കൊര്‍ഡോബയിലെ രക്തസാക്ഷികളുടെ സ്മരണ പുതുക്കി ക്രൈസ്തവലോകം
കൊര്‍ഡോബയിലെ വിശുദ്ധ രക്തസാക്ഷികളെ അനുസ്മരിച്ച് കത്തോലിക്കാ സഭ. ജൂണ്‍ പതിനാലാം തീയതിയാണ് കത്തോലിക്കാ സഭ, ക്രിസ്ത്യന്‍ വിശ്വാസം ഉപേക്ഷിക്കാത്തതിന്റെപേരില്‍ വധിക്കപ്പെട്ട മൊസാറബിക് ക്രിസ്ത്യാനികളുടെ സംഘത്തെ അനുസ്മരിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നത്.
കൊര്‍ഡോബ എമിറേറ്റ്‌സിലെ മുസ്ലീം രാജാക്കന്മാരായ അബ്ദുറമാന്‍ കക (822852), മുഹമ്മദ് ഒന്നാമന്‍ (852886) എന്നിവരുടെ കാലത്ത് ജീവിച്ചിരുന്നവരായിരുന്നു ഈ രക്തസാക്ഷികള്‍.
756-നും 929-നുമിടയില്‍ ഐബീരിയന്‍ പെനിന്‍സുലയില്‍ (അല്‍-ആന്‍ഡലസ്) സ്ഥാപിതമായ യൂറോപ്പിലെ അറബ് രാഷ്ട്രീയ അധിനിവേശത്തിന്റെ പ്രദേശമായിരുന്നു കോര്‍ഡോബ എമിറേറ്റ്സ്.
പ്രസ്തുത പ്രദേശത്തിനുള്ളില്‍ താമസിച്ചിരുന്ന ക്രിസ്ത്യാനികളെ 'മൊസാരബ്‌സ്' എന്നുവിളിച്ചിരുന്നു. ഹിസ്പാനിക്-വിസിഗോത്തിക് ഉത്ഭവമുള്ള, സംഖ്യാപരമായി പ്രാധാന്യമുള്ള ഒരു ജനവിഭാഗമായിരുന്നു ഇവര്‍.
അറബ് അധിനിവേശ സമയത്ത് ഇസ്ലാമിക നിയമങ്ങളെ ധിക്കരിച്ച് ക്രൈസ്തവവിശ്വാസം നെഞ്ചോടുചേര്‍ത്ത 48 മൊസറാബിക് ക്രിസ്ത്യാനികളുടെ വധശിക്ഷ നടപ്പിലാക്കുകയായിരുന്നു.
ഈ രക്തസാക്ഷികള്‍, ഇസ്ലാം അടിച്ചേല്പിക്കുന്നതിനെ നിരാകരിക്കുന്നതിന്റെ പരസ്യപ്രഖ്യാപനങ്ങള്‍ നടത്തുകയും ക്രിസ്തുവിനോടുള്ള തങ്ങളുടെ വിശ്വസ്തത പ്രഖ്യാപിക്കുകയും ചെയ്തു.
രക്തസാക്ഷികളില്‍ രണ്ടുപേരൊഴികെ എല്ലാവരും കൊര്‍ഡോബയിലെ പര്‍വതങ്ങളുടെ ചുറ്റുമുള്ള ആശ്രമങ്ങളില്‍ താമസിച്ചിരുന്നവരായിരുന്നു. രക്തസാക്ഷികളില്‍ 35 പേര്‍ പുരോഹിതന്മാരും ഡീക്കന്മാരും സന്യാസികളും ആയവരും 12 പേര്‍ അത്മായരും ആയിരുന്നു.
കൊല്ലപ്പെട്ട സ്ഥാനക്കാരില്‍ ഇസ്ലാമില്‍നിന്നു ക്രൈസ്തവവിശ്വാസത്തിലേക്കു കടന്നുവന്നവരുമുണ്ടായിരുന്നു. സാഞ്ചോ, അര്‍ഗിമിറോ എന്നീ രണ്ടുപേരൊഴികെ മറ്റെല്ലാവരും ശിരഛേദം ചെയ്യപ്പെട്ടു.