സമാധാനത്തിനുവേണ്ടിയുള്ള പ്രാർത്ഥനയ്ക്കായി ദുബായിൽ ഒത്തുചേർന്ന് ക്രൈസ്തവനേതൃത്വങ്ങൾ
സമാധാനത്തിനുവേണ്ടി എക്യൂമെനിക്കൽ പ്രാർത്ഥനാസമ്മേളനമൊരുക്കി ഗൾഫ് നാടുകളിലെ ക്രൈസ്തവനേതൃത്വങ്ങൾ. ഏപ്രിൽ 29 ബുധനാഴ്ച ദുബായിയിലെ സെന്റ് മേരീസ് ദേവാലയത്തിൽ വച്ചാണ്, സമാധാനത്തിനുംവേണ്ടിയുള്ള ഈ ദേശീയപ്രാർത്ഥനാദിനം വിവിധ ക്രൈസ്തവനേതൃത്വങ്ങളുടെ പങ്കാളിത്തത്തോടെ ആചരിക്കപ്പെട്ടത്.
സമാധാനമെന്നാൽ മാനുഷികമായ ഒരു സൃഷ്ടി എന്നതിനേക്കാൾ, ദൈവത്തിന്റെ ഒരു ദാനം എന്ന നിലയിലാണ് നാം കണ്ടെണ്ടതെന്നും അത് തേടുകയും സ്വീകരിക്കപ്പെടുകയും വളർത്തപ്പെടുകയും സമൂഹത്തിലെമ്പാടും നമ്മുടെ നല്ല ബന്ധങ്ങളിലൂടെ പകർത്തപ്പെടുകയും ചെയ്യണ്ട ഒന്നാണെന്ന്, പ്രാർത്ഥനാസമ്മേളനത്തിൽ സംസാരിച്ച തെക്കൻ അറേബ്യൻ പ്രദേശങ്ങൾക്കുവേണ്ടിയുള്ള അപ്പസ്തോലിക വികാരി ബിഷപ് പൗളോ മർത്തിനെല്ലി പ്രസ്താവിച്ചു. ഐക്യ അറബ് എമിറേറ്റുകൾ, ഗൾഫ്, മദ്ധ്യപൂർവ്വദേശങ്ങൾ തുടങ്ങി ലോകമെമ്പാടും സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. നമ്മുടെ ഒരുമിച്ചുള്ള പ്രാർത്ഥനകൾ ശ്രവിക്കപ്പെടട്ടെയെന്നും, ദൈവം നമുക്കേവർക്കും സമാധാനവും അനുരഞ്ജനവും, ഐക്യവും അഭിവൃദ്ധിയും നൽകട്ടേയെന്നും അദ്ദേഹം ആശംസിച്ചു.
മദ്ധ്യപൂർവ്വദേശങ്ങളിലും ഗൾഫിലും സമാധാനത്തിനു വേണ്ടിയുള്ള പ്രാർത്ഥനയ്ക്ക് പുറമെ, തിരുവുത്ഥാനത്തിന്റെ സന്തോഷം പങ്കുവയ്ക്കാനും ആഘോഷിക്കാനും കൂടിയായിരുന്നു സമ്മേളനം ഒരുക്കപ്പെട്ടിരിക്കുന്നത്. ആറ് വിവിധ ക്രൈസ്തവസഭകളിൽനിന്നുള്ള ആളുകളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. അർമേനിയൻ സഭയിൽനിന്നുള്ള ആർച്ച്ബിഷപ് മെസ്രോബ് സർകിസ്സിയാൻ, എത്യോപ്യൻ ഓർത്തഡോക്സ് സഭയിൽനിന്നുള്ള ആർച്ച്ബിഷപ് അബുനെ ദിമേത്രോസ്, ആംഗ്ലിക്കൻ സഭയിലെ ബിഷപ് ഷാൻ സാമ്പ്ൾ, ഗ്രീക്ക് ഓർത്തഡോക്സ് സഭയിൽനിന്നുള്ള ആശ്രമാധിപൻ ഫാ. ഇഷാക് സക്കൂർ, കോപ്റ്റിക് സഭയിൽനിന്നുള്ള ഫാ. മിന ഹന്നാ എന്നിവരായിരുന്നു സമ്മേളനത്തിൽ പങ്കെടുത്തത്.
നിഖ്യ വിശ്വാസപ്രമാണം ഏറ്റുചൊല്ലൽ, വിശുദ്ധഗ്രന്ഥവായനകൾ ഉൾപ്പെടുന്ന സമാധാനത്തിനു വേണ്ടിയുള്ളതും വ്യത്യസ്തത ക്രൈസ്തവപരമ്പര്യങ്ങളുടേതും ഭാഷകളിലേതുമായ പ്രാർത്ഥനകൾ, തിരിതെളിക്കൽ, സമാധാനത്തിനുവേണ്ടിയുള്ള ലൂത്തനിയ, സമാധാനം കൈമാറൽ തുടങ്ങിയ ചടങ്ങുകളായിരുന്നു ഈ എക്യൂമെനിക്കൽ പ്രാർത്ഥനാസമ്മേളനത്തിലുണ്ടായിരുന്നത്.
തെക്കൻ അറേബ്യൻ വികാരിയത്തിലെ, മതാന്തര, എക്യൂമെനിക്കൽ സംവാദങ്ങൾക്കുവേണ്ടിയുള്ള ഓഫീസിന്റെയും, സെന്റ് മേരീസ് ദേവാലയത്തിന്റെയും സഹകരണത്തോടെ, "ഗൾഫ് സഭാ കൂട്ടായ്മ" (Gulf Churches Fellowship) യാണ് ഇത്തരമൊരു സമ്മേളനത്തിന് മുൻകൈയെടുത്തത്.