ക്രിസ്ത്യന് പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്ബന്ധിത വിവാഹം ചെയ്ത സംഭവം: കേസ് പുനഃപരിശോധിക്കാന് ഉത്തരവിട്ട് പാക്ക് കോടതി
പാക്കിസ്ഥാനില് തട്ടിക്കൊണ്ടുപോകലിനും നിര്ബന്ധിത മതപരിവര്ത്തനത്തിനും വിവാഹത്തിനും ഇരയായ 13 കാരി മരിയ ഷഹബാസിന്റെ കേസില് പൊലീസ് അന്വേഷണം പുനരാരംഭിക്കാന് ഹൈക്കോടതി ഉത്തരവിട്ടു. ഈ നടപടിയെ മരിയയുടെ കുടുംബം ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.
മാര്ച്ചില് ഡിസ്ട്രിക്റ്റ് കോടതി കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള പൊലീസ് റിപ്പോര്ട്ട് അംഗീകരിച്ചിരുന്നു. എന്നാല് വ്യാജമായി ഉണ്ടാക്കിയ വിവാഹ, മതപരിവര്ത്തന രേഖകളില് ഷഹബാസിന്റെ വയസ്സ് തെറ്റായി കാണിച്ചിരുന്നു എന്ന നിര്ണായക തെളിവുകള് പൊലീസ് മറച്ചുവച്ചതായി ഹൈക്കോടതിയില് കുടുംബം സമര്പ്പിച്ച ഹര്ജിയില് ചൂണ്ടിക്കാട്ടി.
ഷഹബാസിന്റെ കേസില് റിവ്യൂ ഹര്ജി പരിഗണിക്കാന് 2026 ജൂലൈയില് പാക്കിസ്ഥാന്റെ ഫെഡറല് കോണ്സ്റ്റിറ്റിയൂഷണല് കോടതി തീരുമാനിച്ചതിന് പിന്നാലെയാണ് ഈ പുതിയ നടപടി.
''അന്വേഷണം പുനരാരംഭിക്കാനും ഈ കേസിന്റെ വസ്തുതകള് കൃത്യമായി പരിശോധിക്കാനും ലാഹോര് ഹൈക്കോടതി എടുത്ത തീരുമാനത്തെ ഞങ്ങള് അഭിനന്ദിക്കുന്നു. മരിയ അനുഭവിച്ച ദുരനുഭവങ്ങളിലൂടെ മറ്റൊരു കുട്ടിയും കടന്നുപോകരുത്.
ഇത് ഒടുവില് അവളെ മോചിപ്പിക്കുകയും കുടുംബത്തിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിക്കുകയും ചെയ്യുന്ന ഒരു പടിയായി മാറും എന്ന് ഞങ്ങള് പ്രത്യാശിക്കുന്നു,'' അറോറ പ്രസ്താവിച്ചു.
പാക്കിസ്ഥാനിലെ ക്രിസ്ത്യന് കുടുംബത്തിലാണ് മരിയ ഷഹബാസ് വളര്ന്നത്. 2025 ജൂലൈയില്, 30 വയസ്സുള്ള ഒരു വ്യക്തി അവളെ കുടുംബത്തില് നിന്ന് തട്ടിക്കൊണ്ടുപോവുകയും, സ്വന്തം മതം ഉപേക്ഷിക്കാന് നിര്ബന്ധിക്കുകയും, അവളുടെ സമ്മതമില്ലാതെ തട്ടിക്കൊണ്ടുപോയയാളെക്കൊണ്ട് തന്നെ വിവാഹം കഴിപ്പിക്കുകയും ചെയ്തു. അന്നുമുതല് ക്രൂരമായ പീഡനങ്ങള്ക്കും ചൂഷണങ്ങള്ക്കുമാണ് മരിയ ഇരയായിക്കൊണ്ടിരിക്കുന്നത്.
2026 ഫെബ്രുവരിയില്, മരിയയുടെ കേസ് പാക്കിസ്ഥാന്റെ ഫെഡറല് കോണ്സ്റ്റിറ്റിയൂഷണല് കോടതിയുടെ മുമ്പാകെയെത്തി. മകളെ തിരികെ വീട്ടിലേക്ക് അയക്കുമെന്ന് മാതാപിതാക്കള് പ്രതീക്ഷിച്ചെങ്കിലും, കോടതി അവളെ തട്ടിക്കൊണ്ടുപോയയാളുടെ കസ്റ്റഡിയില് തന്നെ വിടുകയാണ് ചെയ്തത്. ഇത് അവളെ കൂടുതല് പീഡനങ്ങള്ക്കിരയാക്കുന്നതിലേക്കും അവളുടെ സുരക്ഷ അപകടത്തിലാക്കുന്ന അവസ്ഥയിലേക്കും എത്തിച്ചു. അന്ന് കോടതി മരിയയുടെ വയസ്സ് ഉറപ്പാക്കാന് വേണ്ട ശ്രമങ്ങള് നടത്തിയിരുന്നില്ല.
ഷഹബാസിന്റെ പ്രായം പരിശോധിക്കുന്നതില് പരാജയപ്പെടുകയും അവളെ തട്ടിക്കൊണ്ടുപോയയാളുടെ കസ്റ്റഡിയില് തന്നെ വിടുകയും ചെയ്ത മുന് ഉത്തരവിനെ തുടര്ന്ന്, മരിയയുടെ കേസില് ഒരു റിവ്യൂ ഹര്ജി പരിഗണിക്കാന് ജൂലൈയില് ഫെഡറല് കോണ്സ്റ്റിറ്റിയൂഷണല് കോടതി സമ്മതിച്ചിരുന്നു.
പാക്കിസ്ഥാന് നിയമപ്രകാരവും അന്താരാഷ്ട്ര മാനദണ്ഡങ്ങള് പ്രകാരവും പ്രായപൂര്ത്തിയാകാത്ത ഒരാള്ക്ക് മതപരിവര്ത്തനത്തിനോ വിവാഹത്തിനോ നിയമപരമായി സമ്മതം നല്കാനാകില്ല.
കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്പ് തന്നെ മരിയ ഷഹബാസ് പ്രായപൂര്ത്തിയാകാത്ത കുട്ടിയാണെന്ന് മുന് അന്വേഷണത്തില് സ്ഥിരീകരിക്കുകയും, വിവാഹ സര്ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
എന്നാല് ഇത് വകവയ്ക്കാതെ മരിയയെ തട്ടികൊണ്ട് പോയ ആള്ക്കൊപ്പം തന്നെ അയക്കുകയായിരുന്നു.