ഭാരതത്തിലെ ക്രൈസ്തവ മിഷൻ: ആത്മീയ സംവാദത്തിന്റെ അഭാവവും സാമൂഹ്യ യാഥാർത്ഥ്യങ്ങളും

 
christian

ഭാരതത്തിലെ ക്രൈസ്തവ മിഷനറിമാരെയും അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സാമൂഹ്യ പ്രവർത്തനങ്ങളെയും ആശുപത്രി സംവിധാനങ്ങളെയും രാജ്യത്തെ ഉയർന്ന സാമൂഹിക വർഗ്ഗങ്ങൾ പൊതുവെ ആദരവോടെ കാണുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, മനുഷ്യാവകാശ പ്രവർത്തനം തുടങ്ങിയ മേഖലകളിൽ ക്രൈസ്തവ സ്ഥാപനങ്ങൾ നൽകിയ സംഭാവനകൾ സമൂഹം അംഗീകരിച്ചിട്ടുള്ളവയാണ്.

എന്നാൽ ഇത്രയും സാമൂഹ്യ അംഗീകാരം ഉണ്ടായിട്ടും ഭാരതത്തിൻ്റെ സുവിശേഷീകരണം ഒരു വലിയ വെല്ലുവിളി നേരിടുന്നു. അതിന്റെ കാരണം കേവലം മതപരമായ എതിർപ്പുകൾ മാത്രം അല്ല; ഭാരതത്തിന്റെ ആത്മീയ ചരിത്രവും സാമൂഹിക ഘടനയും അതിൽ വലിയ പങ്ക് വഹിക്കുന്നു.

 ഭാരതത്തിന്റെ ആത്മീയ പാരമ്പര്യം 

ഭാരതം ആത്മീയ അന്വേഷണങ്ങളുടെ നാടാണ്. വേദാന്തം മുതൽ ഭക്തി ചലനങ്ങൾ വരെ അനേകം ആത്മീയ മാർഗങ്ങൾ ഇവിടെ വികസിച്ചു. ഇവിടെ ആത്മീയത മതാചാരത്തിൽ ഒതുങ്ങുന്നതല്ല; അത് സത്യാന്വേഷണത്തിന്റെ ഒരു അന്തർമുഖ യാത്രയായി കാണപ്പെടുന്നു.

ഭഗവത്ഗീത പോലുള്ള ഗ്രന്ഥങ്ങൾ മനുഷ്യജീവിതത്തെ ഒരു ആത്മീയ ഉത്തരവാദിത്വമായി കാണിക്കുന്നു. ജീവിതം യുദ്ധഭൂമിയിലായാലും ധർമ്മത്തിന്റെ വെളിച്ചത്തിൽ പ്രവർത്തിക്കണമെന്ന് അതു പഠിപ്പിക്കുന്നു. കർമ്മം ഉപേക്ഷിക്കുന്നതല്ല, കർമ്മം ദൈവാർപ്പണമാക്കുന്നതാണ് ആത്മീയത എന്നതാണ് ഭാരതീയ ചിന്തയുടെ പ്രധാന ആശയം.

 ഹിന്ദുമതം, ബൗദ്ധമതം, ജൈനമതം, സിഖ് മതം തുടങ്ങിയ നിരവധി ആത്മീയ പാതകൾ ഒരേ സംസ്കാരത്തിനുള്ളിൽ ഇവിടെ സഹവർത്തിത്വത്തോടെ നിലനിൽക്കുന്നു. ഇതിലൂടെ “സത്യത്തിലേക്കുള്ള അനേകം മാർഗങ്ങൾ” എന്ന ധാരണ സമൂഹത്തിൽ വളർന്നു.

