ക്രിസ്ത്യാനികൾ വിളിക്കപ്പെട്ടിരിക്കുന്നത് സൗജന്യതയുടെ പുളിപ്പ് ലോകത്തിലേക്ക് കൊണ്ടുവരുവാൻ ആണ് : പാപ്പാ

 
Papa

മാഡ്രിഡിലെ തന്റെ അപ്പസ്തോലിക സന്ദർശന വേളയിലുടനീളം, സന്നദ്ധപ്രവർത്തനം ചെയ്ത ഏവർക്കും ഹൃദ്യമായ ഭാഷയിൽ നന്ദി പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. കർത്താവിനോടും, സഭയോടും, പാപ്പായോടുമുള്ള  സ്നേഹത്തെ പ്രതിയാണ്, അവരുടെ സാന്നിധ്യവും, സേവനങ്ങളും ഈ ദിവസങ്ങളിൽ അവർ നൽകിയതെന്ന് പാപ്പാ പറഞ്ഞു.

ദൈനംദിന ജോലികളിൽ നിന്നും അവധിയെടുത്തുകൊണ്ട്, മുഴുവൻ സമയവും അർപ്പണ മനോഭാവത്തോടെ സേവനം ചെയ്തവരാണ്, സന്നദ്ധപ്രവർത്തകർ എന്ന് പറഞ്ഞ പാപ്പാ, ഹൃദയം, കൈകൾ, ആശയങ്ങൾ, കഴിവുകൾ, പുഞ്ചിരി എന്നിവയുടെയെല്ലാം അവർ നൽകിയ സേവനങ്ങൾക്ക് ദൈവം പ്രതിഫലം നല്കട്ടെയെന്നും പാപ്പാ പറഞ്ഞു. തുടർന്ന് ഹ്രസ്വമായ ഒരു ചിന്തയും പാപ്പാ പങ്കുവച്ചു. ക്രിസ്ത്യാനികൾ വിളിക്കപ്പെട്ടിരിക്കുന്നത് സൗജന്യതയുടെ പുളിപ്പ് ലോകത്തിലേക്ക് കൊണ്ടുവരുവാൻ ആണെന്ന് പാപ്പാ എടുത്തുപറഞ്ഞു.

തുടർന്ന് വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ എടുത്തു പറയുന്ന പുളിപ്പിന്റെ ഉപമയെ ചൂണ്ടിക്കാണിച്ചുകൊണ്ട്, കഴിഞ്ഞ ജൂബിലി വർഷത്തിൽ സന്നദ്ധസേവനം ചെയ്ത   അനേകം സഹോദരീസഹോദരന്മാരെപ്പോലെ, മാഡ്രിഡിൽ സേവനം നടത്തിയവർ, സൗജന്യത കൈമുതലാക്കിയ വരാനിരിക്കുന്ന ദൈവരാജ്യത്തിൻറെ അടയാളമാണെന്നു ചൂണ്ടിക്കാണിച്ചു. ഒരു സമൂഹത്തിന്റെ മാനുഷികവും ധാർമ്മികവും ആത്മീയവുമായ ഗുണം വളർത്തുന്ന ഒരു പുളിപ്പാണ് സൗജന്യത എന്നും, ഇത് ദൈവത്തിന്റെ നഗരത്തിന്റെ സ്വഭാവ വൈശിഷ്ട്യത ആണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. "വളർച്ച" എന്ന പദം സാമ്പത്തിക തലത്തിലേക്ക് ചുരുക്കപ്പെടുകയും, പലിശയുടെയും ലാഭത്തിന്റെയും യുക്തിയാൽ സ്വാധീനിക്കപ്പെടുന്ന ഒരു ലോകത്ത്, യഥാർത്ഥ യുക്തി, അതായത് സമഗ്ര മനുഷ്യ വളർച്ച അനുസരിച്ച് ചിന്തിക്കുകയും ജീവിക്കുകയും ചെയ്യേണ്ടതുണ്ടെന്നും പാപ്പാ പറഞ്ഞു. "നിങ്ങള്‍ക്കു നന്‍മ ചെയ്യുന്നവര്‍ക്കു നിങ്ങള്‍ നന്‍മ ചെയ്യുന്നതില്‍ എന്തു മേന്‍മയാണുള്ളത്? . തിരിച്ചു കിട്ടുമെന്നു പ്രതീക്ഷിച്ച് വായ്പ കൊടുക്കുന്നതില്‍ എന്തു മേന്‍മയാണുളളത്?" എന്ന ലൂക്കയുടെ സുവിശേഷത്തിലെ വചനവും പാപ്പാ ഉദ്ധരിച്ചു.

യേശുക്രിസ്തു സ്വർഗ്ഗരാജ്യത്തിലെ പുളിപ്പ് ലോകത്തിലേക്ക് കൊണ്ടുവന്നുവെന്നും, അവിടുത്തെ യാഗത്തിന്റെ ജലവും രക്തവും പരിശുദ്ധാത്മാവിന്റെ അഗ്നിയും ഉപയോഗിച്ചുകൊണ്ട്  അത് രോഗബാധിതമായ  മനുഷ്യരാശിയെ ഒന്നിപ്പിച്ചുവെന്നും പാപ്പാ പറഞ്ഞു. ലോകത്തിൽ  സ്നേഹത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും അടയാളങ്ങളും ഉപകരണങ്ങളും ആകേണ്ടതിനു, തന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം അവൻ  ശിഷ്യന്മാരെ അതേ ആത്മാവിന്റെ ശക്തിയോടെ  അയച്ചുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. സൂര്യനെയും നക്ഷത്രങ്ങളെയും ചലിപ്പിക്കുകയും കർത്താവായ യേശുവിനെ കണ്ടുമുട്ടിയവരുടെ ഹൃദയങ്ങളെ ചലിപ്പിക്കുകയും ചെയ്യുന്ന ദൈവസ്നേഹമാണ് ഇതിന്റെയെല്ലാം രഹസ്യമെന്നുള്ളതും പാപ്പാ ചൂണ്ടിക്കാട്ടി.

ഒരിക്കൽക്കൂടി ഏവർക്കും നന്ദിയർപ്പിച്ച പാപ്പാ, റോമിൽ കണ്ടുമുട്ടാമെന്ന ആഹ്വാനവും നൽകി.

Tags

Share this story

From Around the Web