മതപരിവര്‍ത്തനം ആരോപിച്ച് തെലങ്കാനയില്‍ ക്രൈസ്തവ യുവതികള്‍ക്ക് മര്‍ദ്ദനം; പ്രതിഷേധം ശക്തമാകുന്നു
ഹൈദരാബാദ്: മതപരിവര്‍ത്തനം ആരോപിച്ച് തെലങ്കാനയില്‍ ക്രൈസ്തവ യുവതികളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ വിവിധ ക്രൈസ്തവ സംഘടനകള്‍ സമുദായ പ്രതിനിധികളും പ്രതിഷേധവുമായി രംഗത്തെത്തി.
രംഗറെഡ്ഡി ജില്ലയിലെ അല്മാസ്ഗുഡ ഗ്രാമത്തില്‍ രണ്ട് യുവതികളെ സംഘംചേര്‍ന്ന് മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഒരാള്‍ തുടര്‍ച്ചയായി യുവതികളുടെ മുഖത്തടിക്കുന്നതും അസഭ്യം പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. തങ്ങളെ വെറുതെ വിടണമെന്നും ആന്റിയെ കാണാന്‍ വന്നതാണെന്നും ഒരു യുവതി കരഞ്ഞുകൊണ്ട് പറയുന്നത് വീഡിയോയിലുണ്ട്. അവരുടെ കൈവശമുണ്ടായിരുന്ന ബാഗുകള്‍ അക്രമികള്‍ പരിശോധിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.
മീര്‍പേട്ട് പൊലീസ് സ്റ്റേഷന് പരിധിയിലെ ഡോ. ബി.ആര് അംബേദ്കര്‍ പ്രതിമയ്ക്ക് സമീപം കഴിഞ്ഞ മാസമാണ് ഈ സംഭവം നടന്നത്. യുവതികള്‍ക്ക് സംരക്ഷണം നല്‍കണമെന്നും കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ക്രൈസ്തവ നേതാക്കളും സാംസ്കാരിക പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. ഹൈക്കോടതി അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് തെലങ്കാന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മതപരിവര്‍ത്തനം എന്ന വ്യാജ ആരോപണം ഉന്നയിച്ച് ക്രൈസ്തവരെ അക്രമിക്കുന്ന സംഭവങ്ങള്‍ രാജ്യത്ത് പെരുകുകയാണ്. പോലീസിന്റെ ഇടപെടലുകള്‍ കാര്യക്ഷമമല്ലെന്ന പരാതികളും വ്യാപകമായി ഉയരുന്നു.