അദ്ദേഹം ‘മാന്യമായ പീഡനം’ എന്ന് വിശേഷിപ്പിച്ചു.
പൗരന്മാരുടെ മതസ്വാതന്ത്ര്യവും ജീവനും സംരക്ഷിക്കാൻ ഓരോ രാഷ്ട്രത്തിനും ബാധ്യതയുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തീവ്രവാദവും ഏകാധിപത്യ ഭരണകൂടങ്ങളും മതസ്വാതന്ത്ര്യത്തിന് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.