 മോക്ഷദർശനവും ക്രൈസ്തവ നിത്യജീവൻ എന്ന യാഥാർത്ഥ്യവും 

ഭാരതീയ ദർശനങ്ങളിൽ സാധാരണയായി മനുഷ്യന്റെ അന്തിമ ലക്ഷ്യം മോക്ഷം അല്ലെങ്കിൽ നിർവാണം ആണ്. ഇത് പലപ്പോഴും തപസ്സും ആത്മപരിശീലനവും പ്രായശ്ചിത്തവും സ്വയപീഡനവും കർമ്മഫലങ്ങളും വഴിയുള്ള ആത്മീയ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

അതേസമയം ക്രൈസ്തവ വിശ്വാസത്തിൽ മനുഷ്യരുടെ അന്തിമലക്ഷ്യം ദൈവസന്നിധിയിലെ നിത്യജീവൻ ആണ്. എന്നാൽ അതിന് മനുഷ്യൻ സ്വയം സമ്പാദിക്കുന്ന യോഗ്യത നിർണ്ണായകമല്ല. മനുഷ്യൻ സ്വന്തം യോഗ്യതകൊണ്ട് രക്ഷ നേടുന്നില്ല; അത് ദൈവകൃപയിലൂടെയാണ് സാധ്യമാകുന്നത്.

ഇങ്ങനെ രണ്ടു വ്യത്യസ്ത ആത്മീയ ദർശനങ്ങൾ ഒരേ സമൂഹത്തിൽ നിലനിൽക്കുമ്പോൾ സാമൂഹ്യ സേവനം മാത്രം സുവിശേഷീകരണത്തിന് മതിയാകില്ല.

 സാമൂഹ്യ ഘടനയും മിഷൻ പ്രവർത്തനങ്ങളും 

ഭാരതത്തിലെ ഉയർന്ന സാമൂഹിക വർഗ്ഗങ്ങൾ ക്രൈസ്തവ മിഷൻ പ്രവർത്തനങ്ങളെ പലപ്പോഴും സാമൂഹ്യ പുരോഗതിക്ക് സഹായകരമായ സേവനമായി കാണുന്നു. എന്നാൽ അവർ സുവിശേഷത്തിന്റെ ആത്മീയ സന്ദേശത്തോട് അകലം പാലിക്കുന്നു.

അതേസമയം ആയിരക്കണക്കിന് ജാതി-സമൂഹങ്ങൾ, മുൻജന്മ കർമ്മംകൊണ്ട് കീഴാളരായി ജനിച്ചവർ എന്ന ലേബൽ പതിച്ച് വരേണ്യ വർഗ്ഗത്തിന് വേല ചെയ്ത് അടുത്ത ജന്മത്തിൽ കർമ്മം ഫലപ്രദമാക്കേണ്ടതിന് നിന്നു കൊടുക്കാതെ  ക്രിസ്തുമിർഗ്ഗം സ്വീകരിച്ച് സാമൂഹ്യ പുരോഗതി കൈവരിക്കുന്നു.

ഭാരതത്തിൽ 80 ശതമാനം ഹിന്ദുക്കൾ ഉണ്ടെന്ന പൊതുവായ കണക്ക് ശരിയല്ല.  സാമൂഹ്യ ഘടനയിൽ വലിയൊരു വിഭാഗം പിന്നോക്ക ജാതികളും ഗോത്ര സമൂഹങ്ങളും ആണ്. അവർക്കെല്ലാം  സ്വന്തം ആരാധന രീതികളും ഗോത്രദൈവങ്ങളും ഉണ്ട്. ഇവരെല്ലാവരും ഹൈന്ദവർ എന്ന ഗണത്തിൽ പെടുന്നില്ല.

ഈ വിഭാഗങ്ങൾ ക്രൈസ്തവമതം സ്വീകരിക്കുമ്പോൾ ചില ഉയർന്ന വർഗ്ഗങ്ങളിൽ അസ്വസ്ഥത ഉണ്ടാകുന്നത് മതപരമായ കാരണങ്ങളാൽഅല്ല; സാമൂഹിക അധികാരഘടനയിൽ വരുന്ന മാറ്റങ്ങളോടുള്ള പ്രതികരണവുമാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ തങ്ങളുടെ കീഴാളരായ പണിയാളികൾ നഷ്ടപ്പെടുന്നതിന്റെ പ്രതിഷേധമാണ്.

