'രാജ്യത്ത് വിവിധ ഇടങ്ങളില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നു; ശക്തമായി അപലപിക്കുന്നു'; ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്
കൊച്ചി: ക്രിസ്മസ് വേളയില്‍ രാജ്യത്ത് വിവിധ ഇടങ്ങളില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നുവെന്ന് സിബിസിഐ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്. വളരെയധികം ദുഃഖത്തോടെയാണ് നില്‍ക്കുന്നതെന്നും ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
ഭരണഘടനയുടെ ആത്മാവിന് തന്നെ മുറിവേല്‍പ്പിക്കുന്നതാണ് ഇത്. അതിക്രമങ്ങള്‍ തടയണമെന്നും ക്രൈസ്തവരെ സംരക്ഷിക്കണമെന്നും പ്രധാനമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും അഭ്യര്‍ത്ഥിക്കുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു. എല്ലാ ആക്രമണത്തിന് പിന്നിലും സംഘ പരിവാറാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പാലക്കാട് കുട്ടികളടങ്ങുന്ന കരാള്‍ സംഘത്തിന് നേരെ സംഘപരിവാര്‍ ആക്രമണം ഉണ്ടായി. ഈ അക്രമി സംഘത്തെ ബിജെപി നേതാക്കള്‍ ന്യായീകരിക്കുകയാണ് ചെയ്യുന്നത്. കരാള്‍ സംഘങ്ങളെ അപമാനിക്കുന്ന രീതിയില്‍ മുതിര്‍ന്ന നേതാക്കള്‍ പരാമര്‍ശം നടത്തി. അക്രമികള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.