ക്രിസ്ത്യന്‍ യുവാക്കള്‍ രാഷ്ട്രീയത്തില്‍ സജീവമാകണം. യുവാക്കള്‍ക്ക് താല്‍പര്യമില്ലാതായാല്‍ സര്‍ക്കാരുകളില്‍ ക്രൈസ്തവ പ്രാതിനിധ്യം കുറയും. സര്‍ക്കുലര്‍ ഇറക്കി കെസിബിസി

തിരുവനന്തപുരം: ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള യുവാക്കള്‍ക്ക് രാഷ്ട്രീയത്തില്‍ താല്‍പര്യം കുറയുന്നതില്‍ ആശങ്ക കത്തോലിക്കാ യൂത്ത് ദിനത്തോടനുബന്ധിച്ച് കേരള കത്തോലിക്ക ബിഷപ്സ് കൗണ്‍സില്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ക്രിസ്ത്യന്‍ യുവാക്കള്‍ സജീവരാഷ്ട്രീയത്തില്‍ നിന്ന് അകലുന്ന പ്രവണതയെ കുറിച്ചുള്ള ആശങ്ക പ്രകടമാക്കുന്നത്.
യുവാക്കള്‍ രാഷ്ട്രീയത്തില്‍ സജീവമായി പങ്കെടുക്കണമെന്നും സര്‍ക്കുലറില്‍ ആഹ്വാനം ചെയ്യുന്നു. കെ.സി.ബി.സി യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍. ക്രിസ്തുദാസ്, വൈസ് ചെയര്‍മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, മാര്‍ മാത്യൂസ് പൊളിക്കാര്‍പോസ് എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കിയ സര്‍ക്കുലര്‍ ഞായറാഴ്ച പള്ളികളില്‍ നടന്ന കുര്‍ബാന മധ്യേ വായിച്ചു.
വിദേശത്തേക്ക് ജോലി അന്വേഷിച്ചു പോകുന്ന യുവാക്കളെ കുറിച്ചും സര്‍ക്കുലറില്‍ പരാമര്‍ശമുണ്ട്. വിദേശത്തേക്ക് നല്ല ജീവിതത്തിനായി പോകുന്നതിനെ സഭ എതിര്‍ക്കില്ല. എന്നാല്‍, രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സംരംഭകത്വം, തൊഴില്‍ തുടങ്ങിയ കാര്യങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കണമെന്ന നിര്‍ദ്ദേശവും സര്‍ക്കുലറില്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അത്യന്തം വ്യവസ്ഥാപരമല്ലെന്നും നേതൃക്ഷമതയും ചിന്താവൈഭവവുമുള്ള ക്രിസ്ത്യന്‍ യുവാക്കള്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്നും അകലുന്നത് അനാവശ്യമാണെന്നും സര്‍ക്കുലറില്‍ പറയുന്നു.
ജ്ഞാനവും കഴിവും ഉപയോഗപ്പെടുത്തി സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പുതിയ തലമുറ രാഷ്ട്രീയത്തില്‍ പ്രവേശിക്കണം. കത്തോലിക്കാ യുവജനസംഘടനകള്‍ നേതൃഗുണമുള്ള യുവാക്കളെ പരിശീലിപ്പിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരണം. യോഗ്യതയുള്ള യുവാക്കള്‍ ഈ ദൗത്യത്തില്‍ പങ്കുചേരണമെന്നും അത് സമൂഹത്തിനും ക്രിസ്ത്യന്‍ സമുദായത്തിനും അത്യാവശ്യമാണെന്നും ഇതില്‍ വ്യക്തമാക്കുന്നു.
രാഷ്ട്രീയത്തില്‍ ക്രിസ്ത്യന്‍ പ്രതിനിധികള്‍ കുറയുന്നത് സഭയെ ആശങ്കപ്പെടുത്തുന്ന വിഷയമാണ്. ക്രിസ്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരില്‍ പങ്കാളിത്തം അനിവാര്യമാണ്.
യുവാക്കള്‍ രാഷ്ട്രീയത്തില്‍ താല്‍പ്പര്യം കാണിക്കാതെ പോയാല്‍ ഭാവിയിലെ സര്‍ക്കാരുകളില്‍ ക്രൈസ്തവ സമൂഹത്തിന്റെ പങ്ക് ഇനിയും കുറയും. മുന്‍കാല ങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ കത്തോലിക്കാ സഭ വലിയ സ്വാധീനശേഷി പുലര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍, ഭരണകക്ഷികളില്‍ കത്തോലിക്കരുടെ പങ്കാളിത്തം കുറഞ്ഞുവരുന്നത് സഭയെ ഉത്കണ്ഠയിലാഴ്ത്തിയിരിക്കുകയാണ്.
ക്രൈസ്തവ സമൂഹം വീണ്ടും ഒരു പ്രബല രാഷ്ട്രീയശക്തിയായി ഉയരാന്‍ യുവാക്കളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനാണ് സഭയുടെ ഇപ്പോഴത്തെ ശ്രമമെന്നും സഭയിലെ ചില വൈദികര്‍ വ്യക്തമാക്കുന്നു.