ഭാരതീയ ദർശനത്തിൽ ജീവിതം ഒരു തുടർച്ചയായ ചക്രമാണ്. ആത്മാവ് പല ജന്മങ്ങളിലൂടെ സഞ്ചരിക്കുന്നു. ഓരോ ജന്മവും പുനർജന്മ കർമ്മഫലത്തിന്റെ ഫലമായി കരുതപ്പെടുന്നു.
പിന്നോക്കകാർ മുൻജന്മത്തിലെ പാപഫലം കൊണ്ട് താഴ്ന്ന  നിലയിൽ ജനിച്ചു എന്നും അവർ അടുത്ത ജന്മത്തിൽ പട്ടിയോ പൂച്ചയോ ആയി ജനിക്കും എന്നു പറയുന്നത് ഭാരതീയ ദർശനികതയുടെ ഏക സത്യമായ ആശയം അല്ലങ്കിലും വരേണ്യവർഗം പ്രചരിപ്പിക്കുന്നത് അങ്ങനെയാണ്.

 ആത്മീയതയും സാമൂഹിക യാഥാർത്ഥ്യവും 

ഭാരതത്തിന്റെ ആത്മീയ ദർശനങ്ങൾ വളരെ ഉയർന്നതാണെങ്കിലും അതിന്റെ സാമൂഹ്യ ചരിത്രത്തിൽ ജാതിവ്യവസ്ഥ പോലുള്ള യാഥാർത്ഥ്യങ്ങളും നിലനിൽക്കുന്നുണ്ട്.
അതുകൊണ്ട് ഭാരതീയ ആത്മീയതയെ വിലയിരുത്തുമ്പോൾ അതിന്റെ ഉന്നത ദർശനത്തോടൊപ്പം മനുഷ്യന്റെ സാമൂഹിക ബലഹീനതകളെയും ഒരുമിച്ച് കാണേണ്ടതുണ്ട്.

വിചിത്രം എന്ന് പറയട്ടെ ഭാരതത്തിൻ്റെ ആധ്യാത്മികതയും ദൈവാന്വേഷണവും ബ്രഹ്മത്തിൽ വിലയും പ്രാപിക്കലും എല്ലാം വരേണ്യ സമൂഹത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു ഹൈന്ദവ ആത്മീയതയാണ്.

 ക്രിസ്തുവിന്റെ അവതാരവും മനുഷ്യരക്ഷയും 

 എല്ലാ മനുഷ്യരിലും ദൈവാന്വേഷണത്തിന്റെ ഒരു ദാഹം നിലനിൽക്കുന്നു. ആ അന്വേഷണം പല സംസ്കാരങ്ങളിലും വ്യത്യസ്ത രൂപങ്ങളിൽ പ്രകടമാകുന്നു.

ക്രൈസ്തവ വിശ്വാസപ്രകാരം ഈ ദൈവാന്വേഷണത്തിന് മറുപടിയായാണ് ദൈവം മനുഷ്യനായത്. മനുഷ്യരോടൊപ്പം ജീവിക്കാൻ ദൈവം മനുഷ്യരൂപം സ്വീകരിച്ചു; അവനാണ് യേശു ക്രിസ്തു.

തങ്ങളെ അനുസരിക്കുന്ന ഗോത്രദൈവങ്ങളെ ആരാധിച്ചിരുന്ന മനുഷ്യർക്ക് അവരോട് പലതും ആവശ്യപ്പെടുന്ന ക്രിസ്തുവിനെ അംഗീകരിക്കാനായില്ല. വ്യാജ ആരോപണങ്ങൾ ഉയർത്തി അവനെ ക്രൂശിച്ചു. എന്നാൽ ക്രൂശിൽ കിടന്നു പോലും അവൻ ശത്രുക്കളോടു ക്ഷമിച്ചു. ക്രിസ്തീയ വിശ്വാസപ്രകാരം അവൻ മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റ് ദൈവസന്നിധിയിൽ പ്രവേശിച്ചു.

