ലെയോ പാപ്പയ്ക്ക് കത്തെഴുതി കാന്‍സര്‍ ബാധിതരായ കുട്ടികള്‍,കുട്ടികള്‍ തങ്ങളുടെ രോഗാവസ്ഥയുടെയും പ്രതീക്ഷയുടെയും അനുഭവങ്ങള്‍ പാപ്പയുമായി പങ്കുവെച്ചു

 
leo papa



ഒക്ടോബര്‍ 13 ന് വിജയകരമായി പൂര്‍ത്തിയായ ശ്വാസകോശ ശസ്ത്രക്രിയയ്ക്ക് ശേഷം ലെയോ പതിനാലാമന്‍ മാര്‍പാപ്പ റോമിലെ ജെമെല്ലി ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്. അതേസമയം, ഇതേ ആശുപത്രിയിലെ ഓങ്കോളജി വാര്‍ഡിലെ കുട്ടികള്‍ പാപ്പയ്ക്ക് കത്തുകളും ചിത്രരചനകളും അയച്ചു നല്‍കിയിരിക്കുകയാണ്. പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഈ സന്ദേശങ്ങളുടെയും ചിത്രരചനകളുടെയും ചിത്രങ്ങള്‍ പുറത്തുവിട്ടു. കൂടാതെ, കുട്ടികള്‍ തങ്ങളുടെ രോഗാവസ്ഥയുടെയും പ്രതീക്ഷയുടെയും അനുഭവങ്ങള്‍ പാപ്പയുമായി പങ്കുവയ്ക്കുകയും ചെയ്തു.

ഏഴു വയസ്സുകാരനായ ആഞ്ചലോ ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലാണ്. താന്‍ ലെച്ചെ പ്രവിശ്യയിലെ തൗരിസാനോയില്‍ നിന്നാണ് വരുന്നതെന്നും, തലച്ചോറിലെ ശസ്ത്രക്രിയയ്ക്ക് ശേഷം മാര്‍പാപ്പയെപ്പോലെ താനും ആശുപത്രിയുടെ പത്താം നിലയിലാണ് കഴിയുന്നതെന്നും അവന്‍ തന്റെ കത്തില്‍ വ്യക്തമാക്കി.

''ഞാനും എന്റെ അമ്മയും എല്ലാ വൈകുന്നേരവും അങ്ങേക്ക് വേണ്ടി പ്രാര്‍ഥിക്കാറുണ്ട്. അങ്ങ് വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.'' കുഞ്ഞ് ആഞ്ചലോ പറയുന്നു. ഇലകൊഴിയാന്‍ തുടങ്ങുന്ന ഒരു മരവും, പുല്‍മേടും, പ്രകാശപൂരിതമായ സൂര്യന് താഴെ ആകാശത്തിലൂടെ പറക്കുന്ന നിരവധി പക്ഷികളും അടങ്ങിയ ഒരു ചിത്രവും അവന്‍ മാര്‍പാപ്പയ്ക്ക് അയച്ചു നല്‍കി.

ഇറ്റാലിയന്‍-ചിലിയന്‍ കുടുംബത്തില്‍ നിന്നുള്ള എലിയനോറ, ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ന്യൂറോ സര്‍ജറി, ഓങ്കോളജി വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. തങ്ങളുടെ മകള്‍ ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവതിയാണെന്ന് അവളുടെ അമ്മ മരിയ ഗ്രാസിയേല സ്പാനിഷ് ഭാഷയിലെഴുതിയ കത്തില്‍ വ്യക്തമാക്കി.

''വിശ്വാസത്തിന് മലകളെപ്പോലും മാറ്റാനാകും,'' അവര്‍ കുറിച്ചു. അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസ്, ഫാത്തിമ മാതാവ്, റാഫേല്‍ മാലാഖ എന്നിവരുടെ മാധ്യസ്ഥതയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ''ദൈവം ഞങ്ങളുടെ പ്രാര്‍ഥനകള്‍ കേട്ടു'' എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദൈവവും പരിശുദ്ധ കന്യകാമറിയവും കാവല്‍ മാലാഖമാരും ചേര്‍ന്ന് പാപ്പയെ സംരക്ഷിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് ആ കത്ത് അവസാനിക്കുന്നു.

18 വയസ്സുള്ള ജോര്‍ജിയ ഇംഗ്ലീഷിലാണ് പരിശുദ്ധ പിതാവിന് കത്തെഴുതിയത്. തന്റെ ലോകം എങ്ങനെ തലകീഴായി മറിഞ്ഞുവെന്നും സ്വന്തം ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നതിനു വേണ്ടി താല്‍കാലികമായി തനിക്ക് തന്റെ സ്വപ്നങ്ങള്‍ മാറ്റിവയ്ക്കേണ്ടി വന്നെന്നും അവള്‍ അതില്‍ വിശദീകരിച്ചു. എങ്കിലും ഈ അനുഭവത്തിലൂടെ, പരിചരിക്കപ്പെടുന്നതിനും സുഖം പ്രാപിക്കാനുള്ള അവസരം ലഭിച്ചതിനും നന്ദിയുള്ളവളായിരിക്കാന്‍ താന്‍ പഠിച്ചുവെന്ന് അവള്‍ കത്തില്‍ സൂചിപ്പിച്ചു.

രോഗം തന്നെ നല്ല രീതിയിലും മോശം രീതിയിലും എങ്ങനെ മാറ്റിയെന്നും, ഒരിക്കല്‍ നിസ്സാരമായി കണ്ട കാര്യങ്ങള്‍ക്ക് ഇപ്പോള്‍ എത്രത്തോളം പുതിയ മൂല്യം കൈവന്നുവെന്നും അവള്‍ പങ്കുവച്ചു. ''എല്ലാ കാര്യങ്ങളിലും എന്തെങ്കിലും നല്ലത് കണ്ടെത്താന്‍ കഴിയുമെന്ന് ആളുകള്‍ പറയുന്നത് സത്യമാണെന്ന് ഞാന്‍ ഇപ്പോള്‍ വിശ്വസിക്കുന്നു,'' അവള്‍ എഴുതി.

''വാര്‍ത്തകളില്‍ അങ്ങയെക്കുറിച്ചും അങ്ങയുടെ അവസ്ഥയെക്കുറിച്ചും കേട്ടപ്പോള്‍ അത് എനിക്ക് ആയിരം മടങ്ങ് വേദനയായി അനുഭവപ്പെട്ടു. കാരണം ഒരര്‍ഥത്തില്‍ നമ്മള്‍ രണ്ടുപേരും ഒരേ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. അത് എന്നെ അങ്ങയോട് കൂടുതല്‍ അടുപ്പമുള്ളവളാക്കി മാറ്റി.'' ജോര്‍ജിയ കത്തിലൂടെ വെളിപ്പെടുത്തി.

അവസാനമായി, രണ്ടുപേര്‍ക്കും രോഗസൗഖ്യം ലഭിക്കുന്നതിനായി ദൈവത്തോട് പ്രാര്‍ഥിക്കുന്നുവെന്ന് പറഞ്ഞ ജോര്‍ജിയ, തനിക്കൊപ്പം പ്രാര്‍ഥിക്കാന്‍ മാര്‍പാപ്പയോട് അഭ്യര്‍ഥിച്ചു.

Tags

Share this story

From Around the Web