സാംസ്‌കാരികലോകത്ത് സഭയുടെ സാന്നിദ്ധ്യം ഉറപ്പാക്കാന്‍ 'ചിവില്‍ത്താ കത്തോലിക്ക' നല്‍കുന്ന സേവനത്തിന് നന്ദി പറഞ്ഞ് ലിയോ പതിനാലാമന്‍ പാപ്പാ

വത്തിക്കാന്‍സിറ്റി:വിശ്വസ്തവും ഉദാരവുമായ ഒരു സേവനമാണ് കഴിഞ്ഞ നിരവധി വര്‍ഷങ്ങളില്‍ 'ചിവില്‍ത്താ കത്തോലിക്ക' സഭയ്ക്കും വിശ്വാസത്തിനുമായി ചെയ്യുന്നതെന്ന് ലിയോ പതിനാലാമന്‍ പാപ്പാ.
പരിശുദ്ധ പിതാക്കന്മാരുടെ ഉദ്‌ബോധനങ്ങളോടും സഭയുടെ നിയോഗത്തോടും ഐക്യരൂപപ്പെട്ടുകൊണ്ട്, സഭയെ സാംസ്‌കാരികലോകത്ത് ക്രിയാത്മകമായി അവതരിപ്പിക്കാന്‍, ഈശോസഭയുടെ മേല്‍നോട്ടത്തില്‍ 1850-ല്‍ സ്ഥാപിക്കപ്പെട്ട 'ചിവില്‍ത്താ കത്തോലിക്ക' പ്രസ്ഥാനത്തില്‍നിന്ന് ഇറ്റാലിയന്‍ ഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ചിവില്‍ത്താ കത്തോലിക്ക എന്ന പേരില്‍ത്തന്നെയുള്ള മാസികയ്ക്ക് കഴിയുന്നുണ്ടെന്ന്, പ്രസ്ഥാനത്തിന്റെ നൂറ്റിയെഴുപത്തിയഞ്ചാം സ്ഥാപനവര്‍ഷികത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിന്റെ ഭാഗമായി ഒരുമിച്ചുകൂടിയ മാസികയുടെ എഴുത്തുകാര്‍ക്കും മറ്റ് പ്രവര്‍ത്തകര്‍ക്കും സെപ്റ്റംബര്‍ 25 വ്യാഴാഴ്ച്ച വത്തിക്കാനില്‍ അനുവദിച്ച കൂടിക്കാഴ്ചയില്‍ സംസാരിക്കവെ പാപ്പാ പറഞ്ഞു.
ചടങ്ങില്‍ ഈശോസഭയുടെ സുപ്പീരിയര്‍ ജനറല്‍ ആര്‍ത്തൂറോ സോസയും പങ്കെടുത്തിരുന്നു.
ലോകത്തേക്ക് തുറന്ന ഒരു ജനാലയ്ക്ക് സമാനമാണ് ചിവില്‍ത്താ കത്തോലിക്ക എന്ന ഒരു അഭിപ്രായം ഈ മാസികയെക്കുറിച്ച് ഉയര്‍ന്നിട്ടുണ്ടെന്നും, ഇത് ലോകത്ത് നിലനില്‍ക്കുന്ന വെല്ലുവിളികളെയും വൈരുദ്ധ്യങ്ങളെയും സധൈര്യം നേരിടാനുള്ള ഈ മാസികയുടെ കഴിവുകൊണ്ടാണെന്നും പാപ്പാ പ്രസ്താവിച്ചു.
സ്തുത്യര്‍ഹമായ ഒരു സേവനമാണ് ചിവില്‍ത്താ കത്തോലിക്ക സഭയ്ക്കും വിശ്വാസത്തിനും വേണ്ടി ചെയ്യുന്നതെന്ന് അഭിപ്രായപ്പെട്ട പാപ്പാ, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രെട്ടറിയേറ്റിന്റെ കൂടി നിയന്ത്രണത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിലെ ഏവരുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പറഞ്ഞു.
നിങ്ങള്‍ എഴുതുന്ന ലേഖനങ്ങളിലൂടെ ലോകത്ത് ബുദ്ധിപരമായും സജീവമായും പ്രവര്‍ത്തിക്കാനും ആവശ്യമുള്ളയിടങ്ങളില്‍ ഇടപെടാനും ആളുകളെ പഠിപ്പിക്കാനും, ഓരോ ക്രൈസ്തവന്റെയും അടിസ്ഥാനനിയോഗങ്ങളില്‍ ഒന്നായ, പാവപ്പെട്ടവരുടെയും സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവരുടെയും പിന്തള്ളപ്പെട്ടവരുടെയും ശബ്ദമാകാനും, നിസ്സംഗത നിലനില്‍ക്കുന്ന ഇന്നത്തെ ലോകത്ത് പ്രത്യാശയുടെ വാഹകരാകാനും നിങ്ങള്‍ക്ക് സാധിക്കുന്നുണ്ടെന്ന് പാപ്പാ ചിവില്‍ത്താ കത്തോലിക്കയുടെ പ്രവര്‍ത്തകരോട് പറഞ്ഞു.
ക്രിസ്തുവിന് ലോകത്തെക്കുറിച്ചുണ്ടായിരുന്ന വീക്ഷണം സ്വന്തമാക്കുകയും, അത് പകരുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുമ്പോഴാണ് ഒരു മാസിക കത്തോലിക്കാ മാസിക എന്ന പേരിനര്‍ഹമാകുന്നതെന്ന് ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ലിയോ പതിനാലാമന്‍ പാപ്പാ ഓര്‍മ്മിപ്പിച്ചു.
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രെട്ടറിയേറ്റിന്റെ പരിശോധനയ്ക്ക് ശേഷമാണ് ചിവില്‍ത്താ കത്തോലിക്കയിലെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്.