“ജീവിതത്തെ പൂർണ്ണമായും പുതുക്കാൻ ക്രിസ്തു നമ്മെ ക്ഷണിക്കുന്നു”: സെന്റ് അഗസ്റ്റിൻസ് ബസിലിക്കയിൽ നിന്നും ലെയോ പാപ്പ
നാല് ആഫ്രിക്കൻ രാഷ്ട്രങ്ങളിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയുടെ ഭാഗമായി അൾജീരിയയിലെത്തിയ ലെയോ പതിനാലാമൻ മാർപാപ്പ, അന്നബയിലെ പ്രശസ്തമായ സെന്റ് അഗസ്റ്റിൻ ബസിലിക്കയിൽ ദിവ്യബലി അർപ്പിച്ചു.
സഭയുടെ ഉജ്വലനായ വേദപാരംഗതൻ വി. അഗസ്റ്റിന്റെ നാമത്തിലുള്ള ഈ ബസിലിക്കയിൽ കുർബാന അർപ്പിക്കുന്ന ആദ്യത്തെ അഗസ്തീനിയൻ മാർപാപ്പ കൂടിയാണ് ലെയോ പതിനാലാമൻ.
ജീവിതത്തിലെ കഷ്ടപ്പാടുകളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും നമ്മെ ഉയർത്താനും ക്രിസ്തുവിന്റെ ശക്തിയാൽ ജീവിതം പുതുക്കാനുമുള്ള ദൈവവിളി സ്വീകരിക്കാൻ ഒരിക്കലും വൈകില്ലെന്ന് പരിശുദ്ധ പിതാവ് വിശ്വാസികളെ ഓർമ്മിപ്പിച്ചു.
അൾജീരിയയിലെ ക്രിസ്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട്, അവർ ആ നാട്ടിൽ ക്രിസ്തുവിന്റെ എളിയതും എന്നാൽ വിശ്വസ്തവുമായ അടയാളങ്ങളാണെന്ന് പാപ്പ വിശേഷിപ്പിച്ചു.
ലളിതമായ പ്രവൃത്തികളിലൂടെയും ആത്മാർഥമായ ബന്ധങ്ങളിലൂടെയും അനുദിന സംഭാഷണങ്ങളിലൂടെയും സുവിശേഷത്തിന് സാക്ഷ്യം വഹിക്കാൻ പാപ്പ അവരെ ആഹ്വാനം ചെയ്തു. ഇത്തരത്തിൽ തങ്ങൾ ജീവിക്കുന്ന ഇടങ്ങളിൽ വെളിച്ചവും രുചിയും പകരാൻ വിശ്വാസികൾക്ക് സാധിക്കണമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
വി. അഗസ്റ്റിന്റെ പൈതൃകത്തെ അനുസ്മരിച്ച പാപ്പ, ഈ പുണ്യഭൂമിയിൽ രക്തസാക്ഷികൾ പ്രാർഥിച്ചിട്ടുണ്ടെന്നും വി. അഗസ്റ്റിൻ തന്റെ ആടുകളെ അതിരറ്റ് സ്നേഹിച്ചിട്ടുണ്ടെന്നും പറഞ്ഞു.
കാലങ്ങൾക്കപ്പുറം സ്ഥലങ്ങളുടെ പേരുകൾ മാറിയേക്കാമെങ്കിലും വിശുദ്ധർ എന്നും നമ്മുടെ രക്ഷാധികാരികളായി തുടരുമെന്ന് പാപ്പ നിരീക്ഷിച്ചു. സാഹോദര്യപരമായ സ്നേഹത്തിലൂടെ ലോകത്തിന് പ്രത്യാശയുടെ അടയാളങ്ങളാകാനും ‘ഉയരത്തിൽ നിന്ന് ജനിച്ചവരുടെ’ സ്വാതന്ത്ര്യത്തോടെ ജീവിക്കാനും പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
വീണ്ടും ജനിക്കണം എന്ന ക്രിസ്തുവിന്റെ വചനം അസാധ്യമെന്നു തോന്നാമെങ്കിലും, അത് കഠിനമായ ഒരു അടിച്ചേൽപിക്കലല്ലെന്ന് പാപ്പ വിശദീകരിച്ചു.
അത് സ്വാതന്ത്ര്യത്തിന്റെ ഒരു സമ്മാനമാണ്. പരാജയപ്പെട്ടവരെന്ന നിലയിലല്ല, മറിച്ച് ദൈവകൃപയാൽ പുതുതായി ജനിക്കാൻ കഴിയുന്നവരായാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്.
ഈ വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ, കർത്താവിന്റെ കൃപയാൽ മരുഭൂമി പോലും പൂവിടുമെന്നും ലെയോ പാപ്പ തന്റെ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു.