ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഫാ. ഡോ. ജോസഫിന് ഓണററി കേണല്‍ പദവി
ബംഗളൂരു: ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഫാ. ഡോ. ജോസഫ് സി.സിക്ക് നാഷണല്‍ കേഡറ്റ് കോര്‍പ്‌സിന്റെ (എന്‍സിസി) ഓണററി കേണല്‍ പദവി സമ്മാനിച്ചു. യൂണിവേഴ്‌സിറ്റിയുടെ സെന്‍ട്രല്‍ കാമ്പസില്‍ നടന്ന ചടങ്ങില്‍ എന്‍സിസി കര്‍ണാടക- ഗോവ ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എയര്‍ കമ്മഡോര്‍ കമല്‍ ഛദ്ദ പദവി കൈമാറി.
ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍നിന്ന് ഈ ആദരം ലഭിക്കുന്ന മൂന്നാമത്തെ വൈസ് ചാന്‍സലറാണ് ഫാ. ജോസഫ്. മുന്‍പ് 2012ല്‍ ഫാ. ഡോ. ബി.എം. ഏബ്രഹാമും 2022ല്‍ ഫാ. ഡോ. തോമസ് സി. മാത്യുവും ഓണററി കേണല്‍ പദവി നേടിയിട്ടുണ്ട്.
1969ല്‍ സ്ഥാപിതമായതു മുതല്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിക്ക് സജീവമായ എന്‍സിസി യൂണിറ്റുണ്ട്. അന്നുമുതല്‍ തലമുറക ളോളം വരുന്ന കേഡറ്റുകള്‍ റിപ്പബ്ലിക് ദിന ക്യാമ്പ്, ഥാല്‍ സൈനിക് ക്യാമ്പ്, എന്‍സിസി നാഷണല്‍ ഗെയിംസ്, യൂത്ത് എ ക്‌സ്‌ചേഞ്ച് പ്രോഗ്രാം എന്നിവയുള്‍പ്പെടെ ദേശീയതലത്തിലുള്ള പരിപാടികളില്‍ പങ്കെടുത്തുവരുന്നു.
ഇതുവരെ 200ഓളം കേ ഡറ്റുകളാണ് ഇവിടെനിന്ന് സായുധ സേനയില്‍ ഓഫീസര്‍മാരായി സേവനമനുഷ്ഠിച്ചത്. 2019-2026 കാലയളവില്‍ മാത്രം 47 കേഡറ്റുകള്‍ സായുധ സേനയുടെ ഭാഗമായി. നിലവില്‍ 21 കേഡറ്റുകള്‍ വിവിധ മിലിട്ടറി അക്കാദമികളില്‍ പരിശീലനം നടത്തുന്നുണ്ട്.
കര്‍ണാടക- ഗോവ ഡയറക്ടറേറ്റിന്റെ മികച്ച സ്ഥാപനത്തിനുള്ള പുരസ്‌കാരം തുടര്‍ച്ചയായ എട്ടാം വര്‍ഷവും ക്രൈസ്റ്റ് സര്‍വകലാശാല സ്വന്തമാക്കി.
ഈ വര്‍ഷത്തെ കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷയില്‍ സര്‍വകലാശാലയിലെ ഖുഷ്മീത് കൗര്‍ സോണ അഖിലേന്ത്യാതലത്തില്‍ ഒന്നാം റാങ്ക് നേടിയിരുന്നു.
ചടങ്ങില്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ചാന്‍സലര്‍ ഫാ. ഡോ. സാജു ചക്കാലക്കല്‍, കേണല്‍ എന്‍.എം. റഹ്മാന്‍, കേണല്‍ എസ്. എസ്. കാലിയ തുടങ്ങിയ പ്രമുഖരും എന്‍സിസി കേഡറ്റുകളും അധ്യാപകരും പങ്കെടുത്തു.
തനിക്കു ലഭിച്ച യൂണിഫോം പദവിയേക്കാള്‍ വലിയ ഉത്തരവാദിത്വത്തെയും മൂല്യങ്ങളെയുമാണ് സൂചിപ്പിക്കുന്നതെന്ന് ഫാ. ജോസഫ് മറുപടിപ്രസംഗത്തില്‍ പറഞ്ഞു. 1996 മുതല്‍ ക്രൈസ്റ്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഫാ. ഡോ. ജോസഫ്, പ്രോ- വൈസ് ചാന്‍സലര്‍, ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ് സര്‍വീസസ് എന്നിവയുള്‍പ്പെടെ നിരവധി അക്കാദമിക്, ഭരണനിര്‍വഹണ പദവികള്‍ വഹിച്ചിട്ടുണ്ട്.