പശ്ചിമ ബംഗാളിലെ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് നേരെ ക്രൂരമായ ആക്രമണവും മര്‍ദ്ദനവും നടന്നതായി പരാതി
പശ്ചിമ ബംഗാളിലെ പശ്ചിം മേദിനിപൂര്‍ ( ജില്ലയില്‍ മൂന്ന് ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് നേരെ ക്രൂരമായ ആക്രമണവും മര്‍ദ്ദനവും നടന്നതായി പരാതി. ചന്ദ്രകോണ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ഒക്ടോബര്‍ 18, 19, 20 തീയതികളിലാണ് സംഭവം നടന്നത്. ക്രിസ്തുമതം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം ആളുകള്‍ വീടുകളില്‍ കയറി ആക്രമിക്കുകയും ഹൈന്ദവ ആചാരങ്ങള്‍ നിര്‍ബന്ധമായി നടത്തിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
നാട്ടുകാരുടെ മുന്നില്‍ വെച്ച് സ്ത്രീയെയും ഭര്‍ത്താവിനെയും വീടിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മര്‍ദ്ദിക്കുകയും, വസ്ത്രങ്ങള്‍ കീറിയെറിയുകയും ചെയ്തു. തുടര്‍ന്ന് 'ശുദ്ധീകരണം' എന്ന് ആരോപിച്ച് തുളസിയിലയും ഇലകളും കഴിപ്പിക്കുകയും ശരീരത്തില്‍ വെള്ളമൊഴിക്കുകയും ചെയ്തതായി 40 കാരിയായ പരാതിക്കാരി വെളിപ്പെടുത്തി.
വീടുകളില്‍ നിന്ന് 20,000 രൂപ കവരുകയും അക്രമത്തെക്കുറിച്ച് പോലീസില്‍ പരാതിപ്പെടരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആദ്യ ദിനത്തിലെ ആക്രമണത്തിന് ശേഷം കുടുംബങ്ങള്‍ പോലീസിനെ വിവരമറിയിച്ചിരുന്നു. എന്നാല്‍ ഇതില്‍ പ്രകോപിതരായ അക്രമികള്‍ ഒക്ടോബര്‍ 19-ന് വീണ്ടും എത്തുകയും കുടുംബാംഗങ്ങളെ അടുത്തുള്ള ഗ്രാമത്തിലെ ദുര്‍ഗ്ഗാ പൂജ പന്തലിലേക്ക് ബലമായി കൊണ്ടുപോയി 'അഞ്ജലി' അര്‍പ്പിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇതിനുപുറമെ, ഒരു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആക്രമിക്കപ്പെടുകയും പുരുഷന്മാരെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഒക്ടോബര്‍ 20-ന് കല്‍ക്കട്ട ഹൈക്കോടതിയിലെ അഭിഭാഷകന്റെയും സമുദായ അംഗങ്ങളുടെയും സഹായത്തോടെ കുടുംബങ്ങള്‍ പോലീസിനെ വീണ്ടും സമീപിച്ചു. പോലീസ് ഇവരെ പ്രാദേശിക ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയ ശേഷം വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, കവര്‍ച്ച, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.
സംഭവത്തിന് പിന്നാലെ കുടുംബങ്ങളുടെ സുരക്ഷയ്ക്കായി വീടുകള്‍ക്ക് മുന്നില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്വേഷണം ഊര്‍ജ്ജിതമായി നടന്നു വരികയാണെന്ന് മേദിനിപൂര്‍ എസ്.പി പാപിയ സുല്‍ത്താന സ്ഥിരീകരിച്ചു. അതേസമയം, പോലീസ് കാവല്‍ മാറിയാല്‍ വീണ്ടും ആക്രമണം ഉണ്ടാകുമോ എന്ന ഭീതിയിലാണ് ഈ കുടുംബങ്ങള്‍ ജീവിക്കുന്നത്.