പുതുവര്‍ഷത്തില്‍ ചൈനയില്‍ ക്രൈസ്തവ വേട്ട; വ്യാജ ആരോപണം ഉന്നയിച്ചുള്ള അറസ്റ്റ് തുടരുന്നു
ബെയ്ജിംഗ്: പുതുവര്‍ഷത്തില്‍ ചൈനയിലെ ക്രൈസ്തവര്‍ക്ക് നേരെ ഭരണകൂടത്തിന്റെ കിരാത നടപടികള്‍ തുടരുന്നു. ഭവനങ്ങളില്‍ ക്രൈസ്തവ കൂട്ടായ്മ നടത്തുന്നവരെയും ഭൂഗര്‍ഭ പ്രൊട്ടസ്റ്റന്റ് ക്രൈസ്തവരെയും തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുന്നത് തുടരുകയാണെന്നാണ് വിവരം.
ചൊവ്വാഴ്ച, സിചുവാന്‍ പ്രവിശ്യയിലെ ചെങ്ഡു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ഏര്‍ലി റെയിന്‍ കവനന്റ് ചര്‍ച്ചിലെ അംഗങ്ങളെ അറസ്റ്റ് ചെയ്തിരിന്നു.
2018 ഡിസംബറില്‍ ജയിലിലാക്കിയ ക്രൈസ്തവ കൂട്ടായ്മയുടെ നേതാവ് വാങ് യിക്ക് പകരക്കാരനായി വന്ന നിലവിലെ ഹൗസ് ചര്‍ച്ച് നേതാവായ ലി യിങ്ക്വിയാങ്ങിന്റെ ഡെയാങ്ങിലെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി.
ഡായ് സിച്ചാവോ, യെ ഫെങ്ഹുവ, യാന്‍ ഹോങ്, സെങ് ക്വിങ്ടാവോ എന്നീ നിരവധി ക്രൈസ്തവ കൂട്ടായ്മകളുടെ അധ്യക്ഷന്മാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സിചുവാന്‍ പ്രവിശ്യയുടെ തലസ്ഥാനത്തു പ്രശ്‌നവും കലഹവും ഉണ്ടാക്കുന്നുവെന്ന അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
മതങ്ങളെ നിയന്ത്രിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന കമ്മ്യൂണിസ്റ്റ് നിയന്ത്രണ നയത്തിന്റെ ഭാഗമായാണ് അകാരണ അറസ്റ്റുകളെന്ന് വിലയിരുത്തപ്പെടുന്നു.
കത്തോലിക്ക, പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികളെ ലക്ഷ്യംവെച്ചുള്ള അധിനിവേശമാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി) നടത്തുന്നതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യുഎസ്സിഐആര്‍എഫ്) നേരത്തെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിന്നു.
ദേവാലയത്തിന്റെ പ്രവേശന കവാടങ്ങളില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സിസിപി) മുദ്രാവാക്യങ്ങളുടെ പ്രദര്‍ശനം, വിശുദ്ധ ഗ്രന്ഥമായ ബൈബിളിന് സെന്‍സര്‍ഷിപ്പ്, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പ്രസംഗിക്കാന്‍ വൈദികര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും ഭരണകൂടം നിര്‍ദ്ദേശിച്ചിരിന്നു.