ക്രൈസ്തവ രാഷ്ട്രീയ പ്രവര്‍ത്തകര്‍ സത്യത്തിനു സാക്ഷികളാകണം: പാപ്പാ

ഈ വര്‍ഷത്തെ ജൂബിലിയോടനുബന്ധിച്ച്, ഫ്രാന്‍സിലെ ക്രേതേയി രൂപതയില്‍ നിന്നുള്ള രാഷ്ട്രീയ പൊതുപ്രവര്‍ത്തകരുടെ പ്രതിനിധിസംഘം റോമിലെത്തി. ആഗസ്റ്റ് മാസം ഇരുപത്തിയെട്ടാം തീയതി, ലിയോ പതിനാലാമന്‍ പാപ്പാ അവര്‍ക്ക് സ്വകാര്യ സദസ് അനുവദിക്കുകയും, ആധുനിക രാഷ്ട്രീയ സാഹചര്യങ്ങളെ അടിവരയിട്ടുകൊണ്ട് എങ്ങനെയായിരിക്കണം, ഒരു ക്രൈസ്തവനെന്ന നിലയില്‍ പൊതുപ്രവര്‍ത്തനത്തിലും രാഷ്ട്രീയത്തിലും പെരുമാറേണ്ടതെന്നു ചൂണ്ടിക്കാണിച്ചു.
സന്ദേശത്തില്‍ സമകാലിക പ്രസക്തമായ പല വിഷയങ്ങളും പാപ്പാ എടുത്തു പറഞ്ഞു. ത്രിത്വസ്തുതിയോടു കൂടിയാണ് സമ്മേളനം ആരംഭിച്ചത്.
റോമിലേക്ക് നടത്തിയ തീര്‍ത്ഥാടനം, ദൈനംദിന പ്രതിബദ്ധതകളില്‍, പ്രത്യാശയില്‍ ശക്തിപ്പെടുന്നതിനും, നീതിയുക്തവും, മാനുഷികവും കൂടുതല്‍ സാഹോദര്യപരവുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിനും സഹായിക്കുമെന്ന് പാപ്പാ പറഞ്ഞു.
പാശ്ചാത്യ സമൂഹങ്ങള്‍, വിവിധങ്ങളായ അതിക്രമങ്ങളെ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍, ക്രിസ്ത്യാനികള്‍ എന്ന നിലയില്‍, ക്രിസ്തുവിലേക്ക് തിരിയുകയും നമ്മുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ അവന്റെ സഹായം തേടുകയും ചെയ്യുന്നതിനേക്കാള്‍ മികച്ചതായി നമുക്ക് മറ്റൊന്നും ചെയ്യാന്‍ കഴിയില്ലയെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
മതേതരത്വം തെറ്റിദ്ധരിക്കപ്പെടുന്ന ഒരു സാഹചര്യത്തില്‍, ഒരു പൊതുപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം, വിശ്വാസത്തിനു അനുസൃതമായി പ്രവര്‍ത്തിക്കുകയും, തീരുമാനം എടുക്കുകയും ചെയ്യുക എന്നത് ഏറെ ശ്രമകരമാണെന്ന യാഥാര്‍ഥ്യവും പാപ്പാ അടിവരയിട്ടു പറഞ്ഞു.
മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും യേശു നേടിയ രക്ഷ, സംസ്‌കാരം, സമ്പദ്വ്യവസ്ഥ, ജോലി , കുടുംബം, വിവാഹം, അന്തസിനോടുള്ള ബഹുമാനം, ആരോഗ്യം, ആശയവിനിമയം, വിദ്യാഭ്യാസം, രാഷ്ട്രീയം തുടങ്ങിയ, ജീവിതത്തിന്റെ സമസ്ത മേഖലകളെയും ഉള്‍ക്കൊള്ളുന്നുവെന്നും, അതിനാല്‍, ക്രിസ്തുമതത്തെ ലളിതമായ ഒരു സ്വകാര്യ ഭക്തിയായി ചുരുക്കാന്‍ സാധിക്കില്ലെന്നും, അത് സ്‌നേഹം നിറഞ്ഞ സമൂഹത്തില്‍ ഒരു ജീവിതരീതിയാണെന്നും പാപ്പാ പറഞ്ഞു.