അതിലൂടെ മനുഷ്യർക്കുള്ള രക്ഷയുടെ മാർഗം തുറന്നു. ഇനി മനുഷ്യൻ കഠിന തപസ്സുകളിലൂടെ അല്ല, ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെയാണ് നിത്യജീവൻ പ്രാപിക്കുന്നത്. ക്രിസ്തുവിൻ്റെ ജനനം ഭാരതീയ ദർശനത്തിന്റെ, ആത്മീയതയുടെ പൂർത്തീകരണമായി കണക്കാക്കാവുന്നതാണ്.
 പൗലോസ് ശ്ലീഹായുടെ മാതൃക 

അധികാരപത്രവുമായി കുതിരപ്പുറത്ത് ഓടിനടന്ന് ക്രിസ്ത്യാനികളെ പീഡിപ്പിച്ചിരുന്ന സാവൂൾ എന്ന മതപണ്ഡിതൻ ക്രിസ്ത്യാനിയായപ്പോൾ ആഥൻസിലെ ജാതികളോട് നടത്തിയ പ്രസംഗം സുവിശേഷപ്രഘോഷത്തിൻ്റെ ക്ലാസിക്ക് മാതൃകയാണ്. (അപ്പസ്തോല പ്രവൃത്തികൾ 17:16-34).

അവൻ ശ്രോതാക്കളുടെ സംസ്കാരത്തെയും വിശ്വാസത്തെയും അപമാനിച്ചില്ല. അവിടെ കണ്ട “അജ്ഞാത ദൈവത്തിന്” സമർപ്പിച്ച ബലിപീഠത്തെ അടിസ്ഥാനമാക്കി അവൻ സംവാദം ആരംഭിച്ചു. അവിടെനിന്ന് ഏകദൈവ വിശ്വാസത്തിലേക്കും പിന്നീട് ക്രിസ്തുവിലേക്കും അവൻ തന്റെ ശ്രോതാക്കളെ എത്തിച്ചു.

 ഭാരതത്തിലെ മിഷൻ പ്രവർത്തനങ്ങൾക്ക് ഏകോപനം വേണം 

 ഭാരതത്തിലെ പല മിഷനറിമാരും തത്വചിന്താപരമായ സംവാദത്തെക്കാൾ സാമൂഹ്യമായി ഒറ്റപ്പെട്ട ചേരിയിലേക്കും പാർശ്വവൽക്കരിക്കപ്പെട്ട  സമൂഹങ്ങളിലേക്കുമാണ് നേരിട്ട് പോകുന്നത്.  “ദാരിദ്ര്യം മുതലെടുക്കുന്നു” എന്ന വിമർശനത്തിന് ഇത് ഇടയാക്കുന്നുണ്ട്.

അതുകൊണ്ട് പൗലോസ് ശ്ലീഹയുടെ മാതൃക പോലെ, കടന്നുചെല്ലുന്ന സംസ്കാരത്തിന്റെ ആത്മീയ പാരമ്പര്യവും തത്വചിന്തയും മനസ്സിലാക്കി സംവാദത്തിന്റെ വഴി തുറക്കേണ്ടത് അനിവാര്യമാണ്. കേരളത്തിൽ ചില അപ്പോളജിസ്റ്റുകൾ അതിന് തുടക്കമിട്ടിരിക്കുന്നു എന്നത് ശ്രാഘനീയമാണ്.

 സുവിശേഷത്തിന്റെ കേന്ദ്രീയ സത്യം 

സുവിശേഷപ്രഘോഷണം ഒരു വികാരപ്രസംഗമല്ല. സംസ്കാരത്തെ മനസ്സിലാക്കാതെ പ്രസംഗിക്കരുത്; സംസ്കാരത്തെ ഭയന്ന് സത്യം മറച്ചുവയ്ക്കുകയും ചെയ്യരുത്.

ക്രൈസ്തവ സന്ദേശത്തിന്റെ കേന്ദ്രത്തിൽ രണ്ട് സത്യങ്ങൾ നിലനിൽക്കുന്നു:

 സന്മനസ്സുള്ളവർക്ക് സമാധാനം 

 മരണത്തിനു ശേഷം ഉള്ള പുനരുത്ഥാനം 

ഇതാണ് ക്രിസ്തീയ വിശ്വാസത്തിന്റെ ഹൃദയം.

ഭാരതീയർ അന്വേഷിക്കുന്ന പരമസത്യം – അതിന്റെ പൂർണ്ണ വെളിപ്പാട് യേശുക്രിസ്തുവിൽ തന്നെയാണ് എന്നതാണ് ഭാരതത്തിൽ പ്രസംഗിക്കപ്പെടേണ്ട സുവിശേഷം.

✍️ ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയിൽ 
 

Tags

Share this story

From Around the Web