ചൈനയിലെ ഭൂഗര്‍ഭ കത്തോലിക്ക സഭയുടെ മേല്‍ കനത്ത സമ്മര്‍ദ്ധവുമായി കമ്മ്യൂണിസ്റ്റ് ഭരണകൂടം
ബെയ്ജിംഗ്: വത്തിക്കാന്‍ അംഗീകരിക്കുന്ന ഭൂഗര്‍ഭ കത്തോലിക്ക സഭയിലെ വിശ്വാസികള്‍ക്കു നേരെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സിസിപി) സമ്മര്‍ദ്ധം ചെലുത്തുകയാണെന്നു റിപ്പോര്‍ട്ട്.
2018-ലെ വത്തിക്കാന്‍ - ചൈന കരാറിന് ശേഷവും രാജ്യത്തെ ഭൂഗര്‍ഭ ദേവാലയങ്ങള്‍, വൈദികര്‍, വിശ്വാസികള്‍ എന്നിവർക്കു നേരെ പീഡനവും ഭീഷണിയും സമ്മർദ്ധവും തുടരുകയാണെന്ന് പ്രാദേശിക ഉറവിടങ്ങളെ ഉദ്ധരിച്ച് ഇഡബ്ല്യുടിഎന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വത്തിക്കാന്‍ - ചൈന കരാര്‍ ഒരു പതിറ്റാണ്ടിലേക്ക് പ്രവേശിക്കുമ്പോൾ, ചൈനയിലെ കത്തോലിക്ക വിശ്വാസികള്‍ മതസ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന നടപടികളാണ് നേരിടുന്നതെന്ന് മനുഷ്യാവകാശ സംഘടനയായ 'ഹ്യൂമൻ റൈറ്റ്സ് വാച്ചി'ലെ ഗവേഷകനായ യാൽകുൻ ഉലുയോൾ ഏപ്രിൽ 15നു പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ലെയോ പതിനാലാമൻ മാർപാപ്പ കരാർ അടിയന്തിരമായി പുനഃപരിശോധിക്കേണ്ടതുണ്ടെന്നും പീഡനവും ഭീഷണിയും അവസാനിപ്പിക്കാൻ ബെയ്ജിംഗിൽ സമ്മർദ്ദം ചെലുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1957 ൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും (സിസിപി) റിലീജിയസ് അഫയേഴ്സ് ബ്യൂറോയുടെയും ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ചൈനീസ് കത്തോലിക്കർ കൂടിക്കാഴ്ച നടത്തിയതിന് ശേഷം രൂപം നല്‍കിയ സംഘടനയാണ് ചൈനീസ് കാത്തലിക് പാട്രിയോട്ടിക് അസോസിയേഷൻ (സിസിപിഎ). ഏഴു ദശാബ്ദങ്ങളായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ചൈനീസ് സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്.
സർക്കാർ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കാത്തലിക് പാട്രിയോട്ടിക് അസോസിയേഷൻ (സിസിപിഎ) എന്ന സംഘടനയാണു ചൈനയിൽ ബിഷപ്പുമാരെ നിയമിച്ചുവന്നിരുന്നത്. ഇതില്‍ ധാരണ കൊണ്ടുവന്നു മെത്രാന്മാരുടെ നിയമനം നടത്തുവാനാണ് കരാറിലൂടെ ലക്ഷ്യമിട്ടിരിന്നത്.
2018 സെപ്റ്റംബർ 22ന് ബെയ്‌ജിങ്ങിൽവെച്ചാണ് മെത്രാന്മാരുടെ നിയമനം സംയുക്തമായി അംഗീകരിക്കുന്ന രണ്ടു വർഷത്തേക്ക് നീളുന്ന ആദ്യ താത്കാലിക കരാർ ഇരുകൂട്ടരും ഒപ്പിട്ടത്. 2020ലും 2022 ഒക്ടോബറിലും രണ്ട് വർഷത്തേക്ക് കരാര്‍ പുതുക്കിയിരുന്നു.
കരാര്‍ സമവായമാണെങ്കിലും ചൈനയിലെ ഭൂഗര്‍ഭ സഭയ്ക്ക് മേല്‍ ഭരണകൂടം സമ്മര്‍ദ്ധം ചെലുത്തുകയാണെന്ന റിപ്പോര്‍ട്ട് നേരത്തെയും പുറത്തുവന്നിരിന്നു.