65000രൂപ ശമ്പളത്തില്‍ മക്കള്‍ക്ക് യു.എസ്  വിദ്യാഭ്യാസം; സി ജെ പി  സ്ഥാപകന്റെ പിതാവിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യം

 
ABHEEJEET


സൂറത്ത്: കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജീത് ദിപ്‌കെയുടെ പിതാവ് ഭഗവാന്റാവു ദിപ്‌കെയുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം. 

സൂറത്ത് സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ അമിത് തിവാരിയാണ് പരാതിയുമായി രംഗത്തെത്തിയത്.

മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍ (എംഐഡിസി) ജൂനിയര്‍ എന്‍ജിനീയറായ ഭഗവാന്റാവുവിന് ഏകദേശം 60,000-65,000 രൂപയാണ് മാസശമ്പളമെന്നും ഈ ചെറിയ തുക ഉപയോഗിച്ച് എങ്ങനെയാണ് മക്കളുടെ അമേരിക്കയിലെ പഠനത്തിനുള്ള ഭീമമായ ചിലവ് വഹിക്കാന്‍ സാധിച്ചതെന്നുമാണ് തിവാരി ഉന്നയിക്കുന്ന പ്രധാന ചോദ്യം. 

ഇക്കാര്യത്തില്‍ അനധികൃത സ്വത്ത് സമ്പാദനമുണ്ടോ എന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വിശദമായി പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഭഗവാന്റാവുവിന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് പുറമേ, കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നിയമസാധുതയെക്കുറിച്ചും തിവാരി പരാതികള്‍ നല്‍കിയിട്ടുണ്ട്. 

രാജ്യസഭാ എംപി കപില്‍ സിബല്‍ പാര്‍ട്ടിക്ക് വാഗ്ദാനം ചെയ്ത ഒരു കോടി രൂപയുടെ ഫണ്ടിനെക്കുറിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസിന് അദ്ദേഹം പരാതി നല്‍കി. 

ഈ തുകയ്ക്ക് 18 ശതമാനം ജിഎസ്ടി ചുമത്തണമെന്നാണ് തിവാരിയുടെ ആവശ്യം. 


കൂടാതെ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്യാതെ രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കുകയും വന്‍തോതില്‍ സംഭാവനകള്‍ സ്വീകരിക്കുകയും ചെയ്യുന്നത് 1951-ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 29അ വകുപ്പിന്റെ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.


ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, സിബിഐസി, മഹാരാഷ്ട്ര സര്‍ക്കാര്‍ എന്നിവര്‍ക്ക് തിവാരി പരാതികള്‍ സമര്‍പ്പിച്ചു. 

സിജെപി ഒരു രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടിയല്ലെങ്കിലും ഒരു കോടി രൂപയുടെ ഫണ്ട് കൈപ്പറ്റുന്നുണ്ടെന്നും, ഇത്തരം നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നീറ്റ് പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചുള്ള സിജെപിയുടെ പ്രതിഷേധങ്ങളോട് തനിക്ക് ബഹുമാനമുണ്ടെങ്കിലും, സമരത്തിന്റെ മറവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ പരേതയായ മാതാവിനെയും അധിക്ഷേപിക്കുന്ന നിലപാടാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചതെന്ന് തിവാരി കുറ്റപ്പെടുത്തി.

 വിദേശ നേതാക്കളുമായുള്ള പ്രധാനമന്ത്രിയുടെ ബന്ധങ്ങളെക്കുറിച്ച് തെറ്റായ രീതിയില്‍ സംസാരിച്ചതായും അദ്ദേഹം ആരോപിച്ചു.

 പ്രതിഷേധത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്ന് മാറി വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പ്രക്ഷോഭം കടന്നത് അംഗീകരിക്കാനാവില്ലെന്നും, ഇതിനെതിരെ നടപടി വേണമെന്നും അമിത് തിവാരി ആവശ്യപ്പെട്ടു.
 

Tags

Share this story

From Around the Web