മേഘപാളികള്‍ക്ക് മുകളിലായി 'ക്രൈസ്റ്റ് ദി റെഡീമര്‍'; ചിത്രങ്ങള്‍ വൈറല്‍
റിയോ ഡി ജനീറോ: ബ്രസീലിലെ പ്രശസ്തമായ 'ക്രൈസ്റ്റ് ദി റെഡീമര്‍' രൂപം, കട്ടിയുള്ള മേഘപാളികള്‍ക്ക് മുകളിലായി ഉയര്‍ന്നുനില്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.
റിയോ ഡി ജനീറോയിലെ കോര്‍ക്കോവാഡോ പര്‍വതത്തില്‍ സ്ഥിതി ചെയ്യുന്ന 30 മീറ്ററിലധികം ഉയരമുള്ള ലോക പ്രശസ്തമായ ക്രിസ്തു രൂപം, താഴെയുള്ള മലഞ്ചെരിവുകളെ മൂടിക്കിടക്കുന്ന വെളുത്ത മേഘപടലങ്ങള്‍ക്ക് മുകളിലായി നില്‍ക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.
ഫോട്ടോഗ്രാഫറായ മാര്‍സിയോ അമാറോ പുറത്തുവിട്ട ചില ദൃശ്യങ്ങളില്‍ മേഘങ്ങളുടെ ഒരു കടലിനാല്‍ ചുറ്റപ്പെട്ടതുപോലെ ക്രിസ്തു രൂപം കാണപ്പെടുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
മേഘങ്ങള്‍ക്കിടയിലൂടെ രൂപം ഉയര്‍ന്നുനില്‍ക്കുമ്പോള്‍ അതിന് മുന്‍പിലായി നഗരത്തിന്റെ ചില ഭാഗങ്ങളും ദൃശ്യമാകുന്നുണ്ട്. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളിലെല്ലാം ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്.
1921 ല്‍ റിയോ ഡി ജനീറോയിലെ കത്തോലിക്ക അതിരൂപതയാണ് യേശുക്രിസ്തുവിന്റെ രൂപം മലമുകളിലെ 704 മീറ്റര്‍ ഉയരമുള്ള കൊടുമുടിയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
റിയോയില്‍ എവിടെ നിന്നാലും കാണാവുന്നത്ര ഉയരത്തില്‍ വേണം രൂപം സ്ഥാപിക്കാന്‍ എന്ന ഉദ്ദേശത്തിലാണ് ഈ കൊടുമുടി തിരഞ്ഞെടുത്തത്.
1926 ല്‍ പണിതുടങ്ങി അഞ്ച് വര്‍ഷം കൊണ്ട് ക്രൈസ്റ്റ് ദ് റെഡീമര്‍ പൂര്‍ത്തിയായി. കൈകള്‍ വിരിച്ച് നില്‍ക്കുന്ന യേശുക്രിസ്തുവിന്റെ രൂപം ബ്രസീലിന്റെ തന്നെ അടയാളമായി മാറിയ രൂപമാണ്.