പെണ്‍കുട്ടികളെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തു: പാക്കിസ്ഥാനില്‍ ക്രൈസ്തവ യുവാവിന് ക്രൂരമര്‍ദനം
പള്ളിയിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടികളെ തടയുകയും ശല്യപ്പെടുത്തുകയും ചെയ്തത് ചോദ്യം ചെയ്ത 17 വയസ്സുകാരനായ ക്രൈസ്തവ യുവാവിനെ ഒരു സംഘം ആള്‍ക്കാര്‍ വളഞ്ഞിട്ട് ക്രൂരമായി മര്‍ദിച്ചു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ഷെയ്ഖുപുര ജില്ലയിലെ നസ്രത്ത് കോളനിയിലാണ് സംഭവം നടന്നത്. ഇഖ്‌ലാഖ് മസീഹ് എന്ന യുവാവാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്.
പ്രാദേശികമായി സ്വാധീനമുള്ള അലി ഷാ എന്ന വ്യക്തിയും സുഹൃത്തുക്കളും ചേര്‍ന്ന് ഞായറാഴ്ചകളില്‍ പള്ളിയിലേക്ക് പോകുന്ന ക്രൈസ്തവ പെണ്‍കുട്ടികളെ സ്ഥിരമായി പരിഹസിക്കുകയും പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും ചെയ്യാറുണ്ടായിരുന്നു. ഓഗസ്റ്റ് 16-ന് അതിക്രമം നേരിട്ട പെണ്‍കുട്ടിക്ക് പിന്തുണയുമായി ഇഖ്‌ലാഖ് രംഗത്തെത്തുകയും സംഘത്തോട് ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഇഖ്‌ലാഖിന് നേരെ വംശീയവും മതപരവുമായ അധിക്ഷേപ വാക്കുകള്‍ ഉപയോഗിച്ച് അക്രമികള്‍ തട്ടിക്കയറി.
അവിടെനിന്ന് താല്‍ക്കാലികമായി മടങ്ങിയ അലി ഷായും സംഘവും, പിന്നീട് ഇഖ്‌ലാഖ് ഒറ്റയ്ക്കാകുന്ന സമയം നോക്കി തോക്കുകളും ഇരുമ്പ് വടികളും മോട്ടോര്‍ സൈക്കിള്‍ ചെയിനുകളുമായി എത്തി ആക്രമിക്കുകയായിരുന്നു. മര്‍ദനമേറ്റ് ബോധരഹിതനായ ഇഖ്‌ലാഖിനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആക്രമണത്തില്‍ ഇഖ്‌ലാഖിന്റെ ശരീരത്തിലുടനീളം ഗുരുതരമായ പരിക്കുകള പറ്റിയിട്ടുണ്ട്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും, പ്രതികളുടെ പ്രാദേശിക സ്വാധീനം കാരണം അവര്‍ക്ക് ജാമ്യം ലഭിക്കുമോയെന്ന ഭീതിയിലാണ് കുടുംബം.
കേസ് പിന്‍വലിച്ചില്ലെങ്കില്‍ ഇഖ്‌ലാഖിനെ വധിക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കണമെന്ന് പ്രദേശത്തെ ക്രൈസ്തവ സമൂഹം ആവശ്യപ്പെട്ടു.