ക്രൈസ്തവ പീഡനങ്ങള്‍; ബംഗളൂരു ആര്‍ച്ചുബിഷപ്പിന്റെ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണയില്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ തടയണമെന്നും സ്വന്തം വിശ്വാസമനുസരിച്ച് ജീവിക്കുന്നതിനുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ബംഗളൂരു ആര്‍ച്ചു ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണനക്കെടുത്തു.
വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ പ്രാര്‍ത്ഥനാ യോഗങ്ങള്‍, പള്ളികള്‍, ആരാധനാ സമ്മേളനങ്ങള്‍ എന്നിവയ്ക്ക് നേരെയുണ്ടാകുന്ന തുടര്‍ച്ചയായ ഭീഷണികളുടെയും അതിക്രമങ്ങളുടെയും പശ്ചാത്തലത്തിലാണ് ഹര്‍ജി കോടതിയില്‍ എത്തിയിരിക്കുന്നത്.
വിശ്വാസികള്‍ വലിയ തോതില്‍ ഒത്തു കൂടുന്ന ക്രിസ്മസ്, നോമ്പുകാലം, ദുഃഖവെള്ളി, ഈസ്റ്റര്‍ തുടങ്ങിയ പ്രധാന തിരുനാള്‍ വേളകളില്‍ രാജ്യത്തുടനീളം ക്രൈസ്തവ പ്രാര്‍ത്ഥനാ യോഗ ങ്ങള്‍ക്കും പള്ളികള്‍ക്കും നേരെ ആസൂത്രിതമായ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. മതപരിവര്‍ത്തനം തടയുന്നു എന്ന വ്യാജേനയാണ് ഇത്തരം അക്രമങ്ങളില്‍ ഭൂരിഭാഗവും അരങ്ങേറുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
2025-ല്‍ ക്രൈസ്തവര്‍ക്കെതിരെ നടന്ന അതിക്രമ ങ്ങളില്‍ എണ്ണൂറിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. 2026-ലെ ആദ്യ ആറുമാസത്തിനുള്ളില്‍ 285 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് പ്രശ്നത്തിന്റെ ഗൗരവവും തുടര്‍ച്ചയും വ്യക്തമാക്കുന്നുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.
2022-ലും 2023-ലും മതപരിവര്‍ത്തന ആരോപ ണങ്ങളെത്തുടര്‍ന്ന് ഛത്തീസ്ഗഢിലെ നാരായണ്‍പൂര്‍ ജില്ലയിലുണ്ടായ സംഘര്‍ഷങ്ങളില്‍ നിരവധി ക്രൈസ്തവ കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെട്ട കാര്യവും ഹര്‍ജില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഡസന്‍ കണക്കിന് ക്രൈസ്തവ കുടുംബങ്ങള്‍ക്ക് സ്വന്തം വീടുവിട്ട് പലായനം ചെയ്യേണ്ടിവന്നതായും, ഇരകള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് പകരം അവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ ചുമത്തിയതായും ഹര്‍ജിയില്‍ പറയുന്നു.
ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ പോലീസിന്റെ ഇടപെടല്‍ ഉറപ്പാക്കുന്നതിന് കോടതി ഉത്തരവു നല്‍കുക, ആള്‍ക്കൂട്ട അക്രമ ങ്ങള്‍ക്ക് കര്‍ശനമായ നടപടികള്‍ സ്വീകരിക്കുക, ഇരകള്‍ പ്രതികളാക്കപ്പെടാത്ത രീതിയില്‍ നിയമം കൃത്യമായി നടപ്പാക്കുക, ക്രൈസ്തവരുടെ പ്രധാന ആഘോഷങ്ങളോടനുബന്ധിച്ച് ക്രൈസ്തവര്‍ക്ക് സംരക്ഷണം ഉറപ്പാക്കുക എന്നിവയാണ് ഹര്‍ജിയില്‍ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്.
വിഷയം വിശദമായി പരിശോധിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് നിരീക്ഷിച്ച കോടതി കേസ് ഓഗസ്റ്റ് 21-ലേക്ക് മാറ്റിവെച്ചു.