അക്രമം, അരക്ഷിതാവസ്ഥ, അനിശ്ചിതത്വം, മയക്കുമരുന്ന് ശൃംഖലകള്‍, തൊഴിലില്ലായ്മ, വെറുപ്പ് തുടങ്ങിയ വിവിധങ്ങളായ സാമൂഹിക പ്രശ്‌നങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍, പൊതുനന്മയെ അന്വേഷിക്കുവാനും, അത് കൈവരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുവാനും ഏവരെയും പാപ്പാ ക്ഷണിച്ചു. 'എന്നെക്കൂടാതെ നിനക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല.' (യോഹ 15:5) എന്ന വചനം ഓര്‍മ്മിപ്പിച്ചുകൊണ്ട്, ക്രിസ്തുവുമായുള്ള വ്യക്തിപരമായ ബന്ധത്തിലൂടെ, മൂല്യങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട്, പൊതുപ്രവര്‍ത്തനം നടത്തുവാന്‍ ഏവര്‍ക്കും സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.
തുടര്‍ന്ന് ഏതാനും ഉപദേശങ്ങളും പാപ്പാ നല്‍കി: യേശുവിനോടു കൂടുതല്‍ ഐക്യപ്പെടുക, അവനുവേണ്ടി ജീവിക്കുകയും, അവനു സാക്ഷ്യം നല്‍കുകയും ചെയ്യുക. ഒരു പൊതുപ്രവര്‍ത്തകന്റെ വ്യക്തിത്വത്തില്‍ വേര്‍തിരിവില്ല: ഒരു വശത്ത് രാഷ്ട്രീയക്കാരനും മറുവശത്ത് ക്രിസ്ത്യാനിയും ഇല്ല. എന്നാല്‍ ദൈവത്തിന്റെയും മനസ്സാക്ഷിയുടെയും ദൃഷ്ടിയില്‍, തന്റെ പ്രതിബദ്ധതകളും ഉത്തരവാദിത്തങ്ങളും ക്രിസ്തീയ രീതിയില്‍ ജീവിക്കുന്ന രാഷ്ട്രീയക്കാരനായി മാറുക.
വിശ്വാസത്തില്‍ സ്വയം ശക്തിപ്പെടാനും പാപ്പാ ഉദ്ബോധിപ്പിച്ചു. കടമകള്‍ നിര്‍വഹിക്കുന്നതിലും നിയമങ്ങളുടെ രൂപീകരണത്തിലും അത് പ്രാവര്‍ത്തികമാക്കാനും പൊതുപ്രവര്‍ത്തകര്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും, ആയതിനാല്‍ അവിശ്വാസികള്‍ക്കു പോലും അംഗീകരിക്കാന്‍ കഴിയുന്ന പ്രകൃതി നിയമം ദൃഢവിശ്വാസത്തോടെ നിര്‍ദ്ദേശിക്കാനും പ്രതിരോധിക്കാനും ആരും ഭയപ്പെടരുതെന്നു പാപ്പാ ഉദ്ബോധിപ്പിച്ചു.
ഓരോ മനുഷ്യന്റെയും നന്മ ലക്ഷ്യമിടുന്ന രക്ഷയുടെ ഈ സിദ്ധാന്തങ്ങള്‍, തുടര്‍ന്ന് സമാധാനപരവും യോജിപ്പുള്ളതും സമ്പന്നവും അനുരഞ്ജനപരവുമായ സമൂഹങ്ങള്‍ കെട്ടിപ്പടുക്കുന്നതിനു സഹായകരമാകുമെന്നും പാപ്പാ പറഞ്ഞു.
തുടര്‍ന്ന് പാശ്ചാത്യ സമൂഹങ്ങളിലെ, ചില പ്രത്യേക സാഹചര്യങ്ങളും പാപ്പാ എടുത്തു പറഞ്ഞു. ക്രിസ്തുവും, സഭയും പാര്‍ശ്വവത്കരിക്കപ്പെടുകയും പലപ്പോഴും അവഗണിക്കപ്പെടുകയും ചിലപ്പോള്‍ പരിഹസിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലും, ധൈര്യപൂര്‍വം വിശ്വാസം പ്രഘോഷിക്കുവാനും കഷ്ടപ്പാടുകള്‍ സന്തോഷത്തോടെ സ്വീകരിക്കുവാനും സാധിക്കണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.
കൂടിക്കാഴ്ച്ചയുടെ അവസാനം ഏവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ച പാപ്പാ തന്റെ അപ്പസ്‌തോലിക ആശീര്‍വാദവും നല്‍